Friday 22 July 2016

ഈ നിലവിളക്കില്‍ പവ്വത്തിന്റെ താമര ക്രിഷിയില്ലാത്തത് എന്തുകൊണ്ട്, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി?

ദൈവശാസ്ത്രകാഴ്ചപ്പാടുകളില്‍ സഭയുടെ തനതായ സംഭാവനകള്‍ പ്രതിഫലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

22-07-2016 - Friday
കൊച്ചി: സഭയിലെ ദൈവശാസ്ത്രകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ തനിമ പ്രതിഫലിപ്പിക്കാന്‍ ദൈവശാസ്ത്രപണ്ഡിതര്‍ക്കു സാധിക്കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വ്യക്തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി തനതായ സംഭാവനകള്‍ നല്‍കാന്‍ സീറോ മലബാര്‍ സഭയ്ക്കും സഭയിലെ ദൈവശാസ്ത്രജ്ഞര്‍ക്കും കഴിയും. അതുവഴി സീറോ മലബാര്‍ ദൈവശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രീകസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതില്‍ വ്യക്തതയാര്‍ന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്തിസഭ എന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ ശുശ്രൂഷകള്‍ ദൈവവചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാര്‍ഥനയിലും രൂപീകരിക്കപ്പെടണം. പ്രാര്‍ഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാള്‍ ആഘോഷങ്ങള്‍, നോമ്പാചരണം തുടങ്ങിയവയും നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാര്‍ സഭ ആഗോളസഭയ്ക്കായി നല്‍കേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു. 

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

മോണ്‍.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ. ഡോ. ജോയ് അയിനിയാടന്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ.ഡോ. സിസ്റ്റര്‍ പ്രസന്ന, റവ.ഡോ. തോമസ് ഐക്കര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയും ഉണ്ടായിരുന്നു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനി, എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. 

സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം സഭയുടെ ദൈവശാസ്ത്ര കമ്മീഷനാണ് സംഘടിപ്പിച്ചത്. കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്കു പുറമേ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂര്‍, സാഗര്‍, ഉജ്ജയിന്‍, സത്‌ന, ജഗദല്‍പൂര്‍, കല്യാണ്‍, ഫരീദാബാദ്, മെല്‍ബണ്‍, ചിക്കാഗോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറു ദൈവശാസ്ത്ര പണ്ഡിതര്‍ സമ്മേളനത്തിനത്തില്‍ പങ്കെടുത്തു. 

http://pravachakasabdam.com/index.php/site/news/2027

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin