Tuesday, 17 March 2015


ഹരിയാണയില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമണം: 14 പേര്‍ക്കെതിരെ കേസ്‌
Posted on: 17 Mar 2015




ഹിസാര്‍:
ഹരിയാണയിലെ ഹിസാറിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍പള്ളിക്ക് നേരേ ആക്രമണം നടത്തിയ സംഭവത്തില്‍ മുന്‍ ഗ്രാമമുഖ്യനടക്കം 14 പേര്‍ക്കെതിരെ കേസ്.

ആരാധനാലയം നശിപ്പിക്കല്‍, മോഷണം, കലാപത്തിന് പ്രേരിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തലസ്ഥാനമായ ചണ്ഡീഗഢില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെ കൈമ്രി ഗ്രാമത്തില്‍ മാര്‍ച്ച് ആറിനാണ് സംഭവം. പള്ളിക്കുള്ളില്‍ ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച അക്രമികള്‍, ഗോപുരത്തിന് മുകളില്‍ ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത കാവി പതാകയും ഉയര്‍ത്തി.
സംഭവത്തില്‍ കര്‍ശനനടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് വൈദികന്‍ സുഭാഷ് ചന്ദ് ആരോപിച്ചു. കഴിഞ്ഞമാസം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, വീട് നിര്‍മാണമെന്ന പേരില്‍ അനധികൃതമായിട്ടാണ് പള്ളി നിര്‍മിച്ചതെന്ന് ഒരുവിഭാഗം ഗ്രാമവാസികള്‍ പറഞ്ഞു. ഗ്രാമത്തില്‍ മറ്റ് ക്രിസ്തീയ കുടുംബങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ പള്ളി നിര്‍മിക്കാനുള്ള നീക്കത്തിന് പിന്നില്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്നും അവര്‍ കുറ്റപ്പെടുത്തി.

 http://www.mathrubhumi.com/online/malayalam/news/story/3479414/2015-03-17/india

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin