Thursday 11 September 2014

ബിഷപ്പിന് വേണ്ടി ഉപ്പുതോട് സ്കൂളിനെ തള്ളി: മരിയാപുരത്തിന് കിട്ടിയത് ത്രിശങ്കുവിലായി
Posted on: Friday, 22 August 2014


കട്ടപ്പന: ഹയർ സെക്കൻഡറി ഡയറക്ടർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മറികടന്ന് ഇടുക്കിയിലും പ്ലസ് ടു അനുവദിച്ചത് പുറത്തായി. ഇടുക്കി ബിഷപ്പിന്റെ പ്രീതിയ്ക്കായാണ് മുൻ എം.പി പി.ടി തോമസിന്റെ ജന്മനാട്ടിലെ സ്കൂളിനെ  മന്ത്രിസഭാ ഉപസമിതി അവഗണിച്ചത്.
ഇടുക്കി രൂപതാ ബിഷപ്പിന്റെ ശുപാർശ സ്വീകരിക്കാനാണ് ഹയർ സെക്കന്ററി ഡയറക്ടറുടെ ശുപാർശ അവഗണിക്കപ്പെട്ടതെന്നാണ് ആരോപണം. ഇടുക്കി രൂപതയിലെ മരിയാപുരം എസ്.എം.എച്ച്.എസിന് പ്ലസ് ടു അനുവദിച്ചപ്പോൾ തഴയപ്പെട്ടത് അതേ രൂപതയിലെ തന്നെ ഉപ്പുതോട് എസ്. ജെ.എച്ച്.എസിനെയാണ്. മരിയാപുരം പഞ്ചായത്തിൽ മറ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഇത്തവണ ഉപ്പുതോട് സെന്റ് ജോസഫ് സ്കൂൾ അപേക്ഷ സമർപ്പിച്ചത്. ഉപ്പുതോട് സെന്റ് ജോസഫ്  സ്കൂളിന് 10 കിലേമീറ്റർ ചുറ്റളവിൽ നിലവിൽ  മറ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഇല്ലാത്തതിനാൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഓരോ ബാച്ചുകൾ അനുവദിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് ഉപ്പുതോട് സ്കൂളിന് അനുകൂലമായിട്ടും മന്ത്രിസഭാ ഉപസമിതി അംഗമായ പി.ജെ.ജോസഫും റോഷി അഗസ്റ്റിൻ എം.എൽ.എയും മരിയാപുരത്തിനായി രംഗത്തിറങ്ങി. ഇടുക്കി ബിഷപ്പിന്റെ ആവശ്യം സാധിക്കാനായിരുന്നു ഇതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
സ്കൂളിന് പ്ളസ് ടു ലഭിക്കാൻ നിലകൊണ്ട ഉപ്പുതോട് സ്വദേശി കൂടിയായ മുൻ എം.പി പി.ടി തോമസിനോട് സഭാ അധികാരികൾക്കുള്ള അന്ധമായ വിരോധമാണ് ഇതിന് പിന്നിലെന്ന് സ്കൂൾ പി.ടി.എ സമിതി ആരോപിക്കുന്നു. പ്ലസ് ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  ഉപ്പുതോട് ഇടവകയിൽ നിന്ന് അപേക്ഷയുമായി ബിഷപ്പിനെ സന്ദർശിച്ചവരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞതായി പി.ടി.എ ഭാരവാഹികൾ കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ സഭയുടെ രാഷ്ട്രീയ നിലപാട് യു.ഡി.എഫ് വിരുദ്ധമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സഭയെ  അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് പോലും തള്ളി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് രാഷ്ട്രീയകരുനീക്കം നടന്നത്.  ബിഷപ്പിന്റെ ശുപാർശയിലൂടെ പ്ലസ് ടു ലഭിച്ച മരിയാപുരം സ്കൂളിന്റെ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം കോടതി തടഞ്ഞു.

 http://news.keralakaumudi.com/news.php?nid=236054dc8f0753c38e36f4a4c5c8a83f

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin