Tuesday 10 February 2015

LATEST NEWS
  Feb 10, 2015
ബാര്‍കോഴ: പാര്‍ട്ടിറിപ്പോര്‍ട്ട് 
കൊള്ളാനും തള്ളാനുമാകാതെ 
കേരള കോണ്‍ഗ്രസ്(എം)
ഡി.അജിത്കുമാര്‍
+
കോട്ടയം: ബാര്‍കോഴ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുചെയ്യണമെന്നറിയാതെ പാര്‍ട്ടി വലയുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടാന്‍ സാദ്ധ്യതയില്ല. പാര്‍ട്ടി പുറത്തുവിട്ടില്ലെങ്കിലും അതിലെ വിവരങ്ങള്‍ അങ്ങാടിപ്പാട്ടായി.

ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. ആരാണു പിന്നിലെന്ന് കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണസമിതിയെ നിയോഗിക്കുകയുംചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ജോയി ഏബ്രഹാം എം.പി., ടി.എസ്.ജോണ്‍, ആന്റണി രാജു, പി.ടി.ജോസ്, ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരും അംഗങ്ങളായിരുന്നു.

ആദ്യമൊക്കെ ഇപ്പോള്‍ എല്ലാം കണ്ടെത്തുമെന്നു പറഞ്ഞിരുന്ന സമിതി പക്ഷേ, കെ.എം.മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തതോടെ കളം മാറ്റി.

ഇതുവരെ നാലു സിറ്റിങ് നടത്തി. റിപ്പോര്‍ട്ടും തയ്യാറായി. എന്നാല്‍ എന്നു പുറത്തുവിടുമെന്നു ചോദിച്ചാല്‍ എല്ലാവരും കൈമലര്‍ത്തുന്നു. ഇങ്ങനെപോയാല്‍ 'ബാര്‍കോഴ ഗൂഢാലോചന കേരള കോണ്‍ഗ്രസ് അന്വേഷിച്ചതുപോലെ' എന്നൊരു ചൊല്ലുതന്നെ കേരളരാഷ്ട്രീയത്തില്‍ രൂപപ്പെട്ടേക്കാമെന്നും പാര്‍ട്ടിക്കാരില്‍ ചിലര്‍ പറയുന്നു.

ഇതിനിടെ, കോണ്‍ഗ്രസ്സിനെ, പ്രത്യേകിച്ച് അതിലെ എ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്നതാണു റിപ്പോര്‍ട്ടെന്ന് സൂചനയുണ്ട്. യു.ഡി.എഫിലെ മറ്റുചില പ്രമുഖരും ബാര്‍ ഇടപാടില്‍ പണം വാങ്ങിയെന്നും പാര്‍ട്ടിസമിതി കണ്ടെത്തി. എന്നിട്ട്, കെ.എം.മാണിയെമാത്രം പഴിചാരി അവരെല്ലാം രക്ഷപ്പെടാന്‍ ശ്രമിച്ചു. കെ.എം.മാണി ഇടതുമുന്നണിയില്‍ പോകുമെന്ന പ്രചാരണം വന്നസമയത്ത് അതിനു തടയിടാനായി യു.ഡി.എഫിലെ പ്രമുഖനും ഒരു മന്ത്രിയുംകൂടിയാണ് മാണിയെ കുടുക്കാന്‍ ശ്രമിച്ചതെന്നും കേരള കോണ്‍ഗ്രസ് അന്വേഷണസമിതി കുറ്റപ്പെടുത്തുന്നു.

വെള്ളിയാഴ്ച കോട്ടയത്തു നടന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതെല്ലാം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ശക്തിയുക്തം വാദിച്ചവരുണ്ട്. റിപ്പോര്‍ട്ട് പരസ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകരുമെന്നുവരെ ചിലര്‍ പറഞ്ഞു. എന്നാല്‍, കണ്ടെത്തലുകള്‍ ഇപ്പോള്‍ വിളിച്ചുപറയുന്നത് കെ.എം.മാണിക്ക് കൂടുതല്‍ ദോഷമാണെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. സമിതിയിലെ ഒരംഗം, താന്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിളിച്ചുപറയുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

തല്‍ക്കാലം റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍വെച്ച് രക്ഷപ്പെടാനേ പറ്റൂവെന്നതാണ് പാര്‍ട്ടിയുടെ അവസ്ഥ.കേരള കോണ്‍ഗ്രസ്സുകളിലെല്ലാം ഒരു പൊളിച്ചെഴുത്ത് ഉടനുണ്ടാകുമെന്ന് നല്ലൊരുവിഭാഗം പാര്‍ട്ടിക്കാരും കരുതുന്നു. അപ്പോള്‍ ശക്തരാകുന്നതാരെന്നുനോക്കി അവര്‍ക്കൊപ്പം നില്‍ക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

 http://www.mathrubhumi.com/story.php?id=521861

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin