Tuesday 31 May 2016

ചൈനീസ് ജനത 'ക്രിസ്ത്യാനികളുടെ സഹായമായ മറിയ'ത്തിന്റെ തിരുനാള്‍ ആഘോഷിച്ചു; പതിനൊന്നു നവവൈദികരും അഭിഷിക്തരായി

സ്വന്തം ലേഖകന്‍ 26-05-2016 - Thursday


ബെയ്ജിംഗ്: പതിനായിരങ്ങള്‍ പങ്കെടുത്ത വിപുലമായ ചടങ്ങില്‍ ചൈനയിലെ 'ഔര്‍ ലേഡി ഓഫ് സേഷന്‍സ്' പള്ളിയില്‍ 'ക്രിസ്ത്യാനികളുടെ സഹായമായ മറിയ'ത്തിന്റെ തിരുനാള്‍ ആഘോഷിച്ചു. ഷാന്‍ഹായി രൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തിലേക്ക് 20,000-ല്‍ അധികം ആളുകള്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയതായിട്ടാണ് ഔദ്യോഗികമായ വിവരം. ഇതേ ദിവസം തന്നെ പുതിയതായി പതിനൊന്നു പുരോഹിതരും ചൈനയില്‍ അഭിഷിക്തരായി. കുന്‍മിംഗ് രൂപതയുടെ ചുമതലയുള്ള ബിഷപ്പ് മാ യിന്‍ഗ്ലിനാണ് ഒന്‍പതു വൈദികരേയും വാഴിച്ചത്.

മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ എത്തുന്നവരെ കര്‍ശനമായി ചൈനീസ് സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നു. ഷാന്‍ഹായി രൂപതയുടെ കീഴിലുള്ളവര്‍ക്കു മാത്രമേ തിരുനാളില്‍ പങ്കെടുക്കുവാനുള്ള അനുവാദം ലഭിച്ചിരുന്നുള്ളു. 2007-ല്‍ മാര്‍പാപ്പയായിരുന്ന ബനഡിക്ടറ്റ് പതിനാറാമനാണ് ചൈനയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മേയ്-24 മാറ്റി വയ്ക്കണമെന്നു പ്രഖ്യാപിച്ചത്. ഇതേ ദിവസം തന്നെ ഷാന്‍ഹായിലെ മാതാവിന്റെ തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലെ തിരുനാളും ആഘോഷിച്ചു പോരുവാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 24-നു മുമ്പും പിന്‍പുമുള്ള ദിവസങ്ങളില്‍ പതിനായിരങ്ങളാണു ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. 24-നു മറ്റുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ പോലീസ് അനുവദിച്ചിരുന്നില്ല.

ടിബറ്റന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണു വൈദികരായവരില്‍ കൂടുതല്‍ പേരും. ഇവര്‍ ദളിത് വിഭാഗത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുവിന്റെ സ്‌നേഹത്തെ കുറിച്ച് മനസിലാക്കിയവരാണ്. ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി ചര്‍ച്ചകള്‍ ഈ വര്‍ഷം നടന്നിരുന്നു. വത്തിക്കാനില്‍ നിന്നും മാര്‍പാപ്പ നിയോഗിക്കുന്ന ബിഷപ്പിന് ഉടന്‍ തന്നെ ചൈനയുടെ ചുമതലകള്‍ വഹിക്കുവാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. വൈദികരുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ 30-ല്‍ അധികം മറ്റു വൈദികര്‍ പങ്കെടുത്തിരുന്നു. ചൈനയില്‍ മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ സ്വാതന്ത്ര്യം ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുണ്ട്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin