Tuesday 18 February 2014


കര്‍ദിനാളിനെ ആക്രമിച്ച നഗ്‌ന സംഘത്തിന്റെ നായിക പറയുന്നു, 'എന്റെ ശരീരം എന്റെ ആയുധമാണ്



 mangalam.com

 Story Dated: Thursday, February 13, 2014 07:44

ഇന്നാ ഷെവ്‌ചെങ്കോ- ഈ 23 വയസുകാരിയുടെ പേരുകേട്ടാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലെയും പോലീസ് അധികാരികളുടെ നെഞ്ചൊന്നു കാളും. ഒന്നും മറയ്ക്കാതെ പരസ്യപ്രതിഷേധത്തിനിറങ്ങുന്ന ഫെമെന്‍ എന്ന സംഘടനയുടെ നേതാവാണവള്‍. ഇപ്പോള്‍ പാരീസില്‍ താമസം. പക്ഷേ യൂറോപ്പില്‍ എവിടെയും പ്രത്യക്ഷപ്പെടാം. നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് പൊതുനിരത്തില്‍ നഗ്നമായി പ്രതിഷേധത്തിന്റെ അലകളുയര്‍ത്താം.
ഉക്രൈനിലാണ് ഫെമെന്റെ ഉദയം. ഉക്രൈനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരേയും സ്ത്രീകളെ വേശ്യാവൃത്തിക്ക് ഇരയാക്കുന്നതിനെതിരേയുമാണ് അവര്‍ പ്രതിഷേധം തുടങ്ങിയത്. പിന്നീട് അത് വ്യവസ്ഥാപിത മതങ്ങള്‍ക്കും അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കും എതിരേയായി. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നതിനാല്‍ ക്രൈസ്തവ സഭയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ വെറുതേ കളയില്ല. റഷ്യയിലെ വ്ളാഡിമിര്‍ പുടിന്റെ മര്‍ദക ഭരണത്തിനെതിരേയും പുടിനെ പിന്തുണയ്ക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരേയും സന്ധിയില്ലാ സമരത്തിലാണ് ഫെമെന്‍.
തികച്ചും അസാധാരണമാണ് ഫെമെന്റെ പ്രതിഷേധ രീതി. നടപ്പാതകള്‍, ഭരണ സിരാകേന്ദ്രങ്ങള്‍, പള്ളികള്‍ ഫാഷന്‍ ഷോ വേദികള്‍, ഫിലിം ഫെസ്റ്റിവല്‍ അരങ്ങുകള്‍, കായിക മല്‍സരങ്ങള്‍ എന്നുവേണ്ട, നാലാള്‍ കൂടുന്ന എവിടെയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് വസ്ത്രമുരിഞ്ഞ് ദേഹത്ത് എഴുതിവച്ച മുദ്രാവാക്യങ്ങള്‍ വെളിപ്പെടുത്തി ജനങ്ങളെ ഞെട്ടിക്കുന്നതാണ് സമരരീതി. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി നൂറ്റമ്പതോളം സജീവ പ്രവര്‍ത്തകരുണ്ട് സംഘടനയ്ക്ക്.
അന്നാ ഹട്‌സോള്‍ ആണ് സ്ഥാപകയെങ്കിലും ഫെമെന്റെ രാജ്യാന്തര മുഖമാണ് ഇന്നാ ഷെവ്‌ചെങ്കോ. വത്തിക്കാനില്‍ വരെ പ്രകടനം നടത്തി പ്രശസ്തി നേടിയ ഇന്ന സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ ശക്തമായപ്പോള്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്ത് ഫ്രാന്‍സില്‍ അഭയം തേടുകയായിരുന്നു. ഇന്ന പാരീസില്‍ സ്ഥിരതാമസമാക്കിയ ശേഷം ഫെമെന്റെ പ്രവര്‍ത്തനങ്ങള്‍ പാരീസ് കേന്ദ്രീകരിച്ചായി. ഗര്‍ഭഛിദ്രത്തിനെതിരായ പ്രതിഷേധത്തില്‍ നീക്കം പള്ളികള്‍ക്കെതിരേയായപ്പോള്‍ കഴിഞ്ഞദിവസം പാരീസില്‍ നൂറുകണക്കിനു പേര്‍ ഫെമെനെതിരേ പ്രകടനം നടത്തി. അവരെ ഫ്രാന്‍സില്‍ നിന്നു പുറന്തള്ളുക എന്നതായിരുന്നു ആവശ്യം.
എന്നാല്‍, ഇതിനെ അവഗണിച്ച് മറ്റൊരു പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു ഇന്ന ചെയ്തത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ മാറത്ത് 'പ്രൊട്ടസ്റ്റ് ഫോര്‍ പീസ്' എന്ന മുദ്രാവാക്യവുമായി ഇന്ന എത്തി. 'പുരുഷ കേന്ദ്രീകൃതമായ ഈ ലോകത്ത് അവരെ ഞെട്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന് എന്റെ ശരീരമാണ് എന്റെ ആയുധം' ഇന്ന പറയുന്നു.

ഇരുപത്തിരണ്ടാം വയസില്‍ ജന്മനാട് വിടേണ്ടി വന്നു. എന്തായിരുന്നു മാനസികാവസ്ഥ?

തീരെ ചെറിയപ്രായത്തില്‍ അമ്മയേയും മറ്റു വേണ്ടപ്പെട്ടവരെയും വിട്ടു പോകേണ്ടിവന്നത് ചിന്തിക്കാന്‍പോലുമാകുന്നില്ല. അതുപോലെ തന്നെയാണ് ജന്മനാട്ടില്‍ ജീവിക്കാനാവാത്തതും. ഇപ്പോള്‍ പാരീസിലാണെങ്കിലും പലരാജ്യങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തനമുണ്ട്. ഒരേസമയം പലരാജ്യങ്ങളില്‍ ജീവിക്കുന്നതു പോലെയാണ് എനിക്കു തോന്നുന്നത്.

മാറുമറയ്ക്കാതെയുള്ള പ്രതിഷേധമാണ് നിങ്ങളുടേത്. അങ്ങനെ ചെയ്യുമ്പോള്‍ ഭീതിയാണോ ആവേശമാണോ?

ഓരോ പ്രതിഷേധവും ഓരോ സ്‌പെഷല്‍ മിഷനാണ്. ഏതാനും സെക്കന്‍ഡോ ഏതാനും മിനിറ്റോ മാത്രം നീണ്ടുനില്‍കുന്ന ചെറിയ വിപ്ലവമാണ് ഞങ്ങളുടേത്. അവിടെ വികാരങ്ങള്‍ക്കു സ്ഥാനമില്ല. ഇതൊരു യുദ്ധം പോലെയാണ്. ഞങ്ങള്‍ ഞങ്ങളുടെ ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നു. ആയുധം വേണ്ടസമയത്ത് പ്രയോഗിക്കുക എന്നതാണ് കാര്യം.



എന്തുകൊണ്ടാണ് മാറുമറയ്ക്കാതുള്ള പ്രകടനം?

ഞങ്ങളാരും പ്രസിദ്ധരല്ല. പക്ഷേ ഞങ്ങളുടെ സമരരീതി പ്രസിദ്ധമാണ്. ഞങ്ങള്‍ നഗ്നരായ പ്രതിഷേധക്കാരാണെന്നാണ് നിങ്ങളും മറ്റുള്ളവരും കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകത്തോട് സംസാരിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ഇത് വസ്ത്രമുപേക്ഷിച്ചുള്ള പ്രകടനം മാത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ശരീരത്ത് മുദ്രാവാക്യങ്ങള്‍ എഴുതി വയ്ക്കുന്നു. ഇതുമൊരു സമരരീതി.

നിങ്ങള്‍ക്ക് ഭീഷണി വല്ലതുമുണ്ടോ?

അതേയുള്ളൂ. എല്ലാദിവസവും ഓരോ വധഭീഷണി വരും. ഞങ്ങള്‍ അതു ഗൗനിക്കാറേ ഇല്ല.

ഉക്രൈനില്‍ യൂറോ 2012 ഫുട്‌ബോല്‍ മല്‍സരം നടന്നപ്പോള്‍ നിങ്ങള്‍ എന്നും പ്രതിഷേധിക്കാനുണ്ടായിരുന്നല്ലോ, എന്തായിരുന്നു അന്നത്തെ അനുഭവം?

അക്കാലത്ത് ഉക്രൈനില്‍ ഓരോ നൂറുമീറ്ററിലും ഒരു വേശ്യാലയം എന്നരീതിയിലായിരുന്നു. അവിടെയെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ ബിയറും കുടിച്ച് പെണ്‍കുട്ടികളെ ആസ്വദിച്ചു നടക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ ക്ലബും വേശ്യാലയങ്ങളും പുതുതായി ഉയര്‍ന്നുവന്നു. ഉക്രൈനില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. എന്നാല്‍, ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെല്ലുന്ന ആണുങ്ങളെ പെണ്‍കുട്ടികളുടെ കാറ്റലോഗ് കാണിച്ച് വിലപേശുന്നതു കാണാം. ഇതിനെതിരേയാണ് ഞങ്ങള്‍ ഉണര്‍ന്നത്.

നിങ്ങളുടെ വീട്ടുകാര്‍ ഈ പ്രവര്‍ത്തനം അംഗീകരിക്കുന്നുണ്ടോ?

എന്റെ പിതാവ് എന്നെക്കുറിച്ച് അഭിമാനമുള്ളയാളാണ്. അമ്മയ്ക്കും അഭിമാനമുണ്ട്, പക്ഷേ ഞാന്‍ വേറൊരു ജീവിതം നയിക്കണമെന്നാണ് അവരുടെ ആവശ്യം.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin