Tuesday 4 October 2016

ഭാരതത്തിലെ വിശ്വാസ സമൂഹത്തിന് പ്രതീക്ഷ നല്‍കി ഫ്രാന്‍സിസ് പാപ്പ: പരിശുദ്ധ പിതാവ് അടുത്ത വര്‍ഷം ഭാരതം സന്ദര്‍ശിച്ചേക്കും

സ്വന്തം ലേഖകന്‍ 03-10-2016 - Monday

വത്തിക്കാന്‍: ഭാരതത്തിലെ വിശ്വാസ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന വാക്കുകളുമായി ഫ്രാന്‍സിസ് പാപ്പ. അടുത്ത വര്‍ഷം ഭാരതത്തിലേക്ക് തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പ്രതീക്ഷിക്കാമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 

അടുത്ത വര്‍ഷം പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ നടക്കുന്ന മരിയന്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ താന്‍ പങ്കെടുക്കുമെന്ന കാര്യവും പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്റ്റ് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാരും ഇതിന് മുമ്പ് ഫാത്തിമയില്‍ സന്ദര്‍ശനം നടത്തി തിരുനാളിന് കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. 

ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. 

2013 മാര്‍ച്ച് മുതല്‍ ഇതുവരെ ഫ്രാന്‍സിസ് മാര്‍പാപ്പ 16 രാജ്യങ്ങളില്‍ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തീകരിച്ചു. മാര്‍പാപ്പ സന്ദര്‍ശിച്ച രാജ്യങ്ങള്‍ എല്ലാം തന്നെ വലിയ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന രാജ്യങ്ങളല്ലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. താന്‍ വലിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും, എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി പറയുവാന്‍ സാധിക്കില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി പേപ്പല്‍ വിമാനത്തില്‍വച്ച് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
http://pravachakasabdam.com/index.php/site/news/2745

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin