Friday 11 November 2016

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരരെ പിടികൂടിയിട്ടു 3 മാസം: ദുരൂഹത വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ 10-11-2016 - Thursday
ഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് അല്‍ഖ്വയ്ദ ഭീകരരര്‍ പിടിയിലായതായി കഴിഞ്ഞ ജൂലൈ 30നു റിപ്പോര്‍ട്ടുണ്ടായിരിന്നു. തീവ്രവാദികള്‍ പിടിയിലായ കാര്യം പിന്നീട് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ ഭീകരരെ പിടികൂടിയിട്ട് 3 മാസം പിന്നിടുമ്പോഴും ഫാ. ടോമിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലയെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
യെമനിലെ സൈല എന്ന സ്ഥലത്തു നിന്നാണ് ഭീകരര്‍ പിടിയിലായത്. ഏദനിലെ ഷേഖ് ഓത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് സ്ഥിതീകരിച്ചു. 

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ഫാ. ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനം ആക്രമിച്ചു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയെന്ന് പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിരിന്നു. 

അവശനിലയില്‍ കഴിയുന്ന ഫാ.ടോമിന്റെ ചിത്രവും തട്ടികൊണ്ട് പോയവര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും സഭയുടെ ഭാഗത്ത് നിന്നുമുള്ള നിശബ്ദ സമീപനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ബ്ളോക്ക് ചെയ്യിപ്പിച്ചതോടെ അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കിയെന്നും ആരോപണമുണ്ട്. ഭീകരരില്‍നിന്ന് ജീവനു വേണ്ടി യാചിച്ചുള്ള വൈദികന്റെ ഫേസ്ബുക്ക് പോസ്റ്റും താടിയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. 

ഫാ.ടോം ഉപയോഗിച്ചു കൊണ്ടിരുന്ന ഈ അക്കൗണ്ട് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിനു ശേഷം പ്രവര്‍ത്തനരഹിതമായിരുന്നു. അക്കൗണ്ട് വീണ്ടും ജൂണ്‍ മാസത്തില്‍ സജീവമായി. ഫാ.ടോം അവശനിലയില്‍ ആണെന്നും അദ്ദേഹത്തിനു വേണ്ടി ആരും ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയാണു പോസ്റ്റുകള്‍ വന്നു തുടങ്ങിയത്. സലേഷ്യന്‍ സഭ നല്‍കിയ പരാതിയുടെ മേല്‍ ഈ അക്കൌണ്ട് ബ്ളോക്ക് ചെയ്യുകയായിരിന്നു. 

ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ ഉറപ്പ് പറയുവാന്‍ കഴിയില്ലെന്ന് അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫാ.ടോമിന്റെ തിരോധാനത്തിന് 7 മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി ക്രൈസ്തവ വിശ്വാസികള്‍ കഴിയുകയാണ്. 

വൈദികന്റെ മോചനത്തിന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രവാചക ശബ്ദം' ഓണ്‍ലൈന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിന്നു. Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ ഇത് വരെ 7100-ല്‍ അധികം ആളുകളാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 
http://pravachakasabdam.com/index.php/site/news/3184

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin