Monday 2 June 2014

കന്യാസ്‌ത്രീപട്ടത്തിന്‌ പഠിക്കുന്ന വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

പറവൂര്‍: കന്യാസ്‌ത്രീപട്ടത്തിന്‌ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഉറങ്ങികിടക്കുമ്പോള്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. വൈദിക വിദ്യാര്‍ഥിനിയായ ഡെല്‍ഫി (24) നെയാണ്‌ മണ്ണെണ്ണ ഒഴിച്ച്‌ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്‌.
പറവൂര്‍ കോണ്‍വന്റ്‌ റോഡിനു സമീപമുള്ള സെന്റ്‌ ആന്റ്‌സ്‌ കോണ്‍വന്റില്‍ ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. സംഭവുമായി ബന്ധപ്പെട്ട്‌ മറ്റൊരു വൈദിക വിദ്യാര്‍ഥിയെ റെയ്‌ച്ചലിനെ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. ഗുരുതരമായി പൊള്ളലേറ്റ ഡെല്‍ഫി പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അഞ്ചാംവര്‍ഷ വൈദിക വിദ്യാര്‍ഥികളാണ്‌ ഇരുവരും. ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരും ശത്രുതയില്‍ കഴിയുകയായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതായി ഡിവൈ.എസ്‌.പി. വി.കെ. സനല്‍കുമാര്‍ പറഞ്ഞു.
റെയ്‌ച്ചലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു വൈദിക വിദ്യാര്‍ഥിനിയുമായി ഡെല്‍ഫി ബന്ധം സ്‌ഥാപിച്ചതിലുള്ള വൈരാഗ്യവും സംഭവത്തിനു കാരണമായതായി അദേഹം പറഞ്ഞു. ഡെല്‍ഫി ഉള്‍പ്പെടെ ആറ്‌ വൈദിക വിദ്യാര്‍ഥിനികള്‍ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ്‌ ഡെല്‍ഫിയെ മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ റെയ്‌ച്ചല്‍ ശ്രമിച്ചത്‌. ഡെല്‍ഫിയുടെ നിലവിളികേട്ട്‌ ഞെട്ടി ഉണര്‍ന്ന മറ്റു വിദ്യാര്‍ഥിനികള്‍ വെള്ളമൊഴിച്ച്‌ തീ അണക്കുകയായിരുന്നു. മണ്ണെണ്ണയുടെ കന്നാസും തീപ്പെട്ടിയും അടുക്കളയില്‍ കൊണ്ടുപോയിവച്ചതിനുശേഷമാണ്‌ റെയ്‌ച്ചല്‍ ഹാളില്‍ എത്തിയതെന്ന്‌ മറ്റു വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വൈദിക പഠനത്തിന്റെ ഭാഗമായി ഇരുവരെയും അടുത്താഴ്‌ച ആന്ധ്രയിലെ ഒരു കോണ്‍വന്റിലേക്ക്‌ വിടാന്‍ വൈദിക സഭ തീരുമാനിച്ചിരുന്നു.

 http://www.mangalam.com/print-edition/crime/190052

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin