Tuesday 25 February 2014

!! ഇടവകാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് വികാരിയെ മാറ്റി; വാരിയാനിക്കാട്ട് പള്ളി അടച്ചിട്ട് ജനങ്ങളുടെ പ്രതിഷേധം !!






പാലാ: പാലാ രൂപതയ്ക്കു കീഴിലുള്ള വാരിയാനിക്കാട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ ജനപ്രീതിയുള്ള വികാരിയെ മാറ്റി പുതിയ വികാരിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇടവകാംഗങ്ങളില്‍ ഒരു വിഭാഗം പള്ളി അടച്ചിട്ടു. ശനിയാഴ്ചമുതല്‍ കുര്‍ബാന മുടങ്ങിയിരിക്കുകയാണ്. കത്തോലിക്കാ സഭയില്‍ വളരെ അപൂര്‍വമായി മാത്രം നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് വാരിയാനിക്കാട് സാക്ഷ്യം വഹിക്കുന്നത്.

ഇടവാകംഗങ്ങള്‍ക്കുവേണ്ടി ഏറെ പ്രയത്‌നിച്ച ഫാ. തോമസ് തോട്ടുങ്കലിനെ രണ്ടുവര്‍ഷത്തെ മാത്രം സര്‍വീസ് കഴിഞ്ഞപ്പോള്‍, കഴിഞ്ഞയാഴ്ച ഇവിടെനിന്നു വേദഗിരി പള്ളിയിലേക്കു സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് സംഭവം.
ഫാ. തോമസ് തോട്ടുങ്കലിനു മുമ്പിരുന്ന വികാരിയെ മാറ്റണമെന്നു തങ്ങള്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നു പ്രതിഷേധക്കാരായ ഇടവകാംഗങ്ങള്‍ പറയുന്നു. അദ്ദേഹം അഞ്ച് വര്‍ഷം വികാരിയായി പ്രവര്‍ത്തിച്ചു. ഈ സമയം ഇടവകയ്ക്കു ലക്ഷങ്ങളുടെ കടം വരുത്തി വച്ചെന്ന് അവര്‍ ആരോപിച്ചു.

ഫാ. തോമസ് തോട്ടുങ്കല്‍ വികാരിയായി വന്നതിനുശേഷം രണ്ട് വര്‍ഷംകൊണ്ട് ഈ കടങ്ങള്‍ തീര്‍ക്കുകയും ഇടവക സമൂഹത്തെ ഒരു കൂട്ടായ്മയുടെ കീഴില്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. വികാരിയായി വന്ന് ആറ് മാസത്തിനുള്ളില്‍ ഫാ. തോമസിനെ സ്ഥലം മാറ്റാന്‍ നീക്കം നടന്നിരുന്നെങ്കിലും വിശ്വാസികള്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇങ്ങനെയൊക്കെയിരിക്കേ പെട്ടെന്നു വികാരിയെ സ്ഥലം മാറ്റിയതില്‍ ഏറെ ദുരൂഹതയുണ്ടെന്നാണു നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫാ. തോമസിനു യാത്രയയപ്പ് നല്‍കിയത്. അന്നു തന്നെ പുതിയ വികാരി ചുമതലയെടുക്കേണ്ടതായിരുന്നു. ഫാ. തോമസിനെ അദ്ദേഹത്തിന്റെ പുതിയ ഇടവകയില്‍ കൊണ്ടുവിട്ടതിനുശേഷം തിരികെയെത്തി പുതിയ വികാരിയെ റോഡില്‍ തടയുകയായിരുന്നു. കൂടാതെ ബെഞ്ചുകളും ഡസ്‌കുകളും പള്ളിക്കുചുറ്റും ബാരിക്കേഡുകളാക്കി ഉപയോഗിച്ച് ഇവര്‍ വലയം തീര്‍ക്കുകയും ചെയ്തു. വഴിയില്‍ തടഞ്ഞതോടെ പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പുതിയ വികാരി രൂപതയിലേക്കു മടങ്ങുകയായിരുന്നു.

പ്രശ്‌ന പരിഹാരത്തിനായി ഇന്നലെ അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയില്‍ അടിയന്തര പള്ളിക്കമ്മിറ്റി കൂടി. വിശുദ്ധ കുര്‍ബാന ദിവസങ്ങളായി മുടങ്ങിയ പ്രതിസന്ധി പരിഹരിക്കാനാണ് പ്രധാന ലക്ഷ്യം. കുര്‍ബാന മുടങ്ങിയതില്‍ ഇടവകയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തിന് വന്‍ പ്രതിഷേധമാണുള്ളത്. 28ന് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മ തിരുനാള്‍ നടക്കാനിരിക്കുകയാണ്. ഇടവകാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഓര്‍മ തിരുനാള്‍ ദിവസം കുര്‍ബാന അര്‍പ്പിക്കുന്നതിനുമായി നാലു പേരടങ്ങുന്ന വൈദികര്‍ പള്ളിയിലെത്തും.

പള്ളി പണിയിപ്പിച്ച ഫാ. ജോണ്‍സണ്‍ പുള്ളിറ്റ്, പള്ളി പണിയുന്നതിന് സഹായം നല്‍കിയ ഫാ. മാത്യു പരിന്തിരിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വികാരിമാരാണ് പള്ളിയില്‍ എത്തുന്നത്. ഇവര്‍ അന്നേ ദിവസം കുര്‍ബാന അര്‍പ്പിക്കുകയും ഇടവകാംഗങ്ങളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. റോഡില്‍ തടഞ്ഞതിനെ തുടര്‍ന്ന് അരമനയിലേക്ക് തിരിച്ചുപോയ പുതിയ വികാരി തന്നെ പള്ളിയിലേക്ക് എത്തുമെന്നാണ് സൂചന.
- See more at: http://beta.mangalam.com/latest-news/153257#sthash.QIJN4y48.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin