Tuesday 17 February 2015

"ഇതില്‍ ആരാണ് ചേട്ട൯?

ഇതില്‍ ആരാണ് അനുജ൯?"

നേരിലും നുണയിലും!

 

കത്തോലിക്കാ സഭയുടെ ചടങ്ങില്‍ പ്രധാനമന്ത്രി : മതസ്വാതന്ത്ര്യം ഉറപ്പാക്കും

mangalam malayalam online newspaperന്യൂഡല്‍ഹി: രാജ്യത്തു മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതവിശ്വാസം ഓരോരുത്തരുടെയും വ്യക്‌തിപരമായ സ്വാതന്ത്ര്യമാണ്‌. മതസൗഹാര്‍ദം ഭാരതസംസ്‌കാരത്തിന്റെ ഭാഗമാണ്‌. ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ മതവിദ്വേഷം വളര്‍ത്താന്‍ ഒരു സംഘടനയെയും അനുവദിക്കില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിയതില്‍ സീറോ മലബാര്‍ സഭയും ഡല്‍ഹി ഫരീദാബാദ്‌ രൂപതയും സി.എം.ഐ, സി.എം.സി. സന്യാസിസമൂഹവും സംഘടിപ്പിച്ച ദേശീയതല ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ക്രൈസ്‌തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെയും ഘര്‍ വാപസി അടക്കമുള്ള വിവാദങ്ങളുടെയും പശ്‌ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തത്‌. ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതില്‍ രാജ്യം അഭിമാനിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. മതപരിവര്‍ത്തനം തടയാനായി നിയമം കൊണ്ടുവരുന്നത്‌ മതസൗഹാര്‍ദം തകര്‍ക്കുമെന്നും സഭ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, നജ്‌മ ഹെപ്‌തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ എന്നിവര്‍ പ്രസംഗിച്ചു. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ ഒരു മതവിഭാഗത്തിനു നേരേയും ആക്രമണങ്ങള്‍ പൊറുക്കില്ലെന്നു നരേന്ദ്ര മോഡി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. രാജ്യത്ത്‌ ഒരു തരത്തിലുമുള്ള മതമൗലികവാദം അനുവദിക്കില്ല. എല്ലാ തരത്തിലുള്ള മതസ്വാതന്ത്ര്യവും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. വിവിധ മതവിഭാഗങ്ങളോടുള്ള ബഹുമാനം ഓരോ ഇന്ത്യക്കാരന്റെയും രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌. എല്ലാ മതവിഭാഗങ്ങളും പരസ്‌പര ബഹുമാനത്തോടെ പുരാതന ഭാരതത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും എവുപ്രാസ്യമ്മയും ജീവിതം കൊണ്ടു വിശുദ്ധരായിരുന്നവരാണ്‌. അവരുടെ ജീവിതം ക്രൈസ്‌തവസമൂഹത്തിനു മാത്രമല്ല, എല്ലാവര്‍ക്കും പ്രചോദനമാണ്‌. രണ്ടു വിശുദ്ധരും ദൈവികതയിലും നിസ്വാര്‍ഥ സേവനങ്ങളിലും ശോഭിക്കുന്ന മാതൃകയാണ്‌.
ആധുനിക ഇന്ത്യയാണു തന്റെ സ്വപ്‌നം. സബ്‌കാ സാഥ്‌, സബ്‌കാ വികാസ്‌ എന്നതാണു തന്റെ വികസന മന്ത്രം. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയങ്ങളും എന്നതാണ്‌ ഇതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഐക്യത്തിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. ലോകത്താകമാനം മതവിശ്വാസത്തിന്‍മേലുള്ള ഭിന്നതയും അക്രമങ്ങളുമാണു കാണാന്‍ കഴിയുന്നത്‌. ഇക്കാലയളവില്‍ പുരാതന ഇന്ത്യയുടെ എല്ലാ മതങ്ങളോടുമുള്ള തുല്യ പരിഗണനയും സഹിഷ്‌ണുതയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. പുരാതന ഇന്ത്യയുടെ മൂല്യങ്ങള്‍ ലോകം മാതൃകയാക്കുന്ന കാഴ്‌ചയാണു ഇപ്പോള്‍ കാണുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കെ.എസ്‌. ശരത്‌ലാല്‍
 http://www.mangalam.com/print-edition/india/284572

3 comments:

  1. കെ.എം. മാണിയെ ആക്ഷേപിച്ചവർ . / ജോർജ് കുറ്റിക്കാട്ട്, ജർമനി.

    ഇന്ത്യയുടെ സാസ്കാരിക ജീവിതത്തിനും പരിവർത്തനങ്ങൾക്കും ക്രൈസ്തവ മത തത്വങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുള്ളതിനെപ്പറ്റി വളരെ ഏറെ ചർച്ചകൾ ചെയ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷെ ഈയിടെയായി ഇന്ത്യയിലെ വിശാല ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണ് തങ്ങളെന്ന ആത്മവിശ്വാസം ഉൾ ക്കൊണ്ടിരിക്കുന്ന സീറോമലബാർ മെത്രാന്മാരും അവരുടെ മുഖപത്രവും കേരളത്തെ മദ്യവിമുക്തമാക്കുന്നവരുടെ പ്രവാചകരായി രംഗപ്രവേശം നടത്തിയിരുന്നു. ഇതിനിടെ ഇതിനു ചുവടുപിടിച്ചു ഒരു പ്രമുഖ കത്തോലിക്കാ അല്മായനായ മന്ത്രി കെ.എം.മാണിക്ക് നേരെ മ്ലേശ്ചമായ ആരോപണം നടത്തി. കോഴപ്പണം കെ.എം.മാണി വാങ്ങിയെന്നാണ് അവർ തറപ്പിച്ചു ആക്ഷേപിച്ചത്. വ്യക്തിഹത്യ അന്വർത്ഥമാക്കുന്ന ഹീന സമീപനമാണ് താമരശ്ശേരി മെത്രാൻ സ്വീകരിച്ചതെന്ന് കേരളജനതയ്ക്ക് ഇപ്പോൾ സംശയം ഇല്ല.



    ഡൽഹിയിൽ നരേന്ദ്രമോഡിയുടെ സഹായം മെത്രാന്മാർ തേടിയത് അവരുടെ സ്വന്തം താല്പ്പര്യസംരക്ഷണം മാത്രമാണ്. അതേസമയം സീറോമലബാർ സഭയിലെ ഒരു പ്രസിദ്ധനും മന്ത്രിയുമായ ഒരല്മായന്റെ ജീവൻ പോലും അപകടത്തിലാക്കുമെന്നു കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ ഭീഷണി മുടക്കിയപ്പോൾ ഇവരുടെ നിലപാട് നാം കണ്ടു കഴിഞ്ഞു. ജനാധിപത്യ മൂല്യങ്ങളുടെയും സാംസ്കാരിക മൂല്യങ്ങളുടെയും ഉറപ്പിനു മാതൃക കാണിക്കേണ്ടവർ കത്തോലിക്കാ അല്മായ സമുഹത്തിലെ ഒരാളിനെതിരെ അദ്ദേഹത്തിൻറെ വ്യക്തിഗതമായ അംഗീകാരത്തെയും വ്യക്തികളുടെ സ്ഥാന അഭിമാനത്തെയും അവർ ആക്ഷേപിച്ചു. പൌരാവകാശങ്ങളുടെയും സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ് കെ.സി.ബി.സി.യുടെ തണലിൽ നിന്ന്കൊണ്ട് താമരശ്ശേരി സീറോമലബാർ തലൈവർ കെ.എം.മാണിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിമർശിച്ചു അതിനിശിതമായി പൊതുവേദിയിൽ ആക്ഷേപിച്ചത്. ഏവരും ഓർക്കുന്നു . ഇതിനെല്ലാം അന്നത്തെ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ ഒശാനപാടി. വ്യക്തിഹത്യ നടത്തുന്നത് പത്ര ധർമ്മമെന്നൊ, സംസ്കാരമൂല്യങ്ങൾക്ക് അഭിമാനകരമാണെന്നോ ഒക്കെ ചിന്തിക്കുന്നതല്ല മാദ്ധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വം എന്ന് മാദ്ധ്യമങ്ങൾ അറിഞ്ഞിരിക്കണം..

    കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാർട്ടിയുടെ മുഖ്യധാരാ നിലപാടിന്റെ കഴുത്തിൽ കയറിട്ടു കുറ്റിയടിച്ച് കെട്ടി നിറുത്തുവാൻ ഒരു മേല്പ്പട്ടക്കാരൻ ആഹാനം ചെയ്തത് ജനാധിപത്യ മൂല്യങ്ങളിൽ മാത്രമല്ല, ക്രിസ്തീയതയിൽ പോലും യാതൊരു വിശ്വാസമില്ലാത്ത അസിഹിഷ്ണുതയാണ് കാട്ടിയത്. അതുപക്ഷെ കെ.സി.ബി.സി യുടെ ഒരംഗം എന്ന നിലയിൽ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട് ആക്ഷേപിച്ചു പറഞ്ഞാൽ അനുസരിക്കാനും അതേപടി അത് വിശ്വസിക്കാനും കുമ്പിടുന്ന കുറേപ്പേരെ കിട്ടാൻ ഉണ്ടാകും. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടിയിൽ എല്ലാവിധ മതാനുയായികളും വിശ്വാസികളും ഉൾപ്പെടുന്ന കാര്യം മെത്രാന്മാർ വിസ്മരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണ്‌. അവരെല്ലാം സീറോ മലബാർ സഭാ നേതൃത്വം മനസ്സിൽ ഉദ്ദേശിക്കുന്നതുപോലെ ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുന്നവർ ആയിരിക്കില്ല. അവരെ അനുസരിക്കാത്തവരെ അവർ അനുസരിപ്പിക്കും എന്ന നിലപാടാണ് ഇപ്പോൾ ദൃശ്യമായത്.

    ReplyDelete
  2. George Kuttikattu,Germany.18 February 2015 at 00:33

    കെ.എം.മാണിയെ ആക്ഷേപിച്ചവർ ..തുടർച്ച ..ജോർജ് കുറ്റിക്കാട്ട് ,ജർമനി

    ------------------------------------------

    നല്ലഭരണം നടത്തണമെന്ന് ആർക്കും പറയാം. ഇപ്പോൾ നടക്കുന്ന ഭരണം ജനവിരുദ്ധമാണെന്നും അങ്ങനെയല്ലാ, സത് ഭരണമാണെന്നും ജനങ്ങൾ പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിലും അവ പെട്ടിട്ടില്ല. അഴിമതി, കോഴപ്പണം, വിദ്യാഭ്യാസ കച്ചവടം, നാടൊട്ടാകെ കൊലപാതകങ്ങൾ, പിടിച്ചുപറിക്കൽ, കർഷകദ്രോഹം, വൈദീകർ വൈദീകരെ കൊലചെയ്യുന്ന സംഭവങ്ങൾ , സന്യാസിനികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലചെയ്യുന്നു , വിശ്വാസം പറഞ്ഞു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ കുഞ്ഞ്കുട്ടികളെ ലൈംഗിക സുഖത്തിനായി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നു, സഭയുടെ അംഗങ്ങൾ നല്കുന്ന പണംകൊണ്ട് ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികൾ വേറെ ഉണ്ട്., സ്വന്തം സഹോദര ഭാര്യയുടെ അഞ്ചേക്കർ ഭൂമി കബളിപ്പിച്ചു തട്ടിയെടുത്തു അവിടെ ആവേ മരിയ ധ്യാനകേന്ദ്രം ഉണ്ടാക്കിയതിനു കോടതികയറി നടക്കുന്ന മെത്രാൻ കേരളത്തിൽ ഉണ്ട്. ഇത്തരം പ്രവർത്തികൾ ഒരു മെത്രാൻ ചെയ്‌താൽ അത് ആത്മീയതയാണോ അഴിമതിയാണോ? ആരും എന്തെ അത് ചോദിക്കാത്തത്? ഈ സ്ഥലം കോടികൾ വിലമതിക്കുന്നതാണ്.

    പട്ടിണിയും രോഗവും കാർന്നുതിന്നു തകരുന്ന മനുഷ്യജീവിതത്തെയൊന്നും ഈ സഭാധികാരികൾ കണ്ടിട്ടില്ല. അതെപ്പറ്റി ഒന്നും അവർക്കു പറയാനില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങൾ കാണില്ല. സ്വന്തം ചേരിയിൽ ആരെയും ചേർത്ത് തങ്ങളുടെ ആവശ്യങ്ങൾ അതേപടി സാധിക്കുകയെന്ന കുറുക്കുവഴികളുടെ ഉപജ്ഞാതാക്കളായ ഇത്തരം പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികൾ എന്നുള്ള ഒരു അഭിപ്രായമാണ് ഇപ്പോൾ സത്യം മനസ്സിലാക്കിയ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ച സംസാരം.മെത്രാന്മാർക്കു താല്പര്യ സംരക്ഷണം ആവശ്യം വരുമ്പോൾ അല്മായർ പല വേഷത്തിലും അവർക്കുവേണ്ടി അണിനിരക്കണം എന്നാണു നാട്ടുനടപ്പ്.

    കെ.എം.മാണിയെന്ന ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിൽ ഇന്നലെ രാഷ്ട്രീയം തുടങ്ങിയ ഒരാളല്ലല്ലോ . അത്പക്ഷെ നുണ പറയുകയും അതുതന്നെ പ്രവർത്തിക്കുകയും ചെയ്യാൻ മടിയില്ലാത്ത ഒരു മെത്രാനാകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. കെ.എം.മാണിയുടെ നേതൃത്വത്തിൽ കേരളാ കോണ്‍ഗ്രസ് പാർട്ടി UDF മുന്നണി സർക്കാരിൽ മാത്രമല്ല, ഇടതുപക്ഷ ജനാധിപത്യ സഖ്യത്തിലെ സർക്കാരിലും അദ്ദേഹം മന്ത്രിയായിരുന്നിട്ടുണ്ട്. കേരളത്തിലെ പൊതുസമൂഹം അതറിയുന്നു. അപ്പോൾ ജനം പറയുന്നു, പൂച്ചയ്ക്ക് എന്താ പൊന്നുരുക്കിന്നിടത്തു കാര്യം, മെത്രാന്മാർക്ക് ഭരിക്കാൻ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട് ഉണ്ടല്ലോയെന്ന്. അവരുടെ മാണിയുടെ നേർക്കുള്ള വ്യക്തിവിരോധ അഭിപ്രായപ്രകടനങ്ങൾ ഹീനമായ വിവരക്കേടാണെന്നു ജനങ്ങൾ പറയുന്നു. പച്ചപ്പുല്ല് തിന്നാൽ നല്ലതാണെന്ന് തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം പശുവിന്റെ കഴുത്തിൽ പരമശിവ രുദ്രാക്ഷ മാലയിട്ടു വലിച്ചു കെട്ടി കച്ചിത്തുറുവിൽ കൊണ്ടുപോയി നിറുത്താൻ ഒരു ഗോസ്വാമി ആഗ്രഹിച്ചാൽ എന്താകും? എന്തായാലും കേരള സീറോ മലബാർ സഭയിൽ ഒരു ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്.

    ReplyDelete
  3. കെ.എം.മാണി ..തുടർച്ച ..

    ഫാസിസത്തിന്റെയും ലോകം എഴുതിത്തള്ളിയ കമ്യൂണിസത്തിന്റെയും തുരുമ്പിച്ച ലേബലിൽ ജീവിതമാർഗ്ഗം തേടുന്ന ചിലർ സിറിയൻ ഭീകരരെപ്പോലെ തന്നെ കേരളത്തിലെ ജനാധിപത്യഭരണകേന്ദ്രമായ നിയമസഭ വളയുമെന്നും കെ.എം.മാണിയെ വകവരുത്തുമെന്നും ഒക്കെ പറഞ്ഞു ഇടതുപക്ഷം ഭീകരത്വം പറയുന്നത് കേട്ടിട്ടും ഒരു രക്ത വിപ്ലവം ഇല്ലാതാക്കാൻ വേണ്ടിയ യാതൊരു അഭിപ്രായങ്ങളും പറയാതെ സീറോ മലബാർ നേതൃത്വം കടുത്ത മൗനം പാലിക്കുന്നു. നീതിയും അനീതിയും എന്തെന്ന് കാണാതെ ഇടയലേഖനം ഇറക്കി വ്യക്തിനടത്താൻ പോലും മടിക്കാത്തവർ ഇപ്പോൾ കടുത്ത മൌന വ്രുതത്തിൽ ഇരിക്കുന്നു. ഉദാ: തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ പ്രൊ. ടി.ജെ.ജോസഫിന്റെ കാര്യം ആര്ക്കും അറിയാം. എന്നിട്ടും മറ്റു മാദ്ധ്യമങ്ങൾ നിശബ്ധതയിലിരിക്കുമ്പൊഴും ദീപികയ്ക്ക് കോഴവാർത്തയുടെ ദാഹം തീരുന്നില്ല. ആടിനെ പട്ടിയാക്കുന്ന നയം.

    ഭാരതത്തിലെ അതി പ്രശസ്തനായിരുന്ന മഹാനായ പി.റ്റി.ചാക്കോ കേരളത്തിലെ കത്തോലിക്കാ അല്മായരുടെ അഭിമാനമായിരുന്നു. അതുപക്ഷെ രാഷ്ട്രീയ പകപോക്കലിലൂടെ അദ്ദേഹത്തെ ഇല്ലെന്നാക്കാൻ ശ്രമിച്ചപ്പോഴും സഭയിലെ മെത്രാന്മാർ മൌനം പാലിച്ചു. അന്നും പി.റ്റി. ചാക്കോയെ ഇല്ലെന്നാക്കാൻ ശ്രമിച്ചവരുടെ നേതാവു ആരാണെന്ന് കേരളം മറന്നിട്ടില്ല. മന്ത്രി പി..ജെ. ജോസഫിനെയും കള്ളക്കേസ്സിൽ കുടുക്കി ഇല്ലെന്നാക്കാൻ ആരൊക്കെയോ ശ്രമിച്ചപ്പോഴും ചിലർ സമദൂരം പാലിച്ചു നോക്കി നിന്നു രസിച്ചു. ഇപ്പോൾ കെ.എം. മാണിയെ മദ്യനിരോധനത്തിന്റെ പേര് പറഞ്ഞു ഇല്ലെന്നാക്കാനും കോഴ വാങ്ങിയെന്ന് ആരോപിക്കാനും സീറോമലബാർ മെത്രാന്മാർ മടിച്ചില്ലെന്നു മാത്രമല്ല, പലപ്പോഴായി കെ.എം മാണിയെന്ന ഒരു അല്മായ നേതാവിനെ പരോക്ഷമായി അടിച്ചിരുത്താൻ വരെ ശ്രമിച്ചു.

    അതേസമയം മാരാമണ്‍ കണ്‍വെൻഷനിൽ മാർത്തോമാ ക്രിസ്ത്യൻ നേതൃത്വം കെ.എം.മാണി ആരാണെന്നും അദ്ദേഹം കേരളജനതയ്ക്ക് ചെയ്ത മഹത്തായ സേവനങ്ങളെന്താണെന്നും, അതും എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള മഹത്തായ സേവനങ്ങൾ കാണിച്ചു പ്രകീർത്തിച്ചു. അദ്ദേഹത്തിനു സംരക്ഷക ഭടന്മാരാകാനുള്ള സന്മനസ് ക്രിസ്തീയതയിൽ നിറഞ്ഞ മാർത്തോമ നേതൃത്വം തയ്യാറായി. എന്നിട്ടും സീറോ മലബാർ നേതൃത്വം മൌനികളായി നിലകൊണ്ടു. ഇവരുടെ അധാർമ്മികമായ ഈ നിലപാട് ക്രിസ്തീയതയിൽ പെട്ടതല്ല. മദ്യമാഫിയകളുടെ ഹീനവും നീചവുമായ തന്ത്രങ്ങളുടെ കെണിയിൽ മാണി വീണോട്ടെ, ഇതായിരുന്നു അവരുടെ നിലപാട്. കാര്യത്തിന്റെ നിജസ്ഥിതി അറിയാത്ത ഒരു സി.എം.ഐ വൈദികൻ എന്നോട് ഇക്കഴിഞ്ഞ നാളിൽ പറഞ്ഞതിങ്ങനെ: "മാണി ജയിലിൽ കിടക്കണം, കോഴ വാങ്ങിയില്ലേ?-" മാണിയല്ല ജയിലിൽ കിടക്കേണ്ടത്‌, വിദേശരാജ്യങ്ങളിൽ പോയി സായിപ്പന്മാരോട് പണം നേരിട്ട് പിരിക്കുന്ന വൈദികരും മെത്രാന്മാരുമാണ് ആദ്യം ജയിലിൽ പോകേണ്ടവർ. അവർ ചെയ്യുന്നതും അഴിമതി തന്നെ." ഞാൻ പറഞ്ഞു.

    കേരളരാഷ്ട്രീയം നിയന്ത്രിക്കാൻ തങ്ങളെക്കൊണ്ട് കഴിയും എന്ന അഹന്ത ഉൾക്കൊള്ളുന്നവരാണ് എന്ന സത്യം നാം വീണ്ടും തിരിച്ചറിയുന്നു. ഇടുക്കിയിലെ കോണ്‍ഗ്രസിനെ വരച്ച വരയിൽ നിറുത്തി. ഇനിയുള്ളത് മാണിയെ വള്ളിയും കയറുമില്ലാതെ നീ ഇവിടെ ഇരിക്കൂ എന്ന് കല്പ്പന കൊടുക്കുവാനാണ് ശ്രമിച്ചത്. അത്യുന്നതനെന്നും ദൈവദാസനെന്നും ഒക്കെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് പദവി കൊടുത്തവർ കെ.എം.മാണിക്ക് ഒരു സഭാതാരം എന്നോ ഷെവലിയർ എന്നോ സ്ഥാനപ്പേര് കൊടുത്താലും കുഴപ്പമില്ല.! ഇതിനു വേണ്ടി പണ്ടുകാലത്ത് രാജാവിന്റെ മുമ്പിലെത്തി ബ്രാമണർ ചെയ്തതുപോലെ, കെ.എം. മാണി മെത്രാന്മാരുടെ സദസ്സിലെത്തി മുട്ടുകുത്തി മോതിരവും മുത്തി വല്ല കീർത്തനവും പാടി കാഴ്ച വയ്ക്കുക. രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു ഷെവലിയർ പട്ടം അല്ലെങ്കിൽ ആർക്കുംതന്നെ പിടികിട്ടാത്ത ഒരു "ബോനോമോരെന്തി". അതുപക്ഷെ ഇത് മാണിക്ക് ഭൂഷണമല്ലല്ലൊ.

    സീറോമലബാർ സഭാ മെത്രാന്മാരുടെ സഭയിലെ അല്മായരോടുള്ള സഹവർത്തിത്വം ഇനിയെങ്കിലും കുറെ മെച്ചച്ചപ്പെടുത്താൻ തയ്യാറാവണം. സത്യത്തിനും നീതിക്കും അർപ്പിതമായ കാഴ്ച്ചപ്പാടുകളാണ് എല്ലാവർക്കും മാത്രമല്ല, മാദ്ധ്യമങ്ങൾക്കും വേണ്ടത്. സമൂഹത്തിന്റെ ധ്വനിയാകണം മാദ്ധ്യമങ്ങൾ. നുണ പ്രചാരണവും അത് വലിയ പണസമ്പാദന മാർഗ്ഗമായും മാദ്ധ്യമങ്ങൾ കാണുന്നത് അഴിമതി തന്നെയാണ്. നിയമസഭ ജനങ്ങളുടെ ഭവനമാണ്. അവിടെ വളയുന്ന, ഭീകരവാദികളായ ഫാസിസ്റ്റ് -കമ്യൂണിസ്റ്റ് ശക്തികളെ തടയുവാനും നിയമസഭ സമാധാനമായി സമ്മേളിക്കുവാനും സംരക്ഷണം നൽകുവാനും ജനങ്ങൾക്ക്‌ കടമയുണ്ട്. ഭരണഘടന ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ നിയമത്തിനു കഴിയണം. ജനങ്ങൾക്ക്‌ ഇവരുടെ ഭീകരത്വത്തിനു അറുതി വരുത്തുവാൻ ഉത്തരവാദിത്വം ഉണ്ട്. നിയമസഭ വളയുന്ന ഭീകരർ ജനപ്രതിനിധികൾ അല്ല.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin