Tuesday, 10 March 2015

ഗോവധ നിരോധനം ആര്‍ക്കുവേണ്ടി?

mangalam malayalam online newspaperമഹാരാഷ്‌ട്രയില്‍ ഗോവധനിരോധനനിയമം നടപ്പാക്കിയതിന്റെ ചുവടുപിടിച്ച്‌ രാജ്യത്തൊട്ടാകെ ആ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍. ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ നിരോധനം നടപ്പാക്കാനുള്ള തീരുമാനം ആ പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്‌. അതിന്റെ ഭാഗമായി ഹരിയാനയില്‍ നിയമം നടപ്പില്‍വരുത്തുകയാണ്‌.
ഇനി മറ്റു സംസ്‌ഥാനങ്ങളിലേക്കു കൂടി ഇതു പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമമാണ്‌. ഇതിനായി നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടിക്കൊണ്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കത്തയയ്‌ക്കുകയും ചെയ്‌തു. നിരോധനം നടപ്പിലുള്ള ഗുജറാത്ത്‌ മാതൃകയില്‍ ബില്ല്‌ രൂപീകരിക്കാനാണു പരിപാടി. ഈ ബില്ല്‌ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ അഭിപ്രായത്തിനയച്ചുകൊടുക്കും.
മഹാരാഷ്‌ട്രയില്‍ പുതിയനിയമം നടപ്പായതുമൂലം പശുവിനേയോ കാളയേയോ കൊല്ലുകയോ ഇറച്ചി കൈവശം വയ്‌ക്കുകയോ വില്‍ക്കുകയോ കയറ്റുമതി ചെയ്ുകയയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രുപ പിഴയും ശിക്ഷ വിധിക്കാം. പത്തൊന്‍പതു വര്‍ഷംമുമ്പ്‌ രൂപപ്പെടുത്തി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനു കൊടുത്ത നിയമത്തില്‍ ഇക്കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഒപ്പുവച്ചതോടെയാണ്‌ ഗോവധം വിവാദമായത്‌.
ഇതിനെ അനൂകൂലിക്കുന്നവരുണ്ടാകാം. അതുപോലെ എതിര്‍ക്കുന്നവരും ധാരാളം. വിവിധ ജാതിമത വര്‍ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ഗോവധനിരോധനം വേണ്ടതുതന്നെയോ എന്നതാണു മുഖ്യവിഷയം.
പശു വിശുദ്ധമാണെന്ന വാദമാണ്‌ നിരോധനപക്ഷക്കാര്‍ ഉയര്‍ത്തുന്നത്‌. ഹിന്ദുമതത്തില്‍ത്തന്നെ അനേകം വഴിപിരിച്ചിലുകളില്‍ നന്നേ ചുരുക്കം വരുന്ന ബ്രാഹ്‌മണ സമൂഹമാണ്‌ പശുക്കളെ ദൈവതുല്യവിശുദ്ധിയോടെ കാണുന്നത്‌. മറ്റു സമൂഹങ്ങള്‍ക്ക്‌ പാലും ചാണകവും തരുന്ന മൃഗമെന്നതിലാണ്‌ പശുവിന്റെ വിശുദ്ധി. ക്ഷീരകര്‍ഷകനെ സംബന്ധിച്ച്‌ പതിനായിരവും ലക്ഷങ്ങളും മുടക്കി വളര്‍ത്തുന്ന പശു കറവവറ്റി ഉത്‌പാദനക്ഷമമല്ലാതാകുന്നതോടെ വില്‍ക്കുന്നത്‌ സ്വാഭാവികമാണ്‌. അതാകട്ടെ പശുവില്‍നിന്നു ലഭിക്കുന്ന മറ്റൊരു വരുമാനമാര്‍ഗവും കൂടിയാണ്‌. പാല്‍ തരുന്ന മൃഗങ്ങളെ കറവക്കാലത്ത്‌ കശാപ്പ്‌ ചെയ്യാറില്ലെന്നതും അതിന്റെ പവിത്രയ്‌ക്കുള്ള പൊതു അംഗീകാരമായി വിലയിരുത്താം.
ഇന്ത്യയെ സംബന്ധിച്ച്‌ ബ്രസീലിനു പിന്നാലെ ബീഫ്‌ കയറ്റുമതിയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രണ്ടാംസ്‌ഥാനമാണുള്ളത്‌. ഇതുവഴി കര്‍ഷകനു ലഭിക്കുന്ന വിദേശനാണ്യം വളരെ വലുതാണെന്നും വ്യക്‌തമാകുന്നു. ഇതിലൊക്കെയുപരിയായി ജനങ്ങളുടെ ഭക്ഷണശീലത്തിലേക്കുള്ള കടന്നുകയറ്റമാണ്‌ ഗോവധനിരോധന നിയമം. ഇതു ജനാധിപത്യ സര്‍ക്കാരിനു ചേര്‍ന്ന നയമായി കാണാനും കഴിയില്ല. ഭക്ഷണവും, പാര്‍പ്പിടവും, വസ്‌ത്രവും, വിശ്വാസവുമെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. അതിനുള്ള അവകാശം ഭരണഘടന നല്‍കുന്നുമുണ്ട്‌. ഒരു സുപ്രഭാതം മുതല്‍ ഈ വസ്‌ത്രം മാത്രം ധരിച്ചാല്‍ മതി, ഇറച്ചി കഴിക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങള്‍ വരികയെന്നത്‌ പൗരസ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്നതിനു തുല്യമാകും.
ഗോമാതാവിന്റെ വിശുദ്ധി ചോദ്യം ചെയേ്േണ്ടതില്ലെങ്കിലും വേറിട്ടു ചിന്തിക്കുന്ന മതവിഭാഗങ്ങള്‍ക്ക്‌ അവരവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. സര്‍ക്കാരിനും അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാകുമെന്നു തോന്നുന്നില്ല. മതവും വിശ്വാസവും ആചാരവും തന്നെയാണ്‌ ഇക്കാര്യത്തില്‍ പൊതുമാനദണ്ഡമാക്കേണ്ടത്‌. ഒരു വിഭാഗത്തിന്റെ താല്‍പര്യം മറ്റുള്ളവരിലേക്ക്‌ അടിച്ചേല്‍പ്പിക്കുന്നത്‌ അധാര്‍മികവും ജനാധിപത്യ ധ്വംസനവുമാണ്‌.
കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ ഗോമാംസം നിരോധിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും. നിരവധിപേരുടെ ഉപജീവനമാര്‍ഗം അടഞ്ഞുപോകും. അതിലുപരി കുറഞ്ഞചെലവില്‍ പോഷക സമൃദ്ധമായ ഗോമാംസത്തിന്റെ ലഭ്യതയും ഇല്ലാതാകുന്നത്‌ ജനാരോഗ്യത്തെയും ബാധിക്കും. ഏതു നിലയ്‌ക്കു നോക്കിയാലും പൊതുസമൂഹത്തിനിടയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ പോന്നതുതന്നെയാണ്‌ ഗോവധനിരോധനം.
http://www.mangalam.com/print-edition/editorial/292233

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin