Saturday 27 December 2014

ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല!

ആംസ്ട്രോങ്ങ് ജോസഫ്

രിക്കല്‍ സമരിയായിലെ 'സിക്കാര്‍' എന്ന പട്ടണത്തിനു സമീപമുള്ള യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍വച്ച് ഒരു സമരിയാക്കാരി സ്ത്രീയെ യേശു കണ്ടുമുട്ടി. അവളോട് ജീവജലത്തെ സംബന്ധിക്കുന്ന വിഷയം അവിടുന്ന് സംസാരിക്കുന്നതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ വിവരിക്കുന്നുണ്ട്. ഇവളുമായുള്ള സംഭാഷണത്തിനിടയില്‍ യേശു പറഞ്ഞ ഒരു വാചകമാണ് ഈ ലേഖനത്തിന്‍റെ ശീര്‍ഷകം!
വളരെ ഹ്രസ്വമായ സംഭാഷണമാണ് സമരിയാക്കാരി സ്ത്രീയുമായി യേശു നടത്തിയതെങ്കിലും വളരെ പ്രധാനപ്പെട്ടതും ഏറെ ആഴമുള്ളതുമായ ഒന്നിലധികം സത്യങ്ങള്‍ അവിടെ തുറക്കപ്പെട്ടു. അന്ന് കര്‍ത്താവു വെളിപ്പെടുത്തിയ വചനങ്ങളുടെ പ്രാധാന്യം ഇന്നത്തെ ആധുനികസഭയും ലോകവും ഗൌരവമായി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. യേശു പറഞ്ഞ ഓരോ വാക്കുകളും അനന്തതവരെ ആയുസ്സുള്ളവ ആയതിനാല്‍, ഇന്നത്തെ കാലഘട്ടത്തോട് ആ വചനത്തിലൂടെ കര്‍ത്താവ് എന്താണു പറഞ്ഞിരിക്കുന്നതെന്ന് നമുക്കു ചിന്തിക്കാം!
സമരിയക്കാരി സ്ത്രീയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യേശുവിനോട്, അന്നു സമരിയാക്കാരും യഹൂദരും തമ്മില്‍ നിലനിന്നിരുന്ന സാമൂഹിക വിഷയം ചര്‍ച്ചചെയ്യുന്നതാണ് സംഭവത്തിന്‍റെ തുടക്കം. അപ്പോഴാണ് ജീവജലത്തെക്കുറിച്ച് യേശു അവളോടു പറയാന്‍ തുടങ്ങുന്നത്."യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു"(യോഹ:4;10). 
നാമിവിടെ ചിന്തിക്കുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളതല്ലെങ്കില്‍ക്കൂടി സമരിയാക്കാരും യഹൂദരും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് അവസരോചിതമായിരിക്കും. മാത്രവുമല്ല; നമ്മുടെ വിഷയത്തിന് ഏതെങ്കിലും തരത്തില്‍ അത് ഗുണകരമായേക്കാം. അതിനുശേഷം ഈ വചനത്തിലേക്കുതന്നെ തിരിച്ചുവരികയും ചെയ്യാം. ഇവിടെ നാം പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യം, എല്ലാ യഹൂദരും ഇസ്രായേല്‍ക്കാരാണെങ്കിലും എല്ലാ ഇസ്രായേല്‍ക്കാരും യഹൂദരല്ല എന്നതാണ്! സമരിയാക്കാരെക്കുറിച്ച് പൊതുവില്‍, അവര്‍ വിജാതിയരാണെന്ന ധാരണ പലരിലുമുണ്ട്. എന്നാല്‍, പലരും ചിന്തിക്കുന്നതുപോലെ സമരിയാക്കാര്‍ വിജാതിയരല്ല എന്നതാണു മനോവയ്ക്ക് ആദ്യംതന്നെ പങ്കുവയ്ക്കാനുള്ളത്! അവര്‍ യാക്കോബിന്‍റെ സന്തതികളും ഇസ്രായേല്‍ജനതയുടെ ഭാഗവുമാണ്! കൂടാതെ, മിശിഹാ വരുമെന്ന പ്രത്യാശയില്‍ കാത്തിരുന്നവരുമാണ്! യേശുവുമായുള്ള സംഭാഷണത്തിനിടയില്‍ സമരിയാക്കാരി പറയുന്നത് ശ്രദ്ധിക്കുക: "മിശിഹാ - ക്രിസ്തു- വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും"(യോഹ:4;25).
സോളമനുശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങള്‍ ഒഴികെയുള്ളവ മറ്റൊരു രാജ്യമായി മാറി. യൂദായുടെയും ബഞ്ചമിന്‍റെയും ഗോത്രങ്ങളെ യൂദയാരാജ്യമെന്നും മറ്റുഗോത്രങ്ങളെ ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. വിഭജനാനന്തരം ഈ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്നതാണു ചരിത്രം. യൂദയാ രാജ്യത്തിന്‍റെ തലസ്ഥാനം ജറുസലേം ആയിരുന്നുവെങ്കില്‍ ഇസ്രായേലിന്‍റെ ആസ്ഥാനം സമരിയാ ആയിരുന്നു. യാക്കോബിന്‍റെ സന്തതികളില്‍ ഒരുവനായിരുന്ന യൂദായുടെ പേരില്‍ അറിയപ്പെടുന്ന രാജ്യത്തിലെ ഗോത്രങ്ങളായ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങളില്‍ പെട്ടവരാണ് യഹൂദര്‍! യാക്കോബിന്‍റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു. യഹോവയെ അല്ലാതെ മറ്റു ദേവന്മാരെ ആരാധിച്ചിരുന്ന ജനതകളെ വിജാതിയരായി യഹൂദര്‍ വിളിച്ചതുപോലെതന്നെ, ജറുസലെമിനുപുറത്ത് യഹോവയെ ആരാധിച്ചവരെയും വിജാതിയരായി ഇവര്‍ കണക്കാക്കി! ഈ കാരണത്താലാണ് യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ലാതിരുന്നതും, സമരിയാക്കാരെ വിജാതിയരായി പരിഗണിച്ചതും!
ഈ വിഷയത്തില്‍ സമരിയാക്കാരുടെ ആവലാതി കര്‍ത്താവിനോടുള്ള വാക്കുകളില്‍ ആ സ്ത്രീ വ്യക്തമാക്കുന്നുണ്ട്: "ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു"(യോഹ:4;20). ഇതിനു മറുപടിയായി യേശു പറയുന്ന വചനം സൂക്ഷ്മമായി വിലയിരുത്തിയാല്‍ യഹൂദര്‍ വച്ചുപുലര്‍ത്തിയ ധാരണയിലെ പിശക് വെളിപ്പെടുന്നതാണ്. കര്‍ത്താവു പറയുന്നു: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്. എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"(യോഹ:4;21-24).
ആരാധന നടത്തുന്ന സ്ഥലത്തെ സംബന്ധിച്ചായിരുന്നു യഹൂദരും സമരിയാക്കാരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. അതിന് യേശു നല്‍കുന്ന ഉത്തരത്തിലൂടെ യഥാര്‍ത്ഥ്യം നമുക്കു ഗ്രഹിക്കാന്‍ കഴിയും! അതുകൊണ്ടാണ് സമരിയാക്കാര്‍ വിജാതിയരല്ലെന്നു മനോവ പറയുന്നത്. പിതാക്കന്മാര്‍ ആരാധിച്ച സത്യദൈവത്തെ ആരാധിക്കുന്നവരായിരുന്നു സമരിയാക്കാരും. എന്നാല്‍, ആരാധനാസ്ഥലം ജറുസലെം ആയിരുന്നില്ല എന്നുമാത്രം. കര്‍ത്താവായ യേശുവിന്‍റെ വാക്കുകളിലൂടെ ഈ പ്രശ്നവും പരിഹരിക്കപ്പെട്ടു! ഇനിയും സമരിയാക്കാരെ വിജാതിയരായി ഗണിക്കുന്നത് ശരിയല്ല! സത്യദൈവത്തെ അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ ആരാധിക്കുന്നവരെല്ലാം ദൈവജനം തന്നെയാണ്! പിതാവ് ആഗ്രഹിക്കുന്ന ആരാധന എപ്രകാരമാണെന്നു അവിടുത്തെ പുത്രനായ യേശു ഇവിടെ വ്യക്തമാക്കി.
സമരിയാക്കാരിയുമായി കര്‍ത്താവ് സംഭാഷണത്തിലേര്‍പ്പെടുന്ന വചനഭാഗം വ്യക്തമായി വായിക്കുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. സമരിയാക്കാരോടൊപ്പം രണ്ടുദിവസം താമസിക്കാന്‍ യേശു തയ്യാറായതുതന്നെ അവര്‍ വിജാതിയരല്ല എന്നതിന്‍റെ തെളിവാണ്! എന്തെന്നാല്‍, യേശു പറഞ്ഞു: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ:15;24). ഇതില്‍നിന്നു വ്യത്യസ്ഥമായതൊന്നും അവിടുന്ന് പ്രവര്‍ത്തിച്ചിട്ടില്ല. മോശയുടെ നിയമത്തിന്  എതിരായി ഒരുകാര്യംപോലും പ്രവര്‍ത്തിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, വിജാതിയര്‍ വിശ്വാസത്തോടെ സമീപിച്ചപ്പോഴൊക്കെ അവരെ അനുഗൃഹിക്കാന്‍ കര്‍ത്താവു തയ്യാറായിട്ടുണ്ട്. യഹൂദരും സമരിയാക്കാരും വിജാതിയരും തമ്മിലുള്ള വ്യത്യാസമല്ല ഈ ലേഖനത്തിലെ മുഖ്യവിഷയമെന്നതിനാല്‍, നമ്മള്‍ അര്‍ദ്ധവിരാമം കുറിച്ചിടത്തേക്ക് മടങ്ങിപ്പോകാം. ജീവജലത്തെക്കുറിച്ചാണല്ലോ നാം പറഞ്ഞുവച്ചത്!
ജീവജലത്തെക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളോട് സമരിയാക്കാരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും? ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്‍റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്"(യോഹ:4;11,12).(സമരിയാക്കാരും യാക്കോബിന്‍റെ സന്തതികളായ ഇസ്രായേല്‍ക്കാര്‍ തന്നെയാണെന്ന് ഇവളുടെ വാക്കുകളില്‍ വ്യക്തമാണ്!) കര്‍ത്താവു നല്‍കുന്ന ജീവജലം സമരിയാക്കാരി ആവശ്യപ്പെടുമ്പോള്‍ എന്താണ് അവിടുന്ന് പറയുന്നതെന്നു നോക്കുക: "നീ ചെന്ന് നിന്‍റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക"(യോഹ:4;16).
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്! ജീവജലം ആവശ്യപ്പെട്ട ഒരു സ്ത്രീയോട് അതു നല്‍കണമെങ്കില്‍ അവളുടെ ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യം എന്തിനാണ് യേശു ആവശ്യപ്പെട്ടത്? ഇതിന്‍റെ ഉത്തരത്തരം തേടിയുള്ള യാത്രയാണ് ഈ ലേഖനം! ജീവജലം നല്‍കുന്നതിനായി ഒരേയൊരു നിബന്ധന മാത്രമേ അവള്‍ക്കുമുന്നില്‍ കര്‍ത്താവു വച്ചിട്ടുള്ളുവെങ്കിലും, ഒന്നിലധികം കാരണങ്ങള്‍ ഈ നിബന്ധനയ്ക്കു പിന്നിലുണ്ട്. ഈ കാരണങ്ങളെ ക്രമാനുഗതമായി നമുക്ക് പരിശോധിക്കാം. ഓരോ കാരണങ്ങളെയും വെവ്വേറെ ഉപശീര്‍ഷകങ്ങളായി തരംതിരിച്ച് പരിശോധിക്കുന്നതാകും ഉചിതം!
'ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍!
"എന്തെന്നാല്‍, ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്‍റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ:5;22-24). ഒന്നാമത്തെ കാരണമെന്താണെന്ന് അപ്പസ്തോലനായ പൌലോസിലൂടെ ദൈവം വ്യക്തമാക്കുന്ന വചനഭാഗമാണിത്. ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് കര്‍ത്താവ് എത്രത്തോളം ജാഗ്രതയിലാണെന്ന് അവിടുന്നുതന്നെ ഉറപ്പിക്കുകയായിരുന്നു ഇവിടെ! ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അവകാശം നല്‍കിയ കര്‍ത്താവുപോലും ഈ അവകാശത്തില്‍ ഇടപെടുന്നില്ല എന്നത് ശ്രദ്ധേയമാകുന്നു. ഇതു ഭാര്യമാര്‍ക്കു മാത്രമല്ല, മറ്റുള്ളവരുടെ കുടുംബജീവിതത്തില്‍ കടന്നുകയറുന്ന എല്ലാവര്‍ക്കുമുള്ള താക്കീതായി ഇതിനെ പരിഗണിക്കണം.
മുന്‍കാലങ്ങളിലേക്കാള്‍ ഇന്ന് വിവാഹമോചനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത് നമുക്കെല്ലാം അറിയാം. ഈ വിവാഹമോചനങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും അന്യവ്യക്തികളുടെ ഇടപെടല്‍മൂലമാണെന്ന് നാം അറിഞ്ഞിരിക്കണം. ദമ്പതികളുടെ ഇടയില്‍ കടന്നുകയറി ആ ബന്ധത്തെ തകര്‍ക്കാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച വ്യക്തികള്‍ ഇന്ന് ലോകത്ത് 'തലങ്ങുംവിലങ്ങും' ഓടുകയാണ്! മൊബൈല്‍ ഫോണും 'ഇന്‍റെര്‍നെറ്റു'മാണ്  കുടുംബജീവിതത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന മുഖ്യഘടകം എന്നതും നാം തിരിച്ചറിയണം. ഇവയുടെ കടന്നുവരവാണ് മുന്‍കാലത്തെക്കാള്‍ വിവാഹമോചനങ്ങള്‍ ഇന്നുണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഒരു 'മിസ്ഡ്കോള്‍' വിവാഹമോചനത്തില്‍ എത്തിച്ച സംഭവവും നമുക്കുമുന്നിലുണ്ട്. അനേകം കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മനോവയെ കര്‍ത്താവ് ഉപയോഗിച്ചതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ സത്യമാണിത്! ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സാന്നിദ്ധ്യത്തിലല്ലാതെ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഒരു മദ്ധ്യസ്ഥനെയും ദൈവം നിയോഗിച്ചിട്ടില്ല. കര്‍ത്താവായ യേശുപോലും ഇതില്‍നിന്നു വ്യത്യസ്ഥമായ സമീപനം സ്വീകരിച്ചിട്ടില്ല എന്നകാര്യം സമരിയാക്കാരിയുടെ സംഭവത്തിലൂടെ ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു!
ആദ്ധ്യാത്മികതയുടെ മറവിലാണ് പല ജാരന്മാരും ദമ്പതിമാരുടെ സ്വകാര്യതയില്‍ കയറിക്കൂടുന്നത്. പ്രാര്‍ത്ഥനക്കാരും ഉപദേശികളുമായി വിലസുന്ന ഇത്തരക്കാര്‍ യഥാര്‍ത്ഥ ആത്മീയതയിലുള്ളവരെ അവഹേളിക്കുന്നതിനു കാരണമാകുന്നു. ക്രൈസ്തവപുരോഹിതരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ വേദനിപ്പിക്കുന്ന കാര്യം! വിശുദ്ധരായ അനേകം വൈദീകരെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താന്‍ ഹേതുവാകുന്ന ഇത്തരം കാമഭ്രാന്തന്മാരാണ്  ക്രൈസ്തവസഭയെ ഒന്നടങ്കം പരിഹാസപാത്രമാക്കുന്നത്. ദൈവവചനം നല്‍കുന്ന മുന്നറിയിപ്പ് നോക്കുക: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോ:3;5-7).
ഒരു സ്ത്രീ തനിയെ സംസാരിക്കാന്‍ വന്നാല്‍ പുറത്തിറങ്ങിവന്ന് പരസ്യമായി സംസാരിക്കുന്ന വൈദീകരെ മനോവയ്ക്കറിയാം! മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാന്‍ ഇഷ്ടപ്പെടാത്ത ശ്രേഷ്ഠരായ ഈ വൈദീകരുടെമേല്‍പ്പോലും കരിവാരിത്തേയ്ക്കാന്‍ ഇവറ്റകള്‍ കാരണമാകുന്നത് സഭയിലെ ഏറ്റവും വലിയ ജീര്‍ണ്ണതയാണ്! യൂറോപ്പിലെ പ്രവാസികളെ സേവിക്കാനായി കേരളത്തില്‍നിന്ന് വന്ന പല പുരോഹിതന്മാരും ഭര്‍ത്താവിനെ ഭാര്യയില്‍ നിന്നകറ്റി തല്‍സ്ഥാനത്ത് കയറിക്കൂടിയിരിക്കുന്നത് മനോവയ്ക്ക് നേരിട്ടറിയാം! വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും തകര്‍ന്നടിയുന്ന കുടുംബബന്ധങ്ങളില്‍ ഭൂരിപക്ഷവും ബാഹ്യമായ ഇടപെടലുകളുടെ പരിണിതഫലമാണെന്നതില്‍ യാതൊരു സംശയവുമില്ല! ദാമ്പത്യജീവിതത്തില്‍ ദമ്പതികള്‍ക്കിടയില്‍ ഇടപെടാന്‍ ഒരുന്നതനെയും അഭിഷേകം ചെയ്തിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ സംഭവത്തിലൂടെ യേശു വ്യക്തമാക്കിയ പ്രധാനകാര്യം! ഏതെങ്കിലും ഒരു പുരോഹിതന്‍ ഇത്തരം അവിഹിതബന്ധത്തില്‍ ജീവിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് അപരാധമായി ആരും കരുതേണ്ട. ഇപ്രകാരമുള്ള അവകാശങ്ങള്‍ ഒരു പുരോഹിതനും ദൈവം നല്‍കിയിട്ടില്ല! അവിഹിതവേഴ്ചയും ബലിയര്‍പ്പണവും ഒരുമിച്ചു കൊണ്ടുപോകുന്നവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതാണ് വീഴ്ച! ഇവരെ ദൈവം അഭിഷേകം ചെയ്ത അഭിഷികതരായി കണക്കാക്കേണ്ടതില്ല എന്നകാര്യം വിസ്മരിക്കരുത്! വിജാതിയരുടെയിടയില്‍ സഭയെ കളങ്കപ്പെടുത്താന്‍ സാത്താന്‍ നിയോഗിച്ച വ്യക്തികളാണിവര്‍!
നിത്യജീവനിലേക്ക് നയിക്കുന്ന ജീവന്‍റെ ജലം കര്‍ത്താവില്‍നിന്ന് നേരിട്ടു സ്വീകരിക്കാന്‍പോലും ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടത് നിസ്സാരമായി കരുതരുത്! ആത്മീയതയിലേക്ക് നയിക്കാനെന്ന ധാരണയില്‍പ്പോലും ഭര്‍ത്തൃമതിയായ ഒരു സ്ത്രീയെ അന്യനായ പുരുഷന്‍ സമീപിക്കാനോ ഉപദേശംതേടി അന്യപുരുഷനെ സ്ത്രീ സമീപിക്കാനോ പാടില്ലെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളോട് അപ്പസ്തോലനായ പൌലോസിലൂടെ സ്വര്‍ഗ്ഗം വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോട് ചോദിച്ചുകൊള്ളട്ടെ"(1കോറി:14;35). ഇതുതന്നെയാണു പുരുഷന്മാരോടും വചനം പറയുന്നത്: "അന്യന്‍റെ ഭാര്യയോടൊത്ത് ഭക്ഷണത്തിനിരിക്കരുത്; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്. നിന്‍റെ ഹൃദയം അവളിലേക്ക് ആകൃഷ്ടമാകും; നീ നാശത്തിലേക്കു തെന്നിവീഴും"(പ്രഭാ:9;9). മറ്റൊരുവന്‍റെ ഭാര്യയോടൊത്ത് ശയിക്കുന്നവരുടെ പാപം ലഘുവാണെന്ന് ആരും ചിന്തിക്കരുത്. തങ്ങളുടെ ജീവിതകാലം മുഴുവന്‍ നിരന്തരം വേട്ടയാടുന്ന ഒരു കുരുക്കാണിത്. വചനം നല്‍കുന്ന താക്കീത് ശ്രദ്ധിക്കുക: "അതുപോലെ, അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്‍ക്കാതിരിക്കുകയില്ല"(സുഭാ:6;29). "വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്‍റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാ:6;32,33).
ഭര്‍ത്താവിനും ഭാര്യയ്ക്കും പരസ്പരമുള്ള അവകാശത്തെക്കുറിച്ച് ഇനി നമുക്ക് പരിശോധിക്കാം. മനുഷ്യരുണ്ടാക്കിയിട്ടുള്ള നിയമങ്ങളും അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകള്‍ തെരുവില്‍ മുറവിളികൂട്ടി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന അവകാശങ്ങളും ഒരുവശത്ത് നില്‍ക്കുമ്പോള്‍, ദൈവം അനുവദിച്ചിട്ടുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തി ഭര്‍ത്താവോ ഭാര്യയോ ആകുന്നതിനുമുമ്പ് അവര്‍ പുരുഷനോ സ്ത്രീയോ ആണ്! സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയുള്ള ആക്രോശങ്ങള്‍ കാലങ്ങളായി നാം കേള്‍ക്കുന്നുണ്ട്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കാണ് എല്ലാ കാര്യങ്ങളിലും കൂടുതല്‍ പരിഗണനയും സംരക്ഷണവുമുള്ളത്. എന്നിരുന്നാലും, മുറുമുറുപ്പിന് കുറവില്ലെന്നത് മറ്റൊരുകാര്യം!
അവകാശങ്ങളുടെപേരില്‍ ദൈവനീതിയെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: സൃഷ്ടിയില്‍തന്നെ സ്ത്രീയെയും പുരുഷനെയും ദൈവം വ്യത്യസ്ഥരാക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെതായ ധര്‍മ്മമാണുള്ളത്. സ്ത്രീ ചെയ്യേണ്ടത് അവളും പുരുഷന്‍ ചെയ്യേണ്ടത് അവനും പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവീക പദ്ധതികള്‍ നടപ്പാക്കപ്പെടും. ദൈവവിശ്വാസികളല്ലത്തവരെ സംബന്ധിച്ച് പ്രകൃതിനിയമമെന്നും പരിസ്ഥിതിയുടെ സംതുലനം എന്നുമൊക്കെ പറയാം. ലോകത്തിന്‍റെ നിലനില്പിന് അനുയോജ്യമായ അവസ്ഥയിലാണ്  ഓരോ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്ഥമായി ഒരു ജീവിയും പ്രവര്‍ത്തിക്കുന്നില്ല. ഏതു നാട്ടില്‍ ചെന്നാലും അവിടെയെല്ലാം കോഴികള്‍ കൂവുകയും പട്ടികള്‍ കുരയ്ക്കുകയുമാണ് ചെയ്യുന്നത്! അതുപോലെതന്നെ ലിംഗവ്യത്യാസവും ഓരോ ജീവികള്‍ക്കും ദൈവം നിശ്ചയിച്ചിട്ടുണ്ട്. പൂവന്‍കോഴിയല്ല പിടക്കോഴിയാണ്  മുട്ടയിടുന്നത്. ഓരോ ജീവികളും പരാധികൂടാതെ അവര്‍ ആയിരിക്കുന്ന അവസ്ഥയോട് സമരസപ്പെട്ട് ജീവിക്കുമ്പോള്‍, മനുഷ്യന്‍ ഇതില്‍നിന്ന് വ്യത്യസ്ഥനാകുന്നത് ശ്രദ്ധേയമാകുന്നു.
ജീവജാലങ്ങളുടെ ഈ സമരസപ്പെടലിനെ അവിശ്വാസികള്‍ ഓരോ കാലങ്ങളിലും പ്രകൃതിനിയമമെന്നും പരിസ്ഥിതി സന്തുലനമെന്നുമൊക്കെ മാറിമാറി പേരുകള്‍ വിളിക്കുമ്പോള്‍; ദൈവവിശ്വാസികള്‍ എക്കാലത്തും ഇതിനെ ദൈവഹിതം എന്നാണു പറയുന്നത്! അതുകൊണ്ട് മനോവയും അങ്ങനെതന്നെ പറയാന്‍ ഇഷ്ടപ്പെടുന്നു. വര്‍ഗ്ഗവ്യത്യാസത്തിന് അനുസരണമായി ധര്‍മ്മങ്ങളില്‍ മാറ്റമുള്ളതുപോലെ ലിംഗവ്യത്യാസത്തിലും ധര്‍മ്മങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് മനുഷ്യനും ബാധകമാണ്! അതാണു ദൈവഹിതം! സ്ത്രീയുടെയും പുരുഷന്‍റെയും വ്യത്യസ്ഥമായ ധര്‍മ്മങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനേക്കാള്‍ ഉപരിയായി ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കടമകളും അവകാശങ്ങളും മനസ്സിലാക്കാനാണ്  ഇവിടെ നാം ഉദ്യമിക്കുന്നത്. എങ്കിലും, ഈ ഭൂമിയിലെ ക്ഷണികമായ ജീവിതത്തോടെ എല്ലാം അവസാനിക്കുന്ന ജീവജാലങ്ങള്‍പ്പോലും ദൈവഹിതത്തോട് ഇത്രത്തോളം സഹകരിക്കുമ്പോള്‍, മരണാനന്തരം വിധികാത്ത് ദൈവത്തിനുമുമ്പില്‍ നില്‍ക്കേണ്ടവരായ മനുഷ്യര്‍ അവിടുത്തെ ഹിതത്തോട് മറുതലിക്കുന്നതിലെ ഭോഷത്തം വെളിപ്പെടുത്താനാണ് ഇത്രയും വിവരണം നല്‍കിയത്! ഇനി കാര്യത്തിലേക്കു കടക്കാം.
വിവാഹ ഉടമ്പടി നിസ്സരമായി ഗണിക്കരുത്!
മരണംവരെ എന്ന നിബന്ധനയോടെ ഉറപ്പിക്കപ്പെട്ട ഉടമ്പടി വിവാഹം മാത്രമാണ്! വേര്‍പിരിയാന്‍ അനുവദിക്കാതെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഏകബന്ധം ഇതു മാത്രമാകുന്നു. ഈ ഉടമ്പടി ലംഘിക്കുന്നവര്‍ക്ക് കര്‍ത്താവിന്‍റെ മറ്റൊരു വാഗ്ദാനത്തിലും ഓഹരി ലഭിക്കുകയില്ല! "വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക? ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്‍റെ പാപങ്ങള്‍ പരിഗണിക്കുകയില്ല. മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു"(പ്രഭാ:23;18,19). അന്യന്‍റെ ഭാര്യയില്‍ കണ്ണുവച്ചിട്ടുള്ള പുരുഷനും അന്യപുരുഷനുവേണ്ടി കിടക്കയൊരുക്കി കാത്തിരിക്കുന്ന സ്ത്രീകളും ഒന്നുപോലെ അറിഞ്ഞിരിക്കേണ്ട വചനമാണിത്!
ഇത്തരം മ്ലേച്ഛതകളില്‍ ജീവിക്കുകയും കര്‍ത്താവിന്‍റെ ശരീരം(വിശുദ്ധകുര്‍ബാന) ഭക്ഷിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതെന്നു തിരിച്ചറിയുന്നില്ല. "തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1കോറി:11;27-30). ഉടമ്പടിചെയ്യാത്ത വിവാവഹങ്ങള്‍ ദൈവസന്നിധിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നകാര്യം പ്രത്യേകമായി നാം അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള ഒരുമിച്ചുചേരലുകളെല്ലാം വ്യഭിചാരം തന്നെയാണ്. ഈ കാരണംകൊണ്ടാണ് സഭയില്‍ അംഗീകരിക്കാത്ത വിവാഹങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യവും മറ്റു കൂദാശകളും വിലക്കിയിരിക്കുന്നത്.
ലോകത്തിന്‍റെ നിയമപ്രകാരമോ വിജാതിയ നിയമപ്രകാരമോ വിവാഹം കഴിച്ചിരിക്കുന്നവര്‍ വ്യഭിചാരത്തിലും ശിക്ഷയിലുമാണെന്ന് ആരും വിസ്മരിക്കരുത്. സമരിയാക്കാരി സ്ത്രീയ്ക്ക് ജീവജലം നല്‍കാന്‍ കര്‍ത്താവു വിസമ്മതിക്കനുണ്ടായ മറ്റൊരു കാരണമാണിത്. ജീവജലത്തെക്കുറിച്ച് യേശു പറയുന്നിടത്ത് ഇതു നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. "എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും"(യോഹ:4;14). നിത്യജീവനിലേക്ക് പ്രവേശനം നിഷേധിക്കുന്ന പാപമായി അവിഹിതബന്ധങ്ങളെക്കുറിച്ച് പ്രബോധനം ലഭിച്ചിരിക്കേ, അതിനെ നിസാരവത്കരിക്കുന്നത് എത്ര ഗുരുതരമാണെന്ന് ചിന്തിക്കുക! ലോകനിയമപ്രകാരവും വിജാതിയ നിയമപ്രകാരവുമല്ലാതെ ഒരുമിച്ചു ജീവിക്കുകയും സന്തതികളെ ജനിപ്പിക്കുകയും ചെയ്യുന്നവര്‍ ഇന്ന് അനേകരുണ്ട്. ദൈവത്തിന്‍റെമുന്നില്‍ ഇവരും അംഗീകരിക്കപ്പെട്ടവരല്ല.  
ദൈവവചനപ്രകാരം ഉടമ്പടിചെയ്യപ്പെടാത്ത ബന്ധങ്ങളിലൂടെ ജനിക്കുന്ന സന്തതികള്‍ ജാരസന്തതികളുടെ ഗണത്തിലാണെന്നത് കൂടുതല്‍ ദുരന്തമാകുന്നു. സ്വയം നശിക്കുന്നതോടൊപ്പം തലമുറയേയും നാശത്തില്‍ പതിപ്പിക്കുകയാണിവര്‍! "വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും"(ജ്ഞാനം:3;16-19). ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരും അവരെ അംഗീകരിക്കുന്നവരും ദൈവസന്നിധിയില്‍ കുറ്റക്കാരാണ്!
ഉടമ്പടിചെയ്യാത്ത ബന്ധങ്ങള്‍ ദൈവം അംഗീകരിച്ചിട്ടില്ല എന്നതിന്‍റെ വ്യക്തമായ തെളിവ് സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ യേശു സ്ഥിരീകരിച്ചു. ഈ സ്ഥിരീകരണം തന്നെയാണ് ലേഖനത്തിനു ശീര്‍ഷകമായി മനോവ തിരഞ്ഞെടുത്തതും! "യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്"(യോഹ:4;17,18). 
മറ്റൊരു വചനം നോക്കുക: "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും"(പ്രഭാ:26;26). ഭര്‍ത്താവിനെ അവഹേളിക്കുന്നത് കേട്ട് പ്രശംസിക്കുന്നത് അവളുടെ 'ജാരന്‍' മാത്രമായിരിക്കും. അവന്‍റെ ആഗ്രഹവും ലക്ഷ്യവും അതുതന്നെയാണ്! അതുപോലെതന്നെ ഭാര്യയെ ദുഷിച്ചുപറയുന്ന പുരുഷനു പ്രോത്സാഹനം നല്‍കുന്നത് സ്വൈരിണികളായ സ്ത്രീകള്‍ മാത്രമായിരിക്കും. മാന്യമായി ജീവിക്കുന്ന ആരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയോ ഇവരുമായി ബന്ധംപുലര്‍ത്തുകയോ ചെയ്യില്ല! ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീയെ അവളുടെ സന്തതികള്‍ ബഹുമാനിക്കും.
അപ്പസ്തോലന്മാരായ പത്രോസും പൌലോസും പലവട്ടം ആവര്‍ത്തിക്കുന്ന വചനങ്ങളില്‍, ഇരുവരുടെയും ഓരോ ഉപദേശങ്ങള്‍ പരിശോധിക്കാം: "ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(1പത്രോ:3;1). വചനം തുടരുന്നു: "ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്"(1പത്രോ:3;5). പൌലോസിന്‍റെ വാക്കുകള്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു: "ഭാര്യമാരേ,  നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(എഫേ:5;22). ദൈവം ഒരു ഭാര്യയില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം ആഗ്രഹിക്കുന്ന കാര്യമായതുകൊണ്ടാണ് വചനത്തില്‍ ഇത്രയധികം തവണ ഇവ ആവര്‍ത്തിക്കുന്നത്! മരണാനന്തരം ഒരു ജീവിതം പ്രതീക്ഷിക്കുന്നവരെല്ലാം ഇടംവലം തിരിയാതെ ഈ വചനം അനുസരിക്കുക മാത്രമേ വഴിയുള്ളു! കാരണം, ഇത് സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ കല്പനയാകുന്നു!
മോശയിലൂടെ ദൈവം നല്‍കിയ കല്പനയിലും ഗൌരവപൂര്‍വ്വം ഇവ രേഖപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതയായ ഒരു കന്യകയുടെമേല്‍ പിതാവിനുള്ള അവകാശം ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവള്‍ വിവാഹിതയാകുന്നതിലൂടെ ഭര്‍ത്താവിനു ലഭിക്കുന്നത് അവളുടെമേലുള്ള പൂര്‍ണ്ണമായ അവകാശമാണ്! ഭര്‍ത്താവ് അറിയാതെ ഒരു ഭാര്യ നേരുന്ന നേര്‍ച്ചകള്‍പോലും അസാധുവാണെന്ന് മനസ്സിലാക്കിയിരിക്കുക. അവിവാഹിതയായ ഒരു കന്യക അവളുടെ പിതൃഭവനത്തില്‍വച്ച് നേര്‍ച്ചനേര്‍ന്നാല്‍ അവളുടെ പിതാവിന് അത് അസാധുവാക്കാന്‍ അധികാരമുണ്ട്. അതുപോലെതന്നെ, ഭര്‍ത്താവിന്‍റെ അനുവാദമില്ലാതെ ഭാര്യ നേരുന്ന നേര്‍ച്ചയും സാധുവാകില്ല. നിഷേധവാക്കിലൂടെ ഭര്‍ത്താവിനു ഭാര്യയുടെ നേര്‍ച്ച അസാധുവാക്കാന്‍ അധികാരമുണ്ട്!
ഈ വചനങ്ങള്‍ ശ്രദ്ധിക്കുക: "ഏതെങ്കിലും യുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട് അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും. നേര്‍ച്ചയോ ചിന്തിക്കാതെ ചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്‍റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും. എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും. ഏതെങ്കിലും സ്ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ച നേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും. ഏതു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അസാധുവോ ആക്കാം. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു. എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവളുടെ കുറ്റം ഏറ്റെടുക്കണം. ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവു കല്‍പിച്ച നിയമങ്ങള്‍ ഇവയാണ്"(സംഖ്യ:30;3-16).
ഏതെങ്കിലും മനുഷ്യരുടെ ബുദ്ധിയില്‍ ഉദിച്ച നിയമമല്ല ഇത്; കര്‍ത്താവിന്‍റെ നാവില്‍നിന്ന് പുറപ്പെട്ട മാറ്റമില്ലാത്ത കല്പനയാണ്! ജാരന്മാര്‍ക്കു നല്‍കിയിരിക്കുന്ന അധികാരമാണെന്ന് ചിന്തിക്കേണ്ട;  ദൈവം യോജിപ്പിച്ച ഭര്‍ത്താവിന്‍റെ അധികാരമാണിത്! ഇപ്പോഴുള്ളവന്‍ ഭര്‍ത്താവല്ലെങ്കില്‍ അധികാരവുമില്ല!
ദാമ്പത്യധര്‍മ്മം!
"വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു"(റോമാ:7;2). മറ്റൊരിടത്ത് ഇങ്ങനെയാണു പറയുന്നത്;"ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1കോറി:7;4). വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം ഇവര്‍ സ്വതന്ത്രരല്ല! ഇത് ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരമുള്ള അവകാശവും അധികാരവുമാണ്. ഇതില്‍നിന്നുള്ള വ്യതിചലനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ദൈവഹിതത്തിനെതിരായ അപരാധവും ശിക്ഷാര്‍ഹവുമാകുന്നു. ഈ വചനത്തെ കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് അപ്പസ്തോലനായ പൌലോസ് തുടര്‍ന്നുപറയുന്നത് നോക്കുക:"പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം"(1കോറി:7;5). ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം പുലര്‍ത്തേണ്ട ധര്‍മ്മം അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നു.
വിവാഹിതയായ ഒരു സ്ത്രീയുടെ ജീവിതത്തില്‍ തന്‍റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനെ ചിന്തിക്കുവാന്‍പോലും ദൈവം അനുവദിച്ചിട്ടില്ല. അതുപോലെതന്നെ വിവാഹിതനായ ഒരു പുരുഷന്‍റെ ചിന്തയില്‍ അന്യസ്ത്രീകള്‍ കടന്നുവരുന്നതും ദൈവത്തിനു പ്രീതികരമല്ല. കാരണം, തങ്ങളുടെ ശരീരത്തിന്‍റെമേലുള്ള എല്ലാ അവകാശങ്ങളും പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടതാണ്! ഭാര്യയും ഭര്‍ത്താവും സംഗമിക്കുന്ന കിടപ്പറ(മണിയറ) ഒരു വിശുദ്ധസ്ഥലമാകുന്നു. ശരീരവും മനസ്സും ഹൃദയവും പരസ്പരം ബലിയര്‍പ്പിക്കുന്ന അള്‍ത്താരയാണിത്; കിടക്ക ബലിപീഠവും! അതുകൊണ്ട്, ഇവ മലിനമാകാതെ നോക്കേണ്ടത് ഇരുവരുടെയും ചുമതലയാണ്! വചനം ഇങ്ങനെ പറയുന്നു: "എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും"(ഹെബ്രാ:13;4). ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നുവെന്ന പ്രഖ്യാപനത്തിലൂടെ, ഈ പാപത്തിന്‍റെ മേഖലയെ യേശു വിപുലമാക്കിയതാണല്ലോ!(മത്താ:5;28).
വിവാഹമോചനം ക്രൈസ്തവമല്ല!
ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് വിവാഹമോചനം അനുവദിച്ചിട്ടില്ല. വേര്‍പിരിയാന്‍ പാടില്ലാത്തവിധത്തിലാണ്  ദമ്പതികളെ ദൈവം ഒരുമിപ്പിക്കുന്നത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സഭകള്‍ ക്രിസ്തുവുമായി ബന്ധമുള്ള സഭകളല്ല എന്ന് തിരിച്ചറിയണം! യേശുവോ അവിടുത്തെ അപ്പസ്തോലന്മാരോ യാതൊരുവിധത്തിലും അംഗീകാരമുദ്ര നല്‍കിയിട്ടില്ലാത്ത ചില സഭകള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭൂമിയിലുള്ള ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ അപ്പുറമായി ഈ സഭകളെ ആരും ഗൌനിക്കേണ്ടതില്ല! ഇത്തരത്തിലുള്ള സഭകളെ അനുഗമിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്ത് എത്തുകയില്ലെന്ന സത്യം മനോവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു! ഇതൊരു വെറും വാക്കല്ല; മറിച്ച്, മാറ്റമില്ലാത്ത വചനത്തിന്‍റെ പിന്‍ബലത്തോടെയാണു പറയുന്നത്!
വിജാതിയരുമായുള്ള ക്രൈസ്തവരുടെ വിവാഹം ദൈവം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ബന്ധം സാധുവല്ല. "യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്‍റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്‍റെ കൂടാരത്തില്‍നിന്നു കര്‍ത്താവ് വിച്‌ഛേദിക്കട്ടെ"(മലാക്കി:2;11,12). എന്നാല്‍, ദൈവം യോജിപ്പിച്ച ബന്ധത്തെ വേര്‍പെടുത്താന്‍ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. "ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ:19;3-6). വിവാഹമോചനത്തെ സംബന്ധിച്ച് യേശുവിന്  ഇതാണു പറയാനുള്ളത്!
പുതിയനിയമത്തില്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായ നിലാപാടായിരുന്നു പഴയനിയമത്തിലുള്ളതെന്ന് ആരും കരുതേണ്ട. വചനം ഇങ്ങനെ പറയുന്നു: "അവിടുന്ന് നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ് കര്‍ത്താവിന്‍റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു. എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്‍റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്‍റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:  വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു"(മലാക്കി:2;13-16). കര്‍ത്താവു വെറുക്കുന്നുവെന്ന് പറഞ്ഞാല്‍, അതില്‍ക്കൂടുതല്‍ വിശദീകരണം അവിടെ ആവശ്യമില്ല!
അസാധുവായ ബന്ധങ്ങള്‍!
വിജാതിയരുമായുള്ള വിവാഹം അസാധുവായിരിക്കുന്നതുപോലെ സാധുവല്ലാത്ത ബന്ധങ്ങള്‍ വേറെയുമുണ്ട്. ഏതുതരത്തിലുള്ള ബന്ധങ്ങളെയാണ്, കത്തോലിക്കാസഭ അസാധുവായി കണക്കാക്കുന്നതെന്ന് നോക്കുക:
വിവാഹം കഴിക്കുമ്പോഴും ഹര്‍ജി കൊടുക്കുമ്പോഴും എതിര്‍കക്ഷിക്ക് ലൈഗികവേഴ്ചക്ക് കഴിവില്ലാതിരിക്കുക!
നിയമം വിലക്കു കല്പിച്ചിട്ടുള്ളവരോ അടുത്ത ബന്ധത്തില്‍ പെട്ടവരോ ആയിട്ടുള്ള വ്യക്തികളുമായുള്ള വിവാഹം!
വിവാഹം കഴിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കക്ഷി ചിത്തഭ്രമമുള്ള ആളോ മന്ദബുദ്ധിയോ ആയിരിക്കുക!
വിവാഹം കഴിക്കുമ്പോള്‍ ആദ്യവിവാഹം റദ്ദാക്കപ്പെടാതിരിക്കുകയും ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുകയും ചെയ്യുക!
വിവാഹത്തിനുള്ള സമ്മതം ബലമായോ കപടമായോ ആയിരിക്കുക!
എതിര്‍കക്ഷിയുടെ അവിഹിതവേഴ്ച!

ഇത്തരം സാഹചര്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇവരുടെ ബന്ധം അസാധുവാണെന്നും ദൈവം യോജിപ്പിച്ച ബന്ധമല്ലെന്നും സഭ പ്രഖ്യാപിക്കും. വിശ്വാസപരമായ വ്യതിചലനവും സഭ പരിഗണിക്കാറുണ്ട്. ഉദാഹരണത്തിന്; ഒരാള്‍ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച് മറ്റുമതത്തിലേക്കോ സഭയിലേക്കോ പോയാല്‍ അവരുടെ വിവാഹം നിലനില്‍ക്കുന്നതല്ല! സഭയുടെ ഈ നിയമങ്ങള്‍ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്നതാണ്! മാത്രവുമല്ല, ഈ നിയമം ഒരു ആനുകൂല്യമായിട്ടാണ് നല്‍കുന്നത്. 'പൌളൈന്‍ പ്രിവിലെജ്' എന്നറിയപ്പെടുന്ന ഈ നിയമത്തിന് ആധാരമായ വചനമിതാണ്: "അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്‍റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല"(1കോറി:7;15). ഇതൊരു ആനുകൂല്യം മാത്രമാണെന്നു മറക്കരുത്! വചനത്തിന്‍റെ ബാക്കി വായിച്ചാല്‍ അതു വ്യക്തമാകും. വചനം നോക്കുക: "ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ് വിളിച്ചിരിക്കുന്നത്. അല്ലയോ സ്ത്രീ, നിനക്കു ഭര്‍ത്താവിനെ രക്ഷിക്കാന്‍ ആവുമോ എന്ന് എങ്ങനെ അറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെ രക്ഷിക്കാനാവുമോ എന്ന് എങ്ങനെ അറിയാം?"(1കോറി:7;16).
ഈ ലേഖനം ഉപസംഹരിക്കുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തിലെ ആ കിണറിന്‍കരയിലേക്ക് തിരിച്ചുപോകാം.
ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല!
സമരിയാക്കാരി സ്ത്രീയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവളോടൊപ്പമുള്ളവന്‍ ഭര്‍ത്താവല്ല എന്നാണു കര്‍ത്താവു പറഞ്ഞത്. അവളാകട്ടെ ആരെയും ഭര്‍ത്താവായി ഗണിച്ചിരുന്നുമില്ല! അവളോടൊപ്പം ഉണ്ടായിരുന്നവരില്‍ അഞ്ചുപേര്‍ ഒരുപക്ഷേ മോശയുടെ നിയമപ്രകാരം ഉപേക്ഷാപത്രം നല്‍കി പിരിഞ്ഞതായിരിക്കാം. എന്നാല്‍, ഇപ്പോള്‍ കൂടെ കഴിയുന്ന പുരുഷന്‍ അവളുടെ ആരുമല്ല! ഇന്ന് പലയിടത്തും കണ്ടുവരുന്ന മലിനമായ സംസ്കാരത്തിന്‍റെ പ്രതിനിധിയാണ് ഈ സമരിയാക്കാരി. സ്വന്തം ശാരീരിക അഭിലാഷങ്ങള്‍ നിവര്‍ത്തിക്കാന്‍വേണ്ടി മാത്രം ഇണകളെ മാറിമാറി പരീക്ഷിക്കുന്ന പൈശാചിക സംസ്കാരത്തിന്‍റെ മുന്‍ഗാമി! ഇന്ന് യേശു കടന്നുവന്നാല്‍ ആരോടെല്ലാം ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്ന് ആത്മശോധന ചെയ്യുക! സ്ത്രീകളോടു മാത്രമല്ല, പുരുഷന്മാരെയും ചേര്‍ത്താണ്  മനോവയിതു പറയുന്നത്. നിങ്ങള്‍ ജന്മം നല്‍കുന്നത് ജാരസന്തതികള്‍ക്കാണ് എന്നത് പാപത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു!
ഭര്‍ത്താവിന്‍റെ ബീജത്തില്‍നിന്ന് സന്തതികളെ ഉദരത്തില്‍ വഹിക്കുകയും ഹൃദയത്തില്‍ അന്യപുരുഷനെ താലോലിക്കുകയും ചെയ്യുന്നുവെങ്കില്‍ ഉള്ളില്‍ വളരുന്നത് ജാരസന്തതിയാണെന്ന് മനസ്സിലാക്കുക! നിങ്ങളുടെ ചിന്തകളും വികാരങ്ങളും അതേപടി പകര്‍ത്തിവച്ചുകൊണ്ടാണ് ആ ശിശു പുറത്തേക്ക് വരുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ വസ്തുത നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ബൈബിളില്‍ കുറിച്ചുവച്ചു! ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി 'ഗര്‍ഭപാത്രം ഒരു പരിശീലനക്കളരി' എന്ന ലേഖനം വായിക്കുക! സൂചനയായി ഒരുകാര്യം മാത്രം കുറിക്കാം: ഒരു മനുഷ്യന്‍റെ വ്യക്തിത്വം അമ്പതു ശതമാനവും ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ടതാകുന്നു!
പൂര്‍വ്വകാമുകന്മാരുടെ സ്മരണകള്‍ താലോലിച്ച് മറ്റൊരു പുരുഷനോടൊപ്പം സുരക്ഷിതയെന്നു ധരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വ്യഭിചാരിണികളാണെന്നും വരാനിരിക്കുന്ന ദുരന്തം ഒരു കെണിപോലെ എപ്പോള്‍ വേണമെങ്കിലും വന്നു പതിക്കുമെന്നും ഓര്‍ത്തിരിക്കുക! അപ്രകാരംതന്നെ പുരുഷന്മാരും ഇതു വിസ്മരിക്കരുത്! മണിയറ മലിനമാകാതിരിക്കട്ടെ! നിങ്ങള്‍ക്കിടയില്‍ അന്യരുടെ ഓര്‍മ്മപോലും വിശുദ്ധജന്മങ്ങള്‍ക്ക് തടസ്സമാകും. ഈ വിധത്തിലുള്ള ബന്ധങ്ങള്‍ വേരോടെ പിഴുതെറിഞ്ഞ് വചനത്തിലേക്ക് തിരിയാത്തപക്ഷം ഈ ലോകത്ത് സമാധാനമോ വരാനിരിക്കുന്ന ലോകത്ത് നിത്യജീവനോ ആരും പ്രതീക്ഷിക്കരുത്! നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകുന്ന ജീവജലം കര്‍ത്താവില്‍നിന്നു സ്വീകരിക്കണമെങ്കില്‍ അനിവാര്യമായ കാര്യങ്ങളാണ് ഇവിടെ കുറിക്കപ്പെട്ടത്.
വ്യാഖ്യാനം ആവശ്യമില്ലാത്തവിധം വ്യക്തതയോടെ അറിയിച്ചിട്ടുള്ള ഈ വചനങ്ങളെ തങ്ങളുടെതന്നെ നാശത്തിനുവേണ്ടി വളച്ചൊടിക്കുന്നവര്‍, മറ്റുള്ളവരെയും തങ്ങളോടൊപ്പം നരകത്തിലേക്കു നയിക്കുകയാണ്! കൂടാതെ, വേരുപിടിക്കാന്‍ ശേഷിയില്ലാത്ത ജാരസന്തതികളെക്കൊണ്ട് ഈ ഭൂമുഖം നിറയ്ക്കുകയും ചെയ്യുന്നു!
 http://www.manovaonline.com/newscontent.php?id=137

1 comment:

  1. കന്യാസ്ത്രീകൽ എന്ത് ചെയ്യണമെന്ന് സഭ തീരുമാനിക്കും. അവർ എവിടെ കിടക്കണം
    എവിടെ ഉറങ്ങണം എന്ത് കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സഭയാണ്. സഭ
    പറയുകയാണ് ഇന്ന് ഒന്നിനും രണ്ടിനും പോകരുത്, അതും അവർ അനുസരിച്ചെ പറ്റൂ.
    അനുസരണ അതാണ് ഒരു സന്യാസിനിക്ക് വേണ്ടത്. മുകളിൽനിന്ന് കല്പന വന്നാൽ
    അത് അപ്പാടെ അനുസരിച്ചുകൊള്ളണം. അല്ലാത്തപക്ഷം കിടക്കുന്നിടത്ത്നിന്നായിരിക്കില്ല
    ഉണർന്ന് എഴുന്നേൽക്കുന്നത്. ചിലപ്പോൽ ഉണരാൻ ആകാത്തവിധം കിണറ്റിലോ സെഫ്റ്റി
    ടാങ്കിലോ ആയിരിക്കും അന്ത്യം. സഭയുടെ ഈ വൃത്തികെട്ട പ്രവണത നിർത്തണം. ഒന്നും
    അറിയാത്ത പിഞ്ചു കുഞ്ഞുങ്ങളേയും ക്രിസ്തുവിന്റെ മണവാട്ടിമാരായി കഴിയേണ്ട
    പാവങ്ങളായ സിസ്റ്റേർസിനേയും തെരുവിലേക്കു തള്ളിവിടുന്ന ഈ പ്രവണത നിർത്തണം.
    ഓരോ രൂപതയുടെകീഴിലും രൂപതാദ്ധ്യക്ഷന്മാർ പ്രചോധനം നൽകുന്ന ഈ വൃത്തികെട്ട
    സംബ്രദായം ആവർത്തിക്കാതിരിക്കാൻ ജനങ്ങൽ മുന്നോട്ട് വരണം. അബലകളായ സ്ത്രീകളേയും
    കുഞ്ഞുങ്ങളേയും വെറുതെവിടണം. ആദ്യം സഭ നന്നാകണം, എന്നിട്ട്മതി മറ്റ് കാര്യങ്ങളിലേക്ക്
    കടക്കാൻ. നരഭോചികളായ കുറെ മെത്രാന്മാരുടേയും അവരെ പിന്താങ്ങുന്ന കാമവെറിയന്മാരായ
    വൈദികരും ആദ്യം നന്നാകണം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin