Friday, 29 July 2016

പള്ളികളിലെ വീഞ്ഞ് ഉത്പാദന നിരോധനം

ബീഹാറിന് പിന്നാലെ യുപിയും മധ്യപ്രദേശും വീഞ്ഞ് ഉല്‍പ്പാദനം നിരോധിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് !

ന്യൂസ് ബ്യുറോ , ബീഹാര്‍ » Posted : 28/07/2016
പാട്ന: മദ്യ നിരോധനത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കാന്‍ പള്ളികള്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കിയ ബീഹാര്‍ സര്‍ക്കാരിന്റെ നടപടി മാതൃകയാക്കാന്‍ യു പി, മധ്യപ്രദേശ് സര്‍ക്കാരുകളും ഒരുങ്ങുന്നതായി സൂചന.



നൂറ്റാണ്ടുകളായി ക്രൈസ്തവ വിഭാഗങ്ങള്‍ ആചാരപരമായി പിന്തുടരുന്ന അനുഷ്ഠാനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാകും ഇതെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയപ്പോള്‍ ഇത് പള്ളികള്‍ക്കും ബാധകമാക്കി എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കുകയായിരുന്നു.

വിശുദ്ധ കുര്‍ബ്ബാനയ്ക്കായി ആല്‍ക്കഹോള്‍ അടങ്ങിയ വീഞ്ഞ് ഉപയോഗിക്കുന്നതിനു പകരം മുന്തിരി ചാറോ, മുന്തിരി നീരോ ഉപയോഗിച്ചുകൊള്ളാനായിരുന്നു ബീഹാര്‍ സര്‍ക്കാരിന്റെ വിചിത്ര നിര്‍ദ്ദേശം. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നാമമാത്ര അളവില്‍ മാത്രം അനുഷ്ഠാനങ്ങളുടെ ഭാഗമായി മാത്രം ഉപയോഗിക്കുന്ന വീഞ്ഞ്, ഈ ഒരു ഉപയോഗത്തിനല്ലാതെ പള്ളികള്‍ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യാറില്ല.

മാത്രമല്ല ലഹരി അധികരിക്കാത്ത വിധം തികച്ചും പ്രകൃത്യാ ഉള്ള കൂട്ടുകള്‍ ഉപയോഗിച്ച് മാത്രമേ ഇത്തരം വീഞ്ഞുകള്‍ ഉപയോഗിക്കുകയുള്ളൂ. പള്ളിയില്‍ ഉപയോഗിക്കുന്ന വീഞ്ഞ് കുടിച്ച് ആരും പൂസായ ചരിത്രം ഇന്ത്യയിലെങ്ങുമില്ല. അത് പള്ളിയ്ക്ക് പുറത്ത് ഉപയോഗിക്കുന്ന പതിവുമില്ല. മാത്രമല്ല, വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഉപയോഗിക്കുന്നതിനുള്ള വസ്തു എന്ന നിലയില്‍ അതിനെ മറ്റൊരു രീതിയില്‍ വിനിയോഗിക്കാന്‍ ആരും തയാറാകുകയുമില്ല.

വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പരമാവധി 20 - 30 മില്ലി മാത്രമാണ് ഇതുപയോഗിക്കുക. അത്തരം ഒരുത്പന്നത്തെ മദ്യത്തിന്റെ ഗണത്തില്‍പ്പെടുത്തിയ ബീഹാര്‍ എക്സൈസ് കമ്മീഷ്ണര്‍ ആദിത്യകുമാര്‍ ദാസിന്റെ കൃത്യനിര്‍വ്വഹണ ബോധത്തെ അതിശയകരമെന്നേ വിശേഷിപ്പിക്കാനാകൂ. അതിന് അനുമതി നല്‍കിയ മുഖ്യമന്ത്രി നിധീഷ്കുമാറിനെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യു പി, മധ്യപ്രദേശ് എക്സൈസ് വകുപ്പുകള്‍ ആല്‍ക്കഹോള്‍ കലര്‍ന്ന വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിന് പള്ളികള്‍ക്ക് നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാക്കാന്‍ ആലോചിക്കുന്നത്. മദ്യ നിരോധനത്തിന്റെ ഭാഗമായി പള്ളികളില്‍ ഉപയോഗിക്കുന്ന വീഞ്ഞിന്റെ ഉത്പാദനം നിരോധിക്കണമെന്ന ആവശ്യം കേരളത്തിലും ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധന നടപടികള്‍ക്കിടെയിലായിരുന്നു ഈ ആവശ്യം ഉയര്‍ന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള പരിഷ്കാരങ്ങള്‍ക്ക് സാധാരണ രീതിയില്‍ മുതിരാറില്ല. ബീഹാറിലേതും യു പിയിലെതും ബി ജെ പി ഇതര സര്‍ക്കാരുകളുമാണ്.

മധ്യപ്രദേശില്‍ മാത്രമാണ് ബി ജെ പി സര്‍ക്കാര്‍ ഉള്ളത്. മാത്രമല്ല ഇരു സംസ്ഥാനങ്ങളിലും കടുത്ത മദ്യ നിരോധന നടപടികളും നിലവിലില്ല. ഈ സാഹചര്യത്തില്‍ പള്ളികളിലെ വീഞ്ഞ് ഉല്‍പ്പാദനത്തിനെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകുക പ്രയാസമായിരിക്കും.
Posted by 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin