വരുന്നൂ മാർത്തോമ്മാ കാർഡ്!
പ്രമേഹത്തിനുള്ള മരുന്നു കണ്ടുപിടിച്ചെന്നു വാർത്ത; എയിഡ്സിനു പ്രതിവിധി കണ്ടുപിടിച്ചെന്നും വാർത്ത. നേരെ കാഞ്ഞിരപ്പള്ളിക്കു പോരെ ശാസ്ത്രജ്ഞന്മാരെ - എന്തുമേതും പരീക്ഷിക്കാൻ ഇത്രയും പറ്റിയ സ്ഥലം നിങ്ങൾക്കു ഭൂമിയിൽ വേറൊരിടത്തും കിട്ടാൻ സാദ്ധ്യതയില്ല. അവകാശികളില്ലാതെ വന്നേക്കാവുന്ന സ്വത്തുക്കൾ ഏറ്റെടുത്താലെന്തു സംഭവിക്കുമെന്നു പരീക്ഷിച്ചു ഫലമുറപ്പുവരുത്തിയതു കാഞ്ഞിരപ്പള്ളിയിലാ; കുരിശു കുഴിച്ചിട്ടാൽ മുളക്കുമോന്നു കൃത്യമറിയാവുന്നതും കാഞ്ഞിരപ്പള്ളിക്കാർക്കാ; കുരിശും പലിശയുമെങ്ങിനെ ഒരു വള്ളിയിൽ കോർക്കാമെന്നു പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാ. 'ജാതിപത്ര'മുണക്കുന്നതെങ്ങിനെയെ ന്നും കാഞ്ഞിരപ്പള്ളിക്കാർക്കറിയാം - കാഞ്ഞ ബുദ്ധിയുള്ളവരാ സർവ്വരും തന്നെ. പക്ഷേ, സണ്ടേസ്കൂളിനു വേദപാഠക്ലാസ്സ് എന്നതിനു പകരം മതപഠനക്ലാസ്സെന്നാക്കി വേദപഠനം ഏതാണ്ടപ്പാടെ തന്നെ ഒഴിവാക്കിയ അതികാഞ്ഞ ബുദ്ധി കാഞ്ഞിരപ്പള്ളിക്കാരുടേതല്ല. പാലാക്കാർക്കു വേണ്ടാത്ത ദയാഭായിയെ പരീക്ഷിച്ചതും കാഞ്ഞിരപ്പള്ളിയിലാണ്. പേയ്മെന്റ് സീറ്റുമായി തിരഞ്ഞെടുപ്പിനു ചെന്നാൽ എത്രാമതാകുമെന്നും കാഞ്ഞിരപ്പള്ളിക്കാരൊടു ചോദിച്ചു നോക്കിക്കെ, അവർ പറയും - കൃത്യമായ മറുപടി. ഒരു നാടകനടിയെ ഒറ്റക്കു കിട്ടിയാൽ ഒരു മഹാനാടകം തന്നെ പ്രത്യേക സ്റ്റേജില്ലാതെ കളിക്കാമെന്നു കണ്ടുപിടിച്ചതും, പ്രഷർ താഴാതെ നോക്കാൻ പാതിരാക്കേതെങ്കിലും കൊച്ചു ക്ലിനിക്കിൽ ചെന്നാൽ മതിയെന്നു കണ്ടുപിടിച്ചതുമൊക്കെ കാഞ്ഞിരപ്പള്ളിക്കാർ. മഹാന്മാരാ അവർ, മഹാന്മാർ! ആലപ്പുഴഭാഗത്തുണ്ടായ തുള്ളലിനു ചികിൽസിക്കാൻ വൈദ്യരു പോയതു കാഞ്ഞിരപ്പള്ളിയിൽ നിന്നാ; കാഞ്ഞിരപ്പള്ളിക്കാരവരുടെ കമ്പ്യുട്ടർ ശരിയാക്കുന്നത് ചിറ്റൂരാ; അല്ലാതെ ചിറക്കടവിലല്ല. കാഞ്ഞിരപ്പള്ളിയി ൽ കുറഞ്ഞോരു കാലമായി നടന്നിടത്തോളം പരീക്ഷണങ്ങൾ വേറൊരിടത്തും നടന്നു കാണാനിടയില്ല (ഭാര്യവീടവിടെയായതുകൊണ്ട് പറയുകയാന്നു കരുതരുത്). സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും, ഞാൻ മാർക്സിസ്റ്റാണോ, ബി ജെ പി യാണോ അതോ കോൺഗ്രസ്സാണോ അല്ലെങ്കിൽ എനിക്കു പ്രായമെത്രയായി, ബുദ്ധിയുണ്ടോ വിവരമുണ്ടൊയെന്നൊക്കെപ്പോലും നിശ്ചയമില്ലാത്ത ആളുകളും കാഞ്ഞിരപ്പള്ളിയിലുണ്ട് - എല്ലാംകൂടി ഒത്തു വരില്ലല്ലോ!


ഇംഗ്ഗ്ലണ്ടിലും എന്തെങ്കിലും ഉടനേ നടക്കും. അവിടെ ജീവിക്കണമെങ്കിൽ സംസ്കൃതവും പഠിക്കണമെന്ന അവസ്ഥ! സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത്, "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത്." ഈ ശ്ലോകത്തിന്റെ അർത്ഥമായി ഒരിംഗ്ലീഷ് പ്രവാചകൻ പറയുന്നത്, 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു, ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്നുമാണ് ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന' തെന്നാണ്. ഇതിന്റെയർത്ഥം ഇങ്ങിനെയാണോന്നു വല്ലോരോടും ചോദിക്കുന്നതിനു മുമ്പ് വായനക്കാരാദ്യം ഈ വാചകം സാമവേദത്തിലുണ്ടൊന്നു പരിശോധിക്കുക, അതുപോലെ, ഇവിടെ എഴുതിയിരിക്കുന്നതതുപോലെയാണോന്നും നോക്കണം. 'ഉറി'യിലേപ്പോലെ നല്ല ടെൻഷനിൽ ഇടക്കു മുള്ളുവേലികെട്ടി ഇരുകൂട്ടരും നിൽക്കുമ്പോൾ ഓരോ സ്റ്റെപ്പും അതീവ ശ്രദ്ധയോടെ വേണം. ഞാൻ വാളുമായാ വന്നിരിക്കുന്നതെന്നു കർത്താവു പറഞ്ഞതിനെ ഞാനാളുമായാ വന്നിരിക്കുന്നതെന്നു വ്യഖ്യാനം ചെയ്ത വിരുതരും ഉണ്ടെന്നു വെച്ചോ; അതുകൊണ്ടാ പറയുന്നെ. സംസ്കൃതം മലയാളത്തിലാക്കിയാൽ മിനിമം പകുതിയോളം വാക്കുകളെങ്കിലും കൂടുതൽ വേണമെന്നത് എനിക്കേതായാലും പുതിയ അറിവാ. ഇനി ഉണ്ണീശോയെ കാണാൻ ബത്ലഹേമിൽ വന്നത് നാരദമഹർഷിയും സംഘവുമായിരുന്നോ? പ്രവാചകരെകൊണ്ടു തോറ്റു! അധികകാലം കഴിയുന്നതിനു മുമ്പ് ശ്രാമ്പിക്കൽ പിതാവിന്റെ വരവും നേരത്തെ രാമായണത്തിൽ പറഞ്ഞിട്ടുള്ളതാന്നും പറഞ്ഞ്, കാട്ടാളൻ വന്നു 'മാ നിഷാദയെന്നു' മുനിയുടെ വായിൽ നിന്നു കേൾക്കുന്നതിനു മുമ്പുള്ള ഒരു ശ്ലോകവും കൂടി ചൊല്ലിയാൽ നമുക്കെന്തു ചെയ്യാൻ പറ്റും? ഒരു കുട്ടി, പൗലോസ് ശ്ലീഹാ കുറേ ഇന്ത്യാക്കാർക്കെഴുതിയ (കൊറിന്ത്യ) കത്തു വായിച്ചതുപോലിരിക്കും, ആകമാനസഭയുടെ കാര്യം. പ്രിയ പ്രവാചകാ, സംസ്കൃതമില്ലാതെ സ്വന്തമായ ഒരഡ്രസ്സ് കർത്താവിനുണ്ട് - നിങ്ങൾക്കറിയില്ലെങ്കിലും.


തനിക്കടിച്ച എട്ടുകോടിയിൽ ഒരു കോടി അനാഥാലയത്തിനെന്നു ഗണേഷ് (ഓണം ബമ്പർ ജേതാവ്); ഭണ്ഡാരത്തിൽ വീണത് ഭണ്ടാരം തന്നെ കൊണ്ടുപോട്ടെയെന്നു ഞാൻ!
http://almayasabdam.blogspot.co.uk/
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin