Thursday, 19 March 2015

വ്യാജസിദ്ധന്‍ അറസ്‌റ്റില്‍

mangalam malayalam online newspaperമാന്നാര്‍: മന്ത്രവാദത്തിന്റെ പേരില്‍ സ്‌ത്രീകളെ വശീകരിച്ചും ലൈംഗികമായി ഉപയോഗിച്ചും പണവും ഗൃഹോപകരണങ്ങളും കൈക്കലാക്കുന്ന വ്യാജസിദ്ധനെ മാന്നാര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ വീട്ടില്‍ തുളസി എന്ന ജ്‌ഞാനദാസി (ഹരിപ്പാട്‌ ആദിത്യന്‍-39) നെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.
കാരാഴ്‌മ കിഴക്കുംമുറി ആമ്പുവിളയില്‍ തെക്കേതില്‍ കരസേന ഉദ്യോഗസ്‌ഥനായ വിനോദ്‌ കുമാറിന്റെ പരാതിയിലാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌.
വിനോദിന്റെ പുതുതായി നിര്‍മിക്കുന്ന ഹരിപ്പാട്ടെ വീടിന്‌ ദോഷങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ പൂജ നടത്തുന്നതിനായി മുക്കാല്‍ ലക്ഷം രൂപയും ദക്ഷിണയായി അയ്യായിരം രൂപയും വാങ്ങി. കണ്ണൂര്‍ പറശിനിക്കടവ്‌ ക്ഷേത്രത്തില്‍ രണ്ടു നായ്‌ക്കളെ നടയ്‌ക്കിരുത്തണമെന്ന്‌ ചൂണ്ടികാട്ടി 20000 രൂപയും കൈക്കലാക്കിയ ഇയാള്‍ എല്‍.സി.ഡി ടെലിവിഷന്‍, ലാപ്‌ടോപ്പ്‌, ഗിത്താര്‍, പഴയകാലത്തെ ചീനഭരണി എന്നിവ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച്‌ പൂജ നടത്തിയ ശേഷം തിരികെ എത്തിക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ കൈക്കലാക്കി.
ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന ചെന്നിത്തല സ്വദേശിനിയാണ്‌ മറ്റുള്ളവരെ സ്വാധീനിച്ച്‌ പ്രലോഭനങ്ങളിലൂടെ ഇയാളെ പരിചയപ്പെടുത്തി തട്ടിപ്പിന്‌ കളമൊരുക്കുന്നത്‌. ഗള്‍ഫില്‍ ജോലിയുള്ളവരുടെ വീടുകളാണ്‌ ഇതിനായി കൂടുതലും തെരഞ്ഞെടുക്കുന്നത്‌. മാനഹാനി ഭയന്ന്‌ പലരും പരാതി നല്‍കാതിരിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഒരുമാസമായുള്ള നിരീക്ഷണത്തിനൊടിവിലാണ്‌ ഇന്നലെ വൈകിട്ട്‌ പരുമല ജംഗ്‌ഷനില്‍ നിന്നും എസ്‌.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇയാളെ വലയില്‍ വീഴ്‌ത്തിയത്‌.
കഴിഞ്ഞ വര്‍ഷം കോന്നി ആവോലിക്കുഴി പുത്തന്‍വീട്ടില്‍ മിനിയെ കബളിപ്പിച്ച്‌ മകന്‍ നാലു മാസത്തിനുള്ളില്‍ മരിക്കുമെന്ന്‌ പറഞ്ഞ്‌ ദോഷം മാറ്റാനായി നാലു പവനും 40,000 രൂപയും കൈക്കലാക്കി. പൂജ നടത്തിയ ശേഷം 10,900 രൂപ കൂടി ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി. അടിപിടി, മോഷണം, അബ്‌കാരി തട്ടിപ്പ്‌ തുടങ്ങിയ കേസുകളില്‍ വിവിധ സ്‌റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്‌. ഹരിപ്പാട്‌ മേഖലയിലെ വീടുകളില്‍ ദോഷം തീര്‍ക്കാനെന്ന വ്യാജേന ഗള്‍ഫുകാരന്റെ ഭാര്യയേയും മകളെയും നഗ്ന പൂജക്ക്‌ ശേഷം ലൈംഗികമായി ഉപദ്രവിച്ച്‌ പണവും ആഭരണങ്ങളും കവര്‍ന്നു.
ആയുര്‍വേദ ചികിത്സകനായി ചമഞ്ഞും തട്ടിപ്പുകള്‍ നടത്താറുണ്ട്‌. ഇയാള്‍ കൈവശപ്പെടുത്തിയ സാധനങ്ങള്‍ പോലീസ്‌ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാളുടെ സഹായിയായ സ്‌ത്രീയെയും പ്രതി ചേര്‍ക്കുമെന്നും പോലീസ്‌ പറഞ്ഞു. അഡീഷണല്‍ എസ്‌.ഐമാരായ എം.സുബൈര്‍ റാവുത്തര്‍, ബി.മോഹനകൃഷ്‌ണന്‍, സീനിയര്‍ സി.പി.ഒ കെ.ബാബുകുട്ടന്‍, സി.പി.ഒമാരായ പ്രതാപചന്ദ്രമേനോന്‍, ശരത്‌, വി.പ്രമോദ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തിയത്‌.
 http://www.mangalam.com/print-edition/keralam/295571

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin