Monday 11 November 2013

എല്ലാം ദൈവകൃപ

എല്ലാം ദൈവകൃപ

 mangalam.com

പി.ആര്‍.സുമേരന്‍


രാജ്യത്തെ ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നവയുഗപ്പിറവിയുടെ ഉദയമായ്‌ മാറിയ ആദ്യവനിതാ ബിഷപ്പ്‌ റവ.ഇ.പുഷ്‌പലളിതയുടെ ജീവിതത്തിലേക്ക്‌....
സ്‌ത്രീകള്‍ക്ക്‌ പൗരോഹിത്യം ചേരുമോ? വര്‍ഷങ്ങളായി ക്രൈസ്‌തവ സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയം. കാലങ്ങളായി നടന്നുവന്ന ആ സംവാദത്തിന്റെ വിശുദ്ധമായ ഉത്തരമായാണ്‌ റവ. ഇ. പുഷ്‌പലളിത. ആദ്യമായി വനിതാ ബിഷപ്പിനെ തെരഞ്ഞെടുത്ത്‌ ചരിത്രം തിരുത്തിയെഴുതിയതാവട്ടെ സിഎസ്‌ഐ (ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യ)സഭയും.

പുണ്യജന്മമായി

ആന്ധ്രയിലെ നന്ദ്യാലില്‍ ഒരു സാധാരണ കുടുംബത്തിലാണ്‌ പുഷ്‌പലളിത ജനിച്ചത്‌. ഒരുപാട്‌ ബുദ്ധിമുട്ടും ത്യാഗങ്ങളും കു ട്ടിക്കാലം മുതലേ അനുഭവിച്ചുപോന്നു. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക്‌ അഭയം ദൈവം തന്നെയാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതം പുഷ്‌പലളിത ദൈവത്തിന്‌ സമര്‍പ്പിക്കുകയായിരുന്നു.
ചെറിയ പ്രായം മുതലേ ഈശ്വരവിശ്വാസം പുഷ്‌പലളിതയില്‍ വളരെ ശക്‌തമായിരുന്നു. വേദനിക്കുന്നവരെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കുന്നതിലാണ്‌ അവര്‍ ആനന്ദം കണ്ടെത്തിയിരുന്നത്‌. കരയുന്നവരുടെ കണ്ണീരൊപ്പുന്നതാണ്‌ യഥാ ര്‍ത്ഥ ജനസേവനമെന്ന്‌ പുഷ്‌പലളിത പറയുന്നു.
എല്ലാവരോടും കാരുണ്യത്തോടെയുളള പുഷ്‌പലളിതയുടെ പെരുമാററം കുട്ടിക്കാലം മുതലേ അവരെ വേറിട്ടുനിര്‍ത്തി. ഇപ്പോള്‍ താന്‍ ജനിച്ചുവളര്‍ന്ന നന്ദ്യാലില്‍ മഹാ ഇടവകയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടത്‌ ദൈവകൃപയെന്ന്‌ പുഷ്‌പലളിത പറയുന്നു. എല്ലാം ദൈവത്തിന്റെ ഇഷ്‌ടം. ഞാന്‍ നിമിത്തം മാത്രം. ദൈവം എന്നിലേല്‍പ്പിച്ച കര്‍മ്മം ഞാന്‍ നിറവേററുന്നു. അത്രമാത്രം.

കാരുണ്യവര്‍ഷത്തിലൂടെ

ദൈവദാസിയാകാന്‍ ആഗ്രഹിച്ച നാള്‍മുതല്‍ പുഷ്‌പലളിത ജനസേവനം മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിച്ചുപോന്നത്‌. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി അവര്‍ തന്റെ കര്‍മ്മപദം മാററിവച്ചു. നന്ദ്യാല്‍ മഹാ ഇടവകയിലെ നാനൂറോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കൊപ്പം അവര്‍ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. സാ മ്പത്തിക ബുദ്ധിമുട്ടുമൂലം ഗ്രാമങ്ങളില്‍ അടച്ചുപൂട്ടിയ അനേകം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മുന്നില്‍നിന്ന്‌ പോരാടി. ഒപ്പം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പ്രശസ്‌തിയും അവര്‍ ഗ്രാ മീണരെ ബോധ്യപ്പെടുത്തി. കുട്ടികള്‍ക്ക്‌ ഇംഗ്ലീ ഷ്‌ ഭാഷ പഠിക്കാനുളള സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു.
ഗ്രാമവാസികള്‍ ക്കായി വിദ്യാഭ്യാസ-ചികിത്സാ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. 2000 മുതല്‍ 2005 വരെ ബാംഗ്ലൂരിലെ വിശ്രാന്തി നിലയത്തിന്റെ ഡയറക്‌ടറായിരിക്കെ പുഷ്‌പലളിത ഒരു കോടി രൂപ മുതല്‍ മുടക്കില്‍ സിസ്‌ററര്‍ കാരള്‍ ഗൃഹം ബ്ലോക്കിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ മാധവാരം,ആന്ധ്രയിലെ മോത്തുരു,ജിസിപാലം,പേട ദേവാളപുരം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഗ്രാമീണര്‍ക്കായി പുഷ്‌പലളിത നടപ്പിലാക്കിയ ഭവനപദ്ധതി വലിയ ശ്രദ്ധ പിടിച്ചുപററിയിരുന്നു. സത്യസന്ധവും ദീര്‍ഘവീക്ഷണത്തോടും കൂടിയ പുഷ്‌പലളിതയുടെ ഈ പദ്ധതികള്‍ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമീണര്‍ എക്കാലവും നന്ദിയോടെ മാത്രം ഓര്‍മ്മിക്കുന്നവയാണ്‌.

ഉന്നതബിരുദങ്ങള്‍ നേടി

സിഎസ്‌ഐ സഭയുടെ ഭരണപരമായ ചുമതലകള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുളള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പുഷ്‌പലളിത മികച്ച വിദ്യാഭ്യാസം നേടാനും സ്വയം നവീകരിക്കാനും മറന്നില്ല. 1985-86വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാം സെല്ലിയോക്ക്‌ കോളേജ്‌,കിങ്‌സ്ററണിലെ യുണൈററഡ്‌ തിയോളജിക്കല്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ പുഷ്‌പലളിത പങ്കെടുത്തു. അമേരിക്കയിലെ ബര്‍ക്കിലിയിലെ പസിഫിക്‌ ലൂഥറന്‍ തിയോളജിക്കല്‍ കോളേജില്‍നിന്ന്‌ അഡ്വാന്‍സ്‌ഡ് തിയോളജിക്കല്‍ സ്‌ററഡിയില്‍ ബിരുദാനന്തര ബിരുദവും നേടി.

ദൈവവഴി

റായലസീമയില്‍ നിന്നും ഇന്ത്യയിലെത്തി പിന്നീട്‌ സിഎസ്‌ഐ സഭയില്‍ ചേര്‍ന്ന്‌ ഇ രത്നസ്വാമിയുടെയും ദാനമ്മയുടെയും മകളാണ്‌ പുഷ്‌പലളിത. പിതാവാണ്‌ ദൈവവഴിയിലേക്ക്‌ പുഷ്‌പലളിതയെ തിരിച്ചുവിട്ടത്‌. പുഷ്‌പലളിതയെ വൈദീകജീവിതത്തിലേക്ക്‌ വിടണമെന്ന്‌ രത്നസ്വാമി പണ്ടേ ആഗ്രഹിച്ചിരുന്നു. തന്റെ ഈശ്വരഭക്‌തിയും കാരുണ്യപ്രവര്‍ത്തനവുമാണ്‌ പിതാവ്‌ എന്നെ ദൈവവഴിയിലേക്ക്‌ പറഞ്ഞുവിട്ടതെന്ന്‌ പുഷ്‌പലളിത പറയുന്നു. ബിഷപ്പുമാരായ റവ. സുന്ദരേശന്‍,റവ. എല്‍. വി. ആസാരിയ,റൈഡര്‍ ദേവപ്രിയം തുടങ്ങിയവരെല്ലാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമ്മയുടെ മരണശേഷം സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ പ്രാരബ്‌ധങ്ങളും പുഷ്‌പലളിത തന്നെയാണ്‌ നിറവേററിയിരുന്നത്‌. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും താങ്ങും തണലുമായി തന്റെ ജീവിതം അവര്‍ മാററുകയായിരുന്നു.

നന്ദ്യാലില്‍നിന്ന്‌

ആന്ധ്രായിലെ നന്ദ്യാല്‍ മഹാ ഇടവക ബിഷപ്പായാണ്‌ പുഷ്‌പലളിതയെ സിഎസ്‌ഐ സഭ തിരഞ്ഞെടുത്തത്‌. സഭയുടെ 22 മഹാ ഇടവകകളും ഒരേമനസ്സോടെയാണ്‌ ഈ പുണ്യജന്മത്തെ തങ്ങളുടെ ബിഷപ്പായി വാഴ്‌ത്തിയത്‌. മഹാഇടവകപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച നാല്‌പേരുടെ പാനലില്‍നിന്നാണ്‌ പുഷ്‌പലളിതയെ ബിഷപ്പായി തിരഞ്ഞെടുത്തത്‌.

എല്ലാം ദൈവകൃപ

എല്ലാം ദൈവകൃപയാണ്‌. ഒരു നിയോഗം പോലെയാണ്‌ എന്നില്‍ തമ്പുരാന്‍ ഓരോ ചുമതലയും ഏല്‍പ്പിച്ചത്‌. എന്റെ എല്ലാ പ്രവൃത്തിയും ദൈവത്തിന്‌ സമര്‍പ്പിച്ചുകൊണ്ടുളളതാണ്‌. മനുഷ്യനന്മ ലക്ഷ്യമിട്ടാണ്‌ എന്റെ ഓരോ പ്രവൃത്തിയും. നന്മ ചെയ്യുവാന്‍ എന്റെ കരങ്ങള്‍ക്ക്‌ ദൈവം ശക്‌തി തരണേയെന്നു മാത്രമാണ്‌ എന്റെ പ്രാര്‍ത്ഥന.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin