മാണി-ജോര്‍ജ് പോര് കൈയാങ്കളിയിലേക്ക്
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ആസ്‌ഥാനത്ത്, വിദ്യാര്‍ഥിവിഭാഗമായ കെ.എസ്.സിയുടെ ജില്ലാനേതൃയോഗത്തില്‍ കെ.എം. മാണിയുടെയും പി.സി. ജോര്‍ജിന്റെയും അനുയായികള്‍ ഏറ്റുമുട്ടി.
ഓഫീസ് ചുമതലയുള്ള സെക്രട്ടറി സിറിയക് ചാഴികാടന്റെ നേതൃത്വത്തില്‍ യോഗം ചേരാനിരിക്കേ, ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ഒരുവിഭാഗം ഹാളിലെത്തി ജോര്‍ജിന് അനുകൂലമായി പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടു. ഇതു നിരാകരിക്കപ്പെട്ടതോടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പ്രമേയം വായിച്ചതാണു ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചത്. ജോര്‍ജ് അനുകൂലികള്‍ ഓഫീസിന്റെ രണ്ടു ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് ജോര്‍ജ് പക്ഷക്കാരനും കെ.എസ്.സി. ജില്ലാ ജനറല്‍ സെക്രട്ടറിയുമായ റിയാസ് അമീനു പരുക്കേറ്റു. പോലീസ് എത്തിയതോടെ പുറത്തിറങ്ങിയ ജോര്‍ജ് അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രമേയം വായിച്ചു. അക്രമം നടക്കുമ്പോള്‍ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ഓഫീസിനു പുറത്തുണ്ടായിരുന്നതായി മാണി വിഭാഗം ആരോപിച്ചു.
സംഭവത്തിനു പിന്നാലെ യൂത്ത്‌ഫ്രണ്ട് (എം) സംസ്‌ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം മാധ്യമപ്രവര്‍ത്തകരെക്കണ്ടു. കെ.എസ്.സി. യോഗം നടന്നിട്ടില്ലെന്നും ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയതെന്നും പ്രിന്‍സ് പറഞ്ഞു. തുടര്‍ന്ന്, ഒരുവിഭാഗം കെ.എസ്.സി. പ്രവര്‍ത്തകര്‍ പ്രകടനമായി നഗരത്തിലെത്തി പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചു. സംഘര്‍ഷം ഒരു മണിക്കൂറിലേറെ തുടര്‍ന്നു. ഈസ്‌റ്റ് സി.ഐ: എ.ജെ. തോമസ്, വെസ്‌റ്റ് എസ്.ഐ: ടി.ആര്‍. ജിജു എന്നിവര്‍ സ്‌ഥലത്തെത്തി. കെ.എസ്.സി. നേതാക്കളുടെ പരാതിയില്‍ വെസ്‌റ്റ് പോലീസ് കേസെടുത്തു.
http://www.mangalam.com/print-edition/keralam/299546
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin