Wednesday 11 June 2014

യുട്യൂബില്‍ തരംഗമായ കന്യാസ്ത്രീക്ക് റിയാലിറ്റി ഷോയില്‍ വിജയം

    |    Jun 07, 2014

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക വഴി ഇന്റര്‍നെറ്റിലും യുട്യൂബിലും തരംഗമായ കത്തോലിക്കാ കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ വിജയിയായി. ഇരുപത്തിയഞ്ചുകാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയ ആണ് 'ദി വോയ്‌സ് ഓഫ് ഇറ്റലി' എന്ന റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയത്.
കന്യാസ്ത്രീയുടെ കുപ്പായവും ക്രൂശിതരൂപവും അണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ക്രിസ്റ്റിന, തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു.

അമേരിക്കന്‍ പോപ് ഗായിക അലീസിയ കീസ് ആലപിച്ച 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനവുമായി റിയാലിറ്റി ഷോയില്‍ രംഗപ്രവേശം ചെയ്ത സിസ്റ്റര്‍ ക്രിസ്റ്റിന, വിധികര്‍ത്താക്കളെ അമ്പരപ്പിച്ചിരുന്നു. സിസ്റ്റര്‍ ആലപിച്ച ആ ഗാനം യുട്യൂബില്‍ ഇതുവരെ അഞ്ചുകോടിയിലേറെ തവണ പ്ലേ ചെയ്തു കഴിഞ്ഞു.


തന്റെ ഗാനങ്ങള്‍ 'ദൈവത്തിന്റെ സൗന്ദര്യ'മാണ് പ്രകടിപ്പിക്കുന്നതെന്ന് വിശ്വസിക്കുന്നതായി സിസ്റ്റര്‍ ക്രിസ്റ്റിന പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ 'നോ വണ്‍' പാടിക്കൊണ്ടാണ് റിയാലിറ്റി ഷോയില്‍ പ്രവേശിച്ചതെങ്കില്‍, 1980 കളിലെ സിനിമാഗാനമായ 'ഫ് ളാഷ്ഡാന്‍സ്....വാട്ട് എ ഫീലിങ്' എന്ന ഗാനം ആലപിച്ചാണ് അവര്‍ വിജയിയായത്. സിസ്റ്റര്‍ ക്രിസ്റ്റിന ഉള്‍പ്പടെ നാലുപേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

സിസ്റ്റര്‍ ക്രിസ്റ്റീന - ട്രോഫിയും കുരിശുമായി


62 ശതമാനം വോട്ട് നേടിയാണ് സിസ്റ്റര്‍ ക്രിസ്റ്റിന വിജയിച്ചത്. എന്നാല്‍, കന്യാസ്ത്രീയുടെ വേഷത്തില്‍ മത്സരിക്കാനുള്ള അവരുടെ തീരുമാനം ചില കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ത്തിയിരുന്നു.
ഇറ്റലിയിലെ സിസിലി സ്വദേശിയായ സിസ്റ്റര്‍ ക്രിസ്റ്റിന, 'ഉര്‍സുലിന്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി' വിഭാഗത്തില്‍പെട്ട കത്തോലിക്കാ കന്യാസ്ത്രീയാണ്.

സിസ്റ്റര്‍ ക്രിസ്റ്റിന റിയാലിറ്റി ഷോയ്ക്കിടെ

വിഷമകരമായ ഘട്ടത്തില്‍ തനിക്ക് പിന്തുണയേകിയ എല്ലാവര്‍ക്കും, പ്രത്യേകിച്ചും തന്റെ സഹകാരികളായ കന്യാസ്ത്രീകള്‍ക്ക്, അവര്‍ നന്ദി പറഞ്ഞു. പക്ഷേ, ആത്യന്തികമായി നന്ദി 'മുകളിലുള്ളയാള്‍ക്കാണെ'ന്ന് പ്രഖ്യാപിച്ച അവര്‍, വിജയിയായ തന്നോടൊപ്പം പ്രാര്‍ഥനാ ഗാനം ആലപിക്കാന്‍ ഷോയിലെ വിധികര്‍ത്താക്കളെയും ക്ഷണിച്ചു.

സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയ, ഗായികയും നടിയുമായ കൈലീ മിനോഗിനൊപ്പം 'ദി വോയ്‌സ് ഓഫ് ഇറ്റലി' ഷോയില്‍


'യേശു ഇവിടെ കടന്നുവരാന്‍ ഞാനാഗ്രഹിക്കുന്നു', പ്രാര്‍ഥനാ ഗാനത്തിന് ശേഷം അവര്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ചെവിക്കൊള്ളുന്ന കത്തോലിക്കാ സഭയെയാണ് താന്‍ പിന്തുടരുന്നതെന്നും സിസ്റ്റര്‍ ക്രിസ്റ്റിന പ്രഖ്യാപിച്ചു. (ചിത്രങ്ങള്‍ കടപ്പാട് :
Getty Images )

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin