Sunday 22 February 2015

പരിത്യജിക്കപ്പെട്ടവരില്‍ ക്രിസ്‌തുവിനെ കാണണം: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

mangalam malayalam online newspaperവത്തിക്കാന്‍: പരിത്യജിക്കപ്പെടുന്ന ഓരോ വ്യക്‌തിയിലും കര്‍ദിനാള്‍മാര്‍ ക്രൂശിതനായ ക്രിസ്‌തുവിനെ കാണണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‌കുകയായിരുന്നു അദ്ദേഹം.
വിശ്വാസം നഷ്‌ടപ്പെട്ടവരിലും നിരീശ്വരവാദികളിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരിലും രോഗികളിലും തൊഴില്‍രഹിതരിലും കുഷ്‌ഠരോഗികളിലുമെല്ലാം കര്‍ത്താവ്‌ സന്നിഹിതനാണ്‌. ക്രിസ്‌തുവിന്റെയും സഭയുടെയും വഴി ഒന്നാണ്‌.
കര്‍ദിനാള്‍മാരുടെ ഏക സ്‌ഥാനം മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയാണ്‌.
ജറുസലേം കൗണ്‍സില്‍ മുതല്‍ സഭയുടെ വഴി എപ്പോഴും ക്രിസ്‌തുവിന്റെ വഴി തന്നെയാണ്‌. അതു കരുണയുടെയും പുനരധിവാസത്തിന്റേതുമാണ്‌. ലോകത്തിലെ സഹനത്തിന്റെ മുമ്പില്‍ സഭയ്‌ക്കു നിഷ്‌ക്രിയമാകാന്‍ സാധിക്കില്ല. സഭയുടെ വഴി നിത്യമായി ആരേയും വിധിക്കുന്നതോ ശിക്ഷിക്കുന്നതോ അല്ല. ആത്മാര്‍ഥമായ ഹൃദയത്തോടെ ക്ഷമചോദിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്റെ കരുണ നല്‌കുക എന്നതാണു ലക്ഷ്യം.
ലോകവിജയങ്ങളുടെ പുറകെ പോകാതിരിക്കുവാനും ദൈവത്തിന്റെ ദാസന്മാരാകുവാനും സഭയുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തില്‍നിന്നു കര്‍ദിനാള്‍മാര്‍ പഠിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍നിന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കര്‍ദിനാള്‍ ഒസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, കര്‍ദിനാള്‍ ടെലസ്‌പ്പോര്‍ തോപ്പോ എന്നിവര്‍ കുര്‍ബാനയില്‍ സഹകാര്‍മികരായി. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കൂടിയ കര്‍ദിനാള്‍മാരുടെ സമ്മേളനം തിരുസംഘങ്ങളുടെ എണ്ണം കുറയ്‌ക്കുക, സാമ്പത്തീകകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയേറ്റ്‌ കോണ്‍ഗ്രിഗേഷനാക്കി മാറ്റുക, അധികാരവികേന്ദ്രീകരണം, വത്തിക്കാന്‍ കൂരിയായില്‍ യോഗ്യതയുള്ള സാങ്കേതിക വിദഗ്‌ധരെ നിയമിക്കുന്നതു തുടങ്ങിയവ ചര്‍ച്ച ചെയ്‌തു.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി സഭയുടെ സാമ്പത്തിക സ്‌ഥിതിയെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ റിപ്പോര്‍ട്ട്‌ കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

വത്തിക്കാനില്‍നിന്നു ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍
 http://www.mangalam.com/print-edition/international/283883

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin