പള്ളികളിലെ ചാവേറാക്രമണം: പാകിസ്താനില്‍ ക്രിസ്തുമതക്കാരുടെ പ്രതിഷേധം വീണ്ടും അക്രമാസക്തമായി
Posted on: 17 Mar 2015
ലാഹോര്‍: താലിബാന്‍ ഭീകരര്‍ ലാഹോറിലെ ക്രിസ്തീയ പള്ളികളില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയlതിനെതിരെ സമുദായാംഗങ്ങള്‍ നടത്തിയ പ്രതിഷേധം വീണ്ടും അക്രമാസക്തമായി. പോലീസുമായി ഏറ്റുമുട്ടിയ 5000-ത്തോളം വരുന്ന പ്രതിഷേധക്കാര്‍ വാഹനങ്ങളും വസ്തുവകകളും നശിപ്പിച്ചു. ഇതിനിടെ സമരക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യം മുഴക്കി നഗരത്തില്‍ പ്രകടനം നടത്തിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. 'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ', 'ഞങ്ങളെ എന്തിനാണ് കൊല്ലുന്നത്' എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ചിലര്‍ പ്രതിഷേധറാലിക്കെത്തിയത്. രാജ്യത്തെമ്പാടുമുള്ള പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു.
അതിനിടെ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചതിനെത്തുടര്‍ന്നാണിത്. നഗരത്തിലെ യൂഹാനാബാദ് പ്രാന്തപ്രദേശത്ത് നടന്ന ചാവേര്‍ ആക്രമണത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ഞായറാഴ്ച ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ തല്ലിക്കൊല്ലുകയും കാറുകള്‍ തകര്‍ക്കുകയും ബസ് സ്റ്റേഷനില്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മരക്കുരിശും വടികളുമായി വീണ്ടും ജനങ്ങള്‍ സംഘടിച്ചതോടെ പ്രദേശത്ത് 1000-ത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. തങ്ങള്‍ക്ക് നീതിയും സുരക്ഷയും ലഭിക്കണമെന്ന് പ്രതിഷേധക്കാരിലെ അമ്പതുകാരനായ മഖ്ബൂല്‍ ഭാട്ടി പറഞ്ഞു. ക്രിസ്തീയദേവാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്ന് 30-കാരനായ ആഷര്‍ കന്‍വാല്‍ പറഞ്ഞു. പാകിസ്താനില്‍ ശക്തമായ പ്രതിഷേധവുമായി ന്യൂനപക്ഷസമുദായം രംഗത്തിറങ്ങുന്നത് ഇത് ആദ്യമാണ്. യൂഹാനാബാദിലേക്കുള്ള റോഡില്‍ പ്രതിഷേധക്കാര്‍ കയറും മറ്റും വലിച്ചുകെട്ടി പരിശോധനാകേന്ദ്രങ്ങള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഭീകരര്‍ ക്രിസ്തുമതക്കാരെ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി പാകിസ്താനില്‍ വര്‍ധിച്ചിരിക്കുകയാണ്. 2013-ല്‍ 82 പേര്‍ കൊല്ലപ്പെട്ട പെഷവാര്‍ ആക്രമണത്തിനുശേഷം സമുദായത്തിന് നേരേ നടന്ന ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഞായറാഴ്ചത്തേത്.
http://www.mathrubhumi.com/online/malayalam/news/story/3479963/2015-03-17/world
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin