Saturday 13 September 2014

മദ്യനിരോധനമോ മദ്യവര്‍ജനമോ ?

പ്രഫ. സി. മാമച്ചന്‍

mangalam malayalam online newspaper
നിലവാരമില്ലെന്ന്‌ സി.എ.ജി. കണ്ടെത്തിയ 418 ബാറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ അടഞ്ഞുകിടക്കുന്നു. ശേഷിക്കുന്ന, ഫൈവ്‌ സ്‌റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ സെപ്‌റ്റംബര്‍ 12-ാം തീയതിക്കു മുമ്പ്‌ അടച്ചുപൂട്ടാന്‍ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ ഒറ്റയ്‌ക്കും കൂട്ടായും ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ട്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അതിനു സര്‍ക്കാരിന്‌ അവകാശമുണ്ടെന്നുമുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഏപ്രില്‍ മുതല്‍ സജീവ ചര്‍ച്ചയ്‌ക്കു വിഷയമായി മാറിയ കേരളത്തിന്റെ മദ്യനയം അപ്രതീക്ഷിത വൈതരണികള്‍ കടന്ന്‌ പുറത്തു വന്നിരിക്കുന്നു.
ഈ സാഹചര്യത്തില്‍ മദ്യവര്‍ജനമാണ്‌, മദ്യനിരോധനമല്ല ലഹരിയെ നേരിടാനുള്ള ശരിയായ മാര്‍ഗം എന്ന വാദത്തിന്റെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്‌. തികച്ചും യുക്‌തിസഹമെന്നു തോന്നിപ്പിക്കുന്ന ഈ നിലപാടിന്റെ പൊള്ളത്തരം കാണാതെ പോകരുത്‌. മദ്യവര്‍ജനമാണു ശരിയെങ്കില്‍ മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരുന്നതെന്തിനാണ്‌? സമൃദ്ധിയുടെ മധ്യത്തില്‍ എനിക്കിതാവശ്യമില്ല എന്ന്‌ സ്വയം തീരുമാനിക്കുന്നതാണ്‌ വര്‍ജനം. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമെന്ന്‌ പ്രകടന പത്രികയില്‍ എഴുതി വയ്‌ക്കുകയും വര്‍ജനമാണു നയമെന്നു വിളിച്ചു കൂകുകയും ചെയ്യുന്നതിലെ വൈരുധ്യം പ്രകടമല്ലേ? വര്‍ജനമാണു നയമെങ്കില്‍ മുക്കിനു മുക്കിന്‌ മദ്യശാലകള്‍ തുറക്കുന്നതിലെന്താണ്‌ അപകടം? ലഭ്യത വര്‍ധിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ബോധ്യമുള്ളവര്‍ മദ്യം വര്‍ജിച്ചാല്‍ മതിയല്ലോ. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുമെന്ന്‌ ഇരു മുന്നണികളും പ്രകടനപത്രികയില്‍ എഴുതിവച്ച്‌, ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ്‌ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചത്‌. ഇക്കാലമത്രയും മദ്യവര്‍ജനമായിരുന്നു നമ്മുടെ നയം.
ഇപ്പോഴും മദ്യനിരോധനം ഒരു നയമായി കേരളം സ്വീകരിച്ചിട്ടില്ല. കള്ളുഷാപ്പുകളും വിദേശമദ്യശാലകളും നിലനിര്‍ത്തിക്കൊണ്ട്‌ മദ്യത്തിന്റെ ലഭ്യതയില്‍ കുറവു വരുത്തുന്നതിനുള്ള ചില ശ്രമങ്ങളാണ്‌ നടന്നുവരുന്നത്‌. അന്തിമമായി മദ്യനിരോധനത്തില്‍ എത്തിച്ചേരണമെന്നതാണു ലക്ഷ്യവും താല്‌പര്യവും. വര്‍ജനത്തിന്റെ വഴിയിലൂടെ ബോധവല്‍ക്കരണവുമായി ഇക്കാലമത്രയും മുന്നോട്ടു പോയ കേരളത്തിന്റെ ഇന്നത്തെ അവസ്‌ഥ എത്ര പരിതാപകരമാണ്‌. ലഹരി ഉപയോഗവും മദ്യാസക്‌തിയും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മണ്ഡലങ്ങളെ താറുമാറാക്കിയതിന്റെ നേരനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവുമോ മദ്യപന്റെ കുറഞ്ഞ പ്രായം 11 വയസായി കുറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം അഴിച്ച്‌ ബാഗിനുള്ളില്‍ തിരുകി സാധാരണ വസ്‌ത്രം ധരിച്ച്‌ ബിവറേജസില്‍ നിന്നും മദ്യം വാങ്ങി, കൂട്ടു ചേര്‍ന്നു കുടിച്ച്‌, പൊതുസ്‌ഥലത്ത്‌ ബോധം കെട്ടു കിടക്കുന്നു. ഏഴു വയസുകാരനും ഒന്‍പതു വയസുകാരനും പിതാവിന്റെ മദ്യശേഖരത്തില്‍ നിന്നും ഊറ്റിക്കുടിച്ച്‌ മരണമടഞ്ഞു. രണ്ടു വയസുള്ള കുഞ്ഞും 85 വയസുള്ള മുത്തശ്ശിയും ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. സഹകുടിയന്റെ കാമകേളികള്‍ക്കായി സ്വന്തം അമ്മയെ ബലം പ്രയോഗിച്ചു കീഴടക്കി കൊടുക്കുന്ന മക്കളുടെ നാടായി മദ്യവര്‍ജന കേരളം മാറിക്കഴിഞ്ഞു.
ബൈക്കപകടത്തില്‍ പെട്ട സുഹൃത്തിന്റെ വിവരം അറിഞ്ഞ്‌ അവനെ രക്ഷിക്കാനായി സുഹൃത്തുക്കള്‍ ആശുപത്രിയില്‍ തിരക്കിട്ട്‌ എത്തിച്ചേര്‍ന്നു. അമിതമായി രക്‌തം വാര്‍ന്നുപോയതിനാല്‍ രക്‌തം കൊടുക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. 20 പേരുടെ രക്‌തം ക്രോസ്‌ മാച്ച്‌ ചെയ്‌തപ്പോവള്‍ 18 പേരുടെയും രക്‌തത്തില്‍ കണക്കില്‍ കവിഞ്ഞ്‌ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇനി ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ശുദ്ധ രക്‌തമുള്ളവര്‍ എത്ര ശതമാനം ഉണ്ട്‌. അവരൊക്കെ നമ്മുടെ മകനും സഹോദരനും അനന്തരവനുമാണ്‌. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. എല്ലാ ശുദ്ധതയും കൈമോശം വന്നിരിക്കുന്നു. മദ്യവര്‍ജന കേരളത്തില്‍ അപകടത്തില്‍ പെട്ടവനു രക്‌തം കൊടുക്കാന്‍ ഇനി ആരുണ്ട്‌.
നമ്മുടെ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളില്‍ നിന്നും റാഞ്ചിക്കൊണ്ടു പോകാനായി റാകിപ്പറക്കുന്ന നാലായിരത്തോളം കഴുകന്മാരെയാണ്‌ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇത്‌ ലഹരി എന്ന മഞ്ഞുമലയുടെ പൊന്തിക്കിടക്കുന്ന ഭാഗം മാത്രമാണ്‌. മദ്യവര്‍ജന കേരളത്തില്‍ രൂപപ്പെടുന്ന മഞ്ഞുമലകള്‍ തത്വവും വ്യക്‌തിസ്വാതന്ത്രവും പറഞ്ഞ്‌ സാധൂകരിക്കാന്‍ ശ്രമിച്ചാല്‍ തലമുറകളുടെ നിത്യനാശമായിരിക്കും ഫലം. നാടിനെ ലഹരിയില്‍ നിന്നും വീണ്ടെടുക്കാന്‍ ജീവിതം സമര്‍പ്പിക്കേണ്ടവര്‍ എന്തുകൊണ്ടിങ്ങനെ പ്രവര്‍ത്തിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും മന്നത്തു പത്മനാഭനെയും ചട്ടമ്പി സ്വാമികളെയും അയ്യങ്കാളിയെയും പൊതുജന മധ്യത്തില്‍ നിന്ദിക്കുന്ന സമീപനം എന്തുകൊണ്ട്‌ അവരുടെ പിന്മുറക്കാര്‍ സ്വീകരിക്കുന്നു. ആ വഴി പോയാല്‍ സ്വന്തം കാര്യം നടക്കില്ല എന്നിടത്താണ്‌ മദ്യനിരോധനം അസ്വീകാര്യമാകുന്നത്‌.
മദ്യവര്‍ജന കേരളത്തില്‍ സാക്ഷരതയേക്കാള്‍ വേഗത്തില്‍ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം പെരുകുന്നു. ബോധവല്‍ക്കരണം തകൃതിയായി നടക്കുമ്പോഴും അനാശാസ്യങ്ങള്‍ പെരുകുന്നു, കുടുംബങ്ങള്‍ തകരുന്നു, വിവാഹബന്ധങ്ങള്‍ ചിന്നിച്ചിതറുന്നു, റോഡ്‌ അപകടങ്ങള്‍ വര്‍ധിക്കുന്നു, തൊഴില്‍ ശേഷി കുറയുന്നു, ജയിലുകള്‍ നിറയുന്നു, സ്‌ത്രീത്വം നിരന്തരം അപമാനിക്കപ്പെടുന്നു, കുഞ്ഞുങ്ങള്‍ അനാഥരും യുവാക്കള്‍ ക്രിമിനലുകളുമായി മാറുന്നു. മദ്യവര്‍ജനത്തിലൂടെ കഴിഞ്ഞ നാളുകളില്‍ നാം കൈവരിച്ച നേട്ടത്തെപ്പറ്റി ലജ്‌ജ തോന്നുന്നുവെങ്കില്‍ ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനം അത്യാവശ്യമാണ്‌. ഇവിടെയാണു വര്‍ജനം പോരാ നിരോധനം വേണം എന്ന ചിന്ത ശക്‌തമാകുന്നത്‌. കേരളത്തില്‍ ആദ്യമായി മദ്യവര്‍ജനത്തെ ഒരു പ്രസ്‌ഥാനമാക്കി മാറ്റിയത്‌ കോട്ടയത്തുള്ള മന്ദിരം പി.സി. ജോര്‍ജാണ്‌; 1951-ല്‍. അദ്ദേഹത്തിന്റെ കാലശേഷം പ്രസ്‌ഥാനത്തെ മുന്നോട്ടു നയിച്ചത്‌ പാറയ്‌ക്കല്‍ കുറിയാക്കോസ്‌ അച്ചനാണ്‌. കഥാപ്രസംഗ കലയെ ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിനായി കേരളം ഒട്ടാകെ അദ്ദേഹം ഉപയോഗിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലെ ആയിരക്കണക്കിനു വേദികളില്‍ മദ്യവര്‍ജന സന്ദേശം വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങളിലെ ഈ രംഗത്തുള്ള കഠിനാധ്വാനം കൊണ്ട്‌ യാതൊന്നും സാധിച്ചില്ലെന്ന നിഷ്‌ഫലത ബോധ്യപ്പെട്ട പാറയ്‌ക്കലച്ചന്‍ പിന്നീട്‌ പ്രഫ. എം.പി. മന്മഥന്റെ നേതൃത്വത്തിലുള്ള കേരളാ മദ്യനിരോധന സമിതിയില്‍ ചേര്‍ന്ന്‌ രണ്ടു പതിറ്റാണ്ടുകാലം പ്രവര്‍ത്തിക്കുകയുണ്ടായി. വര്‍ജനത്തിനു താല്‌ക്കാലിക പ്രയോജനമേ ഉള്ളൂവെന്നും മദ്യത്തിന്റെ ലഭ്യതയെ തടയുകയാണു ശരിയായ മാര്‍ഗമെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞതാണ്‌ മദ്യവര്‍ജനത്തില്‍ നിന്നു മദ്യനിരോധനം എന്ന ആശയത്തിലേക്കു ചുവടു മാറ്റാന്‍ കാരണമായത്‌.
മദ്യത്തോടുള്ള ഒരു വ്യക്‌തിയുടെ ആസക്‌തി സാഹചര്യങ്ങളുടെ മാറ്റം കൊണ്ടും ഉപദേശ നിര്‍ദേശങ്ങള്‍ കൊണ്ടും കുറച്ചു കൊണ്ടുവരികയും മദ്യം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും അന്തിമമായി, പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുകയാണ്‌ മദ്യവര്‍ജന പ്രവര്‍ത്തനം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. സുബോധമുള്ള മനുഷ്യനു മാത്രമേ മുമ്പറഞ്ഞ കാരണ പ്രതികരണങ്ങള്‍ക്കു വിധേയമായി സ്വയം മാറാനുള്ള ശേഷിയുള്ളൂ. മദ്യാസക്‌തനു സുബോധമില്ലാത്തതിനാല്‍ മുമ്പറഞ്ഞ മാറ്റം അപ്രാപ്യമാണ്‌. വര്‍ജനം കൊണ്ട്‌ മദ്യാസക്‌തരെ വീണ്ടെടുക്കാമെന്നു വാദിക്കുന്നത്‌ പരമാബദ്ധമാണ്‌. മദ്യാസക്‌തി ഒരു രോഗമാണ്‌. തനിയെ അതില്‍ നിന്നു മാറാനും പിടിച്ചു നില്‍ക്കാനും ആവില്ല. മദ്യത്തിന്റെ ലഭ്യത സീറോ പോയിന്റിലെത്തിക്കുകയാണു പരമ പ്രധാനം. മദ്യത്തില്‍ നിന്നും ഒരു നിശ്‌ചിത കാലയളവിലേക്ക്‌ അകന്നു നില്‍ക്കാനുള്ള സാഹചര്യമാണു മദ്യവിമുക്‌ത കേന്ദ്രങ്ങള്‍ ഒരുക്കുന്നത്‌. ഈ കാലയളവില്‍ വ്യക്‌തിയുടെ ജീവിത സാഹചര്യം മാനസികവും ശാരീരികവുമായ അവസ്‌ഥ, മാറാനുള്ള സന്നദ്ധതയും ആവശ്യകതയും ജീവിത സഖിത്വം, ബന്ധങ്ങള്‍ എന്നിവ വിശകലനം ചെയ്യുവാന്‍ കൗണ്‍സിലിംഗിലൂടെ അയാളെ പ്രാപ്‌തനാക്കുന്നു. ലഹരിയുടെ അലഭ്യതയും മുമ്പറഞ്ഞ ഘടകങ്ങളുടെ അനുഗുണമായ പരിതോവസ്‌ഥയുമാണ്‌ വര്‍ജനത്തെ സഹായിക്കുന്നത്‌. മദ്യത്തിന്റെ ലഭ്യത എന്ന അടിസ്‌ഥാനപരമായ പ്രശ്‌നത്തെ അവഗണിച്ചുകൊണ്ട്‌ വര്‍ജനം ഫലവത്താക്കാനാവില്ല.
മദ്യം കഴിക്കുന്നവരില്‍ നാലിലൊരാള്‍ ലഹരി ആസക്‌തനാണ്‌. അയാള്‍ ലഹരി ആസ്വദിക്കുകയല്ല, ലഹരി അയാളെ വിഴുങ്ങുകയാണ്‌. അതിലൂടെ സ്‌ഥലകാല ഔചിത്യ ബോധങ്ങളും സാമൂഹിക ബന്ധങ്ങളും അയാള്‍ വിസ്‌മരിക്കും. ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിന്‌ അംഗീകരിക്കപ്പെട്ട യാതൊരു മരുന്നുമില്ല. ഉണ്ടെന്നു പറയുന്നതെല്ലാം ഭാഗികമോ താല്‌ക്കാലികമോ കബളിപ്പിക്കലോ ആണ്‌. മദ്യത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുന്ന അവസ്‌ഥയില്‍ മദ്യത്തേക്കാള്‍ ഹരം പിടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കലാണു പ്രതിവിധി. സുഗമവും സുലഭവുമായി മദ്യം ലഭ്യമാകുന്ന സാഹചര്യത്തില്‍ ഒരിക്കലും വര്‍ജനം സാധിക്കില്ല. രോഗി ഇച്‌ഛിച്ചതുകൊണ്ടു മാത്രം രോഗം ഭേദമാകില്ല. അനുഗുണമായ സാഹചര്യങ്ങളുടെ ഒത്തിരിപ്പ്‌ പരമപ്രധാനമാണ്‌. മദ്യം ലഭ്യമല്ലാത്ത അവസ്‌ഥയും ബോധവല്‍ക്കരണ പ്രക്രിയയും മദ്യവര്‍ജനത്തെ ത്വരിതപ്പെടുത്തും. മദ്യത്തിന്റെ സുഗമമായ ലഭ്യതയും അനുകൂല സാഹചര്യങ്ങളും മദ്യവര്‍ജനത്തെ അട്ടിമറിക്കും.
മദ്യനിരോധനമാണോ വര്‍ജനമാണോ നിങ്ങളുടെ നയം? എന്നൊരു ചോദ്യം രാഷ്‌ട്രീയക്കാരും ചാനല്‍ പ്രമുഖന്മാരും എവിടെയും ചോദിക്കാറുണ്ട്‌. ഈ വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്‌തുള്ളൊരു ചോദ്യം അല്ലിത്‌. ചോദ്യത്തിനുള്ള ശരിയായ ഉത്തരം ലഭിക്കാറുമില്ല. ബോധവല്‍ക്കരണത്തിലൂടെ ഒറ്റയൊറ്റ വ്യക്‌തികള്‍ മദ്യം വര്‍ജിക്കുകയും അന്തിമമായി മദ്യം ആവശ്യമില്ലാത്ത ഒരു അവസ്‌ഥ സംജാതമാകുകയും ചെയ്യും എന്ന ധാരണയാണു പലര്‍ക്കുമുള്ളത്‌. ഇതാണു യാഥാര്‍ഥ്യമെങ്കില്‍ മദ്യം നിരോധിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവരും വര്‍ജിച്ച ഒരു വസ്‌തു-ആര്‍ക്കും ആവശ്യമില്ലാത്ത ഒരു വസ്‌തു എന്തിനു നിരോധിക്കണം? ആദ്യം നിരോധനം. അതിന്റെ ആദ്യഘട്ടമായി ലഭ്യത കുറച്ചുകൊണ്ടു വരിക. ഈ ഘട്ടത്തില്‍ ശക്‌തമായ ബോധവല്‍ക്കരണം. അതിലൂടെ എല്ലാവരെയും വര്‍ജിക്കാന്‍ പ്രാപ്‌തരാക്കുക. ആദ്യം നിരോധനവും പിന്നീട്‌ വര്‍ജനവും. ഇതല്ലാതെ മദ്യമുക്‌തിക്കു വേറെ വഴിയില്ല.
എന്തു കുടിക്കണം എന്തു കഴിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്‌തികള്‍ക്കുള്ളതാണ്‌. അതിന്മേല്‍ ഒരു പുറം ശക്‌തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. സ്വന്തം കാര്യം അവരവര്‍ തന്നെ തീരുമാനിക്കട്ടെ- വ്യക്‌തി സ്വാതന്ത്ര്യ വാദികള്‍ വര്‍ജനത്തിന്‌ അനുകൂലമായി ഉയര്‍ത്തുന്നൊരു വാദഗതിയാണിത്‌. ഇങ്ങനെയൊരു സമീപനം സ്വീകാര്യമാണോ? വിജയകരമാണോ? ഓരോ രാജ്യത്തിനും ക്രോഡീകരിക്കപ്പെട്ട നിയമസംഹിതയുണ്ട്‌. കുറ്റവും ശിക്ഷയും സംബന്ധിച്ചുള്ള നിയമങ്ങളുണ്ട്‌. വ്യക്‌തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നവയാണു രാഷ്‌ട്ര നിയമങ്ങള്‍. അതെങ്ങനെ സ്വീകാര്യമാകും? സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വ്യക്‌തി പ്രാപ്‌തനാണ്‌. പക്ഷേ അന്യന്റെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കുന്നതില്‍ നമുക്കു പലപ്പോഴും ഉദാരതയില്ല. ഇവിടെയാണു വ്യക്‌തി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന രാഷ്‌ട്ര നിയമങ്ങള്‍ പ്രസക്‌തമാകുന്നുത്‌. വ്യക്‌തി സ്വാതത്രന്ത്യങ്ങളുടെ സംഘര്‍ഷം മൂലമുള്ള വ്യവഹാരങ്ങള്‍ കൊണ്ട്‌ കോടതി വീര്‍പ്പു മുട്ടുന്നു. നീതി തേടുന്നതും പത്തുവര്‍ഷം പഴക്കമുള്ളതുമായ വ്യവഹാരങ്ങള്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ നിശ്‌ചലമായി വിശ്രമിക്കുകയാണ്‌. കോടാനുകോടികള്‍ ഇതിനായി ചെലവഴിക്കപ്പെടുന്നു. വ്യക്‌തി സ്വാതന്ത്ര്യമാണു വലുതെങ്കില്‍ ഇത്തരം കേസുകളുടെ സാംഗത്യം എന്ത്‌? വ്യക്‌തി സ്വാതന്ത്ര്യമാണു വലുതെങ്കില്‍ മദ്യം ഒഴികെയുള്ള ലഹരിവസ്‌തുക്കളും പുകയില ഉല്‌പന്നങ്ങളും ഉത്തേജക മരുന്നുകളും എന്തിനു നിരോധിക്കണം. വ്യക്‌തികള്‍ക്ക്‌ അവരുടെ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയാല്‍ എന്തായിരിക്കും സ്‌ഥിതി. വ്യക്‌തി സ്വാതന്ത്ര്യത്തിനു പരിമിതികള്‍ ഉണ്ടാകണം അതിനാണു രാഷ്‌ട്ര നിയമങ്ങള്‍. സ്വയം നിയന്ത്രണം സാധ്യമല്ലാത്ത രംഗങ്ങളില്‍ ബാഹ്യനിയന്ത്രണം അത്യാവശ്യമാണ്‌. ചുരുക്കത്തില്‍ സാമൂഹിക നിയന്ത്രണത്തിനു വിധേയമായിരിക്കണം വ്യക്‌തി സ്വാതന്ത്ര്യം. അത്‌ സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ വിലയിരുത്തണം. സമൂഹത്തിന്റെ പൊതുനന്മയ്‌ക്കു പ്രയോജകീ ഭവിക്കാത്തതും പുരോഗതിക്കു തടസം നില്‍ക്കുന്നതുമായ യാതൊരു പ്രവൃത്തിയും വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിച്ചുകൂടാ. http://www.mangalam.com/opinion/227885?page=0,1

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin