Friday 5 December 2014

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രൂക്ഷമാകുന്നത് ആശങ്കാജനകം:ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍



ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രൂക്ഷമാകുന്നത് ആശങ്കാജനകം:ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
ന്യൂഡല്‍ഹി:ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങളും വിരുദ്ധ അജണ്ടകളും ശക്തിപ്രാപിച്ചുവരുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്നതും തലമുറകളായി കാത്തുസൂക്ഷിക്കുന്നതുമായ മതേതരത്വ നിലപാടുകള്‍ സംരക്ഷിയ്ക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടിയന്തരവും ശക്തവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി കത്തിയ സംഭവത്തില്‍ ദുരൂഹതകളേറെയുണ്ട്. അന്വേഷണത്തിനു തയ്യാറായ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി ക്രൈസ്തവര്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും നേരെ നടന്ന അക്രമങ്ങള്‍ നടന്നത് നിസാരവത്കരിക്കരുത്. നവംബര്‍ 24 ന് ജാംഷഡ്പൂര്‍ രൂപതയിലെ ബസ്താറില്‍ ക്രൈസ്തവ സ്‌കൂളിനുനേരെ വിശ്വാസത്തെ വെല്ലുവിളിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നവംബര്‍ 30 ന് മദ്ധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ രണ്ട് ക്രൈസ്തവദേവാലയ ഭവനങ്ങള്‍ ആക്രമിക്കപ്പെട്ടു.

ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയവാദികള്‍ ലക്ഷ്യം വയ്ക്കുന്നത് ക്രൈസ്തവ മിഷനറിമാരെയുും വിശ്വാസികളെയുമാണ്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ ഡല്‍ഹിയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യപ്പെട്ടത് വലിയ വര്‍ഗീയ രൂപീകരണത്തിന് ഇടനല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവരുള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന രീതിയില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ സമൂഹത്തില്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് ഷെവലിയാര്‍ വി.സി.സെബാസറ്റിയന്‍ പറഞ്ഞു.

ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ ഭാരതമണ്ണില്‍ സ്വാധീന ശക്തിയായി മാറുവാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ തന്നെ വര്‍ഗ്ഗീയവാദം രൂക്ഷമാകുന്നത് ജനജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ പൊതുസമൂഹമനസാക്ഷി ഉണരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
 http://4malayalees.com/index.php?page=newsDetail&id=52953

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin