Monday 2 June 2014

വൈദിക വിദ്യാർത്ഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
Posted on: Monday, 02 June 2014
http://news.keralakaumudi.com/news.php?nid=fe5ffbaece72c5eab490bb285a6de48c

പറവൂർ സെന്റ് ആൻസ് കോൺവെന്റിൽ
 സഹ വിദ്യാർത്ഥിനി അറസ്റ്റിൽ
 ഉറക്കത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ
സംഭവം കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി


പറവൂർ: കന്യാസ്ത്രീ മഠത്തിൽ വൈദിക വിദ്യാർത്ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് സഹ വിദ്യാർത്ഥിനി അറസ്റ്റിലായി.
പറവൂർ പെരുമ്പടന്ന സെന്റ് ആൻസ് കോൺവെന്റിലെ അഞ്ചാം വർഷ വൈദിക വിദ്യാർത്ഥിനിയായ ചെല്ലാനം കടവുങ്കൽ വർഗീസിന്റെ മകൾ ഡെൽഫി (24) ആണ് ഗുരുതരമായി പൊള്ളലേറ്റ് പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ കഴിയുന്നത്. ഡെൽഫിക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ചേർത്തല അർത്തുങ്കൽ  വലിയപറമ്പിൽ റെയ്ച്ചലാണ് (22) അറസ്റ്റിലായത്. ഇരുവരും തമ്മിലുളള ശത്രുതയാണ് കൊലപാതക ശ്രമത്തിന് പിന്നിൽ.
ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയിലെ ഡോട്ടർ ഒഫ് ആൻസിന്റെ കീഴിലുള്ളതാണ് കോൺവെന്റ്. ഏഴ് കന്യാസ്ത്രീകളും ഏഴ് വൈദിക വിദ്യാർത്ഥിനികളുമാണ് ഇവിടെ അന്തേവാസികൾ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോൺവെന്റിലെ ഒന്നാം നിലയിലെ ഹാളിലാണ് വിദ്യാർത്ഥിനികൾ താമസിച്ചിരുന്നത്. വസ്ത്രത്തിന് തീപിടിച്ച്  ഡെൽഫി ഒച്ചവച്ചപ്പോഴാണ്  മറ്റു വിദ്യാർത്ഥിനികൾ ഉണർന്നത്.  താഴത്തെ നിലയിലുണ്ടായിരുന്ന കന്യാസ്ത്രീകളും ഹാളിലേക്ക് ഓടിച്ചെന്നു. എല്ലാവരും ചേർന്ന്  വെള്ളമൊഴിച്ച് തീയണച്ച്  ഡെൽഫിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതി റെയ്ച്ചലും തീയണയ്ക്കാൻ ഒപ്പമുണ്ടായിരുന്നു. സ്വയം തീകൊളുത്തിയതല്ലെന്നു ഡെൽഫി പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.
പിന്നീട് പറവൂർ പൊലീസും മജിസ്ട്രേട്ടും ആശുപത്രിയിലെത്തി ഡെൽഫിയുടെ മൊഴിയെടുത്തു. ആലുവ റൂറൽ ഡിവൈ.എസ്.പി വി.കെ. സനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ ടി.ബി. വിജയൻ, സബ് ഇൻസ്പെക്ടർ എ.സി. മനോജ് കുമാർ എന്നിവരുടെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വൈദിക വിദ്യാർത്ഥിനികളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ റെയ്ച്ചൽ മാത്രം വ്യത്യസ്തമായ മൊഴികളാണ് നൽകിയത്.  പിന്നീട് കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ്കേസ്. കോൺവെന്റ് അധികൃതർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മണ്ണെണ്ണയിൽ കത്തിയത് വർഷങ്ങൾ നീണ്ട ശത്രുത


പറവൂർ: സെന്റ് ആൻസ് കോൺവെന്റിൽ അഞ്ച് വർഷമായി ഒരുമിച്ചു കഴിയുന്ന വൈദിക വിദ്യാർത്ഥിനികളായ ഡെൽഫിയും റെയ്ച്ചലും തമ്മിലുള്ള ശത്രുതയ്‌ക്ക് ഏറെ പഴക്കമുണ്ട്.
കന്യാസ്ത്രീ പട്ടം ലഭിക്കാൻ ഒരു വർഷത്തെ പഠനം മാത്രമാണ് ഇവർക്ക് അവശേഷിക്കുന്നത്. ഇരുവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ കോൺവെന്റിൽ വച്ച് ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അന്ന് ഡെൽഫിയുടെ മുഖത്ത് റെയ്ച്ചൽ അടിച്ചു. അന്ന് കോൺവെന്റ് സുപ്പീരിയർ റെയ്ച്ചലിനെ താക്കീത് ചെയ്‌തിരുന്നു.
റെയ്ച്ചലിന്റെ അടുത്ത സുഹൃത്തായ വിദ്യാർത്ഥിനി ജിസ്‌മിക്കൊപ്പം ഡെൽഫിയെ മൂന്നുമാസത്തെ പഠനത്തിന് ആന്ധ്രയിലേക്ക് വിടാനുള്ള കോൺവെന്റ് അധികൃതരുടെ തീരുമാനമാണ് തീകൊളുത്തുന്നതിലേക്ക് വഴിയൊരുക്കയിത്.
കോൺവെന്റിൽ ഓരോ ദിവസവും ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചുമതല ഓരോ വിദ്യാർത്ഥിനിക്കാണ്. സംഭവദിവസം റെയ്ച്ചലിനായിരുന്നു ചുമതല. സ്റ്റൗവിലെ  മണ്ണെണ്ണ പ്ളാസ്റ്റിക് കുപ്പിയിലാക്കി കിടക്കുന്ന ഹാളിൽ നേരത്തേ തന്നെ റെയ്ച്ചൽ കൊണ്ടു വച്ചു അത്താഴത്തിന് ശേഷം തീപ്പെട്ടിയും എടുത്തു വച്ചു. എല്ലാവരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം  ഡെൽഫിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉടൻ തന്നെ റെയ്ച്ചൽ കട്ടിലിൽ കയറി കിടക്കുകയും ചെയ്‌തു. ബഹളത്തിനിടെ എഴുന്നേറ്റ റെയ്ച്ചൽ തീ അണയ്ക്കാനും ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റാർക്കും സംശയം തോന്നാത്ത  തരത്തിൽ സഹായിച്ചിരുന്നു. തീപ്പെട്ടി രാവിലെ തന്നെ  അടുക്കളയിൽ  തിരികെ വച്ചു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin