Friday 25 November 2016

നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ മുസ്ലീം ഗോത്രവര്‍ഗം നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 24-11-2016 - Thursday
അബൂജ: മുസ്ലീം ഗോത്രവിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്‍ നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും അധികവും സ്ത്രീകളും കുട്ടികളുമാണ്. നൈജീരിയായുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അഞ്ച് ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ദേവാലയങ്ങളും നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. 

പടിഞ്ഞാറന്‍ ആഫ്രിക്കയുടെ മധ്യഭാഗത്തുള്ള നൈജീരിയയില്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗവും ക്രൈസ്തവവിശ്വാസികളാണ്. ക്രൈസ്തവരുടെ സമ്പാദ്യവും, വസ്തുവകകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ച ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രം 16-ല്‍ അധികം ഗ്രാമങ്ങള്‍ ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു. 120-ല്‍ അധികം കെട്ടിടങ്ങള്‍, അക്രമികള്‍ ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ത്തതായി പ്രദേശവാസിയായ സാമുവേല്‍ അദാമു പറഞ്ഞു. 

"ഗ്രാമങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു തന്നെ അവര്‍ എല്ലാ ഭാഗത്തു നിന്നും തടസങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ഗ്രാമങ്ങളിലേക്ക് എത്തിയ അക്രമികള്‍ വെടിവയ്പ്പ് നടത്തുവാനും, സ്‌ഫോടക വസ്തുക്കള്‍ വീടുകള്‍ക്ക് നേരെ വലിച്ചെറിയുവാനും ആരംഭിച്ചു. അവരുടെ കൈയില്‍ വിവിധതരം ആയുധങ്ങളുണ്ടായിരുന്നു. പലരേയും മൃഗീയമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സ്ത്രീകളേയും, കുട്ടികളേയുമാണ് അവര്‍ കൂടുതലായും കൊലപ്പെടുത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപെടുവാന്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കഴിഞ്ഞില്ല". സാമുവേല്‍ അദാമു പറഞ്ഞു. 

പ്രാദേശിക സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുവാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നില്ലായെന്ന് ഇവാഞ്ചലിക്കന്‍ സഭയിലെ പാസ്റ്ററായ റവ: സഖറിയാഹ് ഗാഡോ ആരോപിച്ചു. 

"ചില സംഘടനകളുടെ ശക്തമായ സഹായമാണ് ക്രൈസ്തവര്‍ക്കു നേരെ ആക്രമണം നടത്തുന്നവരുടെ പ്രധാന പിന്‍ബലം. ദക്ഷിണ കഠൂന മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കുവാനും, എല്ലാ സ്ഥലത്തും അക്രമം വിതയ്ക്കുവാനുമാണ് ഇവരുടെ ശ്രമം. ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രവിഭാഗത്തിന്റെ ആക്രമണത്തില്‍ ക്രൈസ്തവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്". സഖറിയാ ഗാഡോ വിശദീകരിച്ചു. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 180-ല്‍ അധികം ക്രൈസ്തവരാണ് നൈജീരിയായില്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പതിനായിരത്തോളം ആളുകള്‍ ആക്രമണം ഭയന്ന് സ്വന്തസ്ഥലങ്ങള്‍ ഉപേക്ഷിച്ച് പുതിയ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ഈ കാലഘട്ടങ്ങളില്‍ നിരവധി ദേവാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
http://pravachakasabdam.com/index.php/site/news/3340

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin