Wednesday 17 December 2014

ക്രിസ്‌മസിനു സ്‌കൂളുകള്‍ തുറക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ക്രിസ്‌മസിനു സ്‌കൂളുകള്‍ തുറക്കണമെന്നും സദ്‌ഭരണ ദിവസമായി ആചരിക്കണമെന്നുമുള്ള നിര്‍ദേശം എതിര്‍പ്പിനെത്തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോളിളക്കമുണ്ടാക്കിയതോടെയാണു തീരുമാനം. ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ അന്നേ ദിവസം ഓണ്‍ലൈന്‍ വഴി പ്രബന്ധരചന നടത്താമെന്നും മാത്രമാണു നിര്‍ദേശിച്ചതെന്നും മാനവശേഷി വകുപ്പു മന്ത്രി സ്‌മൃതി ഇറാനി വ്യക്‌തമാക്കി. എന്നാല്‍ രാജ്യത്തെ മുഴുവന്‍ നവോദയസ്‌കൂളുകളും അന്നേ ദിവസം സദ്‌ഭരണ ദിവസമായി ആചരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാനവശേഷി മന്ത്രാലയം നല്‍കിയ സര്‍ക്കുലര്‍ പുറത്തായതോടെ സര്‍ക്കാരിന്റെ കള്ളിവെളിച്ചത്തായി.
എ.ബി. വാജ്‌പേയി, മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെ ജന്മദിനമായ ഡിസംബര്‍ 25-ന്‌ സദ്‌ഭരണ ദിനമായി ആചരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ 10നാണ്‌ സര്‍ക്കുലര്‍ അയച്ചത്‌. 25-ന്‌ പ്രസംഗ മത്സരം, ക്വിസ്‌ മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം, കുട്ടികളുടെ കാബിനറ്റ്‌ തുടങ്ങിയവ സംഘടിപ്പിക്കണമെന്നും വ്യക്‌തമാക്കിയിരുന്നു. സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ അന്ന്‌ പ്രബന്ധ മത്സരം സംഘടിപ്പിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. നവോദയ സ്‌കൂളുകള്‍ക്കു നല്‍കിയ സര്‍ക്കുലറിനെ കുറിച്ച്‌ സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്‌.
സി.പി.എം. നേതാവ്‌ സീതാറാം യെച്ചൂരി രാജ്യസഭയിലും കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സി. വേണുഗോപാല്‍ ലോക്‌സഭയിലും പ്രശ്‌നം ഉന്നയിച്ചു. ക്രിസ്‌ത്യന്‍ സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷദിവസം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന്‌ യെച്ചൂരി ആരോപിച്ചു. ഇതിനൊപ്പം, മതപരിവര്‍ത്തന വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മയും ആവശ്യപ്പെട്ടതോടെ സഭ ഉച്ചയ്‌ക്ക്‌ മുമ്പ്‌ മൂന്നു തവണ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ കെ.സി. വേണുഗോപാല്‍ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ സര്‍ക്കാര്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ രംഗത്തെത്തിയതോടെ ലോക്‌സഭയും ഒരു മണിക്കൂര്‍ സ്‌തംഭിച്ചു.
മാനവശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഇന്നലെ പുറത്തുവന്നപ്പോള്‍ തന്നെ ഇക്കാര്യം തെറ്റാണെന്ന്‌ സ്‌മൃതി ഇറാനി ട്വിറ്ററില്‍ വ്യക്‌തമാക്കിയെങ്കിലും മന്ത്രാലയം അയച്ച സര്‍ക്കുലര്‍ കാണിച്ച്‌ മാധ്യമങ്ങള്‍ ഇറാനിയുടെ വാദത്തിന്റെ മുനയൊടിച്ചു. ഡിസംബര്‍ 25-ന്‌ തന്നെ ഇതേപ്പറ്റിയൊക്കെ മന്ത്രാലയത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കണമെന്നു മാത്രമാണു പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്‌തമാക്കി.
http://www.mangalam.com/print-edition/india/262092

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin