മാണി നരകത്തില്‍ പോകുമെന്നു വി.എസ്: അന്തിക്രിസ്‌തുവാണ് വി.എസെന്നു മാണി
ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചപ്പോഴാണ് വി.എസ്. എഴുതിത്തയാറാക്കിയ പ്രസംഗവുമായി എണീറ്റത്. കോഴ വാങ്ങിയതും കീശ വീര്‍പ്പിച്ചതും മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണെന്നു വി.എസ്. പറഞ്ഞു.
മാണി അമ്പതു വര്‍ഷമായി ഇതാണു ചെയ്യുന്നത്. ഇപ്പോള്‍ കള്ളി വെളിച്ചത്തായി. മാണി കോഴ വാങ്ങിയെന്ന് ബാര്‍ ഉടമ ബിജു രമേശാണ് ആദ്യം പറഞ്ഞതെങ്കിലും അതിനു മുമ്പേ അക്കാര്യം അറിയാമായിരുന്ന ചിലര്‍ ഇവിടെയുണ്ട്. വിജിലന്‍സ് പോലീസ് സൂപ്രണ്ട് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഇതു വ്യക്‌തമാക്കുന്നുണ്ട്. ബിജു രമേശിനെതിരേ ഒരു മാനനഷ്‌ടക്കേസ് നല്‍കാന്‍പോലും മാണി തുനിഞ്ഞിട്ടില്ല. ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്‌ടപ്പെടുത്തിയാല്‍ പിന്നെ എന്തു പ്രയോജനമെന്നാണു മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നത്. മാണിയും ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രന്ഥം വായിച്ചിട്ടുള്ളവരല്ലേ. എന്നിട്ടാണ് കള്ളത്തരങ്ങള്‍ കാണിക്കുന്നത്. ബൈബിളിലെ മറ്റൊരു തിരുവചനം കൂടിയുണ്ട്. "കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നീ വീണുപോകും" എന്നതാണത്. മാണി എല്ലാ കള്ളത്തരങ്ങളും കാണിച്ചിട്ട് കടിച്ചുതൂങ്ങി ഇരുന്നാലും ബൈബിള്‍ വചനം സത്യമായി അനുഭവപ്പെടുന്ന കാലം വരും. മാണി നരകത്തില്‍ വീണുപോകുന്നത് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹം മന്ത്രിസ്‌ഥാനം രാജിവച്ച്, ചെയ്‌തുപോയ അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് ഈ മഹാപാപത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കണം. ഉമ്മന്‍ചാണ്ടിയും ഇതൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്.
മാണിക്കു ചുറ്റും ചില ബ്രൂട്ടസുമാര്‍ ഉണ്ടെന്ന് ഓര്‍ക്കുന്നതും നല്ലതാണ്. അവരുടെ പേരുപറഞ്ഞ് അത്തരക്കാരെ മഹത്വവത്‌കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മാണിയുടെ പതനം ഉറപ്പാകുമ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ യു.ഡി.എഫിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ് കുത്തിമലര്‍ത്തിയതെന്നു പറയുന്ന അവസ്‌ഥയും ഉണ്ടാകും. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതിന്റെ പേരില്‍ ജയിംസ് മാത്യൂ എം.എല്‍.എയെ അറസ്‌റ്റ് ചെയ്‌തു. എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടെങ്കിലും മാണി ഇവിടെ ഇരിക്കുന്നു. അദ്ദേഹത്തെയും അറസ്‌റ്റ് ചെയ്‌ത് ജയിലിലാക്കണമെന്നും വി.എസ്. പറഞ്ഞു.
തുടര്‍ന്ന് സി. ദിവാകരന്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പ് കെ.എം. മാണി എണീറ്റു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അന്തിക്രിസ്‌തുവാണെന്നായിരുന്നു മാണിയുടെ മറുപടി. ചെകുത്താന്‍ വേദമോതുന്നതു പോലെയാണ് വി.എസിന്റെ വാക്കുകള്‍. ഒരാഴ്‌ചയ്‌ക്കകം ബിജു രമേശിനെതിരേ മാനനഷ്‌ടക്കേസ് കൊടുക്കുമെന്നും മാണി പറഞ്ഞു. നിയമസഭയില്‍ മാണിയോടു നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം.
http://www.mangalam.com/print-edition/keralam/292484
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin