Thursday 7 July 2016

സമാധാനത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ ആയുധങ്ങളും വില്‍ക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

http://pravachakasabdam.com/index.php/site/news/1882
സ്വന്തം ലേഖകന്‍ 06-07-2016 - Wednesday
വത്തിക്കാന്‍: സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ലോകത്തില്‍ നാം കാണുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിന്തിക്കുവാന്‍ കഴിയുന്നതിലുമപ്പുറം പണം ആയുധ വ്യാപാരത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്നു പറഞ്ഞ പിതാവ്, സമാധാന ശ്രമങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്റര്‍നാഷണല്‍ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. സമാധാനം സിറിയയിലും സാധ്യമാണെന്ന് അര്‍ത്ഥം വരുന്ന 'പീസ് പോസിബിള്‍ ഫോര്‍ സിറിയ' എന്നതാണ് പുതിയ പ്രചാരണത്തിന്റെ മുദ്രാവാക്യം. 

സിറിയയിലും, പ്രശ്‌നങ്ങള്‍ നടക്കുന്ന മറ്റ് രാജ്യങ്ങളിലും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ക്ക് ആയുധങ്ങളും വില്‍ക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു." വലത്തേ കൈകൊണ്ടു നിങ്ങളെ തലോടുകയും ഇടത്തേ കൈകൊണ്ടു നിങ്ങളുടെ കരണത്ത് അടിക്കുകയും ചെയ്യുന്ന വ്യക്തികളെ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കുവാന്‍ കഴിയും. സിറിയയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ വാക്കുകളാല്‍ വിവരിക്കുവാന്‍ കഴിയില്ല. എന്റെ ഹൃദയത്തെ തീവ്രമായി വേദനിപ്പിക്കുന്ന ഒന്നായി സിറിയ മാറിയിരിക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ അഭിപ്രായ വ്യത്യസങ്ങളും പ്രശ്‌നങ്ങളും മറന്ന് നമുക്ക് ഒരുമിച്ച് ശക്തിയോടെ പ്രഖ്യാപിക്കാം. സിറിയയില്‍ സമാധാനം സാധ്യമാണ്....സിറിയയില്‍ സമാധാനം സാധ്യമാണ്...."മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. 

ലോക നേതാക്കള്‍ സിറിയയുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. ഇടവക തലങ്ങളിലും കൂട്ടായ്മകളിലും സിറിയയിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ സൈനീക ശക്തിയിലൂടെ കാര്യങ്ങള്‍ ശാന്തമാക്കുവാന്‍ കഴിയില്ലെന്നും പകരം രാഷ്ട്രീയ നയതന്ത്ര പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.
പലതരം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സന്നദ്ധ സംഘടനയാണ് കാരിത്താസ്. കാരിത്താസിന്റെ ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതി നടക്കുന്നത് തന്നെ തീവ്രവാദം നിറഞ്ഞാടുന്ന സിറിയയിലാണ്. സമാധാനം സിറിയയിലേക്ക് കൊണ്ടുവരുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുതിയ പ്രചാരണത്തിന് കാരിത്താസ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേകം ഹാഷ് ടാഗും ഇവര്‍ സൃഷ്ടിച്ചുകഴിഞ്ഞു. സിറിയയിലും സമാധാനം സാധ്യമാണ് എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന #peacepossible4syria എന്നതാണ് ഈ ഹാഷ്ടാഗ്. ഒരോ രാജ്യത്തേയും ഭരണാധികാരികളെ സിറിയയില്‍ സമാധാനം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുക എന്നതാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. 

അഞ്ചു വര്‍ഷമായി സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ രണ്ടേമുക്കാന്‍ ലക്ഷം പേര്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടമായതായിട്ടാണ് കണക്ക്. 4.6 മില്യണ്‍ സിറിയക്കാര്‍ അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 8 മില്യണ്‍ സിറിയക്കാര്‍ തങ്ങളുടെ സ്വന്തം സ്ഥലങ്ങള്‍ ഉപേക്ഷിച്ച് സംഘര്‍ഷം കുറഞ്ഞ മേഖലയിലേക്ക് മാറി അഭയാര്‍ത്ഥികളായി താമസിക്കുന്നു. ക്രൈസ്തവരും യെസീദി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമായ നിരവധി ആളുകളെ ഐഎസ് തീവ്രവാദികള്‍ കൊടും പീഡനങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തിയിരുന്നു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin