Wednesday 29 October 2014

ദേവാലയങ്ങളുടെ നഗരം, വിശുദ്ധ നഗരം





Print this Page
 
ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

റോമാ നഗരത്തില്‍ തൊള്ളായിരത്തിലേറെ ദേവാലങ്ങളുണ്ട്. ഇത്രയധികം ദേവാലയങ്ങളുള്ള മറ്റൊരു നഗരം ഉണ്െടന്നു തോന്നുന്നില്ല. റോമില്‍ നാലു പ്രധാനപ്പെട്ട ബസിലിക്കകളാണുള്ളത്. വിശുദ്ധ പത്രോസിന്റെ ബസിലിക്ക, വിശുദ്ധ പൌലോസിന്റെ ബസിലിക്ക, വിശുദ്ധ ജോണ്‍ ലാറ്ററെന്‍ ബസിലിക്ക, വിശുദ്ധ മരിയ മജോരെ ബസിലിക്ക. മുമ്പു വിശുദ്ധ ലോറന്‍സിന്റെ ബസിലിക്കയും അഞ്ചാമത്തെ പ്രധാന ബസിലിക്കയായി കാണപ്പെട്ടിരുന്നു. അഞ്ചു ബസിലിക്കകള്‍, ആദ്യകാലത്തെ അഞ്ച് പാട്രിയര്‍ക്കേറ്റുകളെ സൂചിപ്പിച്ചിരുന്നു. സാന്താ മരിയാ മജോരെ ദേവാലയം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്റെ സ്ഥാനിക ദേവാലയമായി ഗണിക്കപ്പെടുന്നു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും നാമകരണത്തിനു മുമ്പുള്ള ജാഗരണ പ്രാര്‍ഥന നടത്തുന്നത് സാന്താ മരിയാ മജോരെ ബസിലിക്കയിലാണ്. എസ്ക്വലിന്‍കുന്നിലെ ആദ്യ ദേവാലയത്തിന്റെ സ്ഥാനത്ത് 432 മുതല്‍ 440 വരെ സഭയെ ഭരിച്ചിരുന്ന സിക്സ്തൂസ് മൂന്നാമന്‍ മാര്‍പാപ്പ മറ്റൊരു ദേവാലയം പണിയിച്ചു. 431 ല്‍ നടന്ന എഫേസൂസ് സൂനഹദോസ് പരിശുദ്ധ കന്യകാമറിയത്തെ ദൈവമാതാവ് എന്നു പ്രഖ്യാപിക്കുകയുണ്ടായി. കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്തിന്റെ മഹത്വസ്മരണയ്ക്കായിട്ടാണ് സിക്സ്തൂസ് മൂന്നാമന്‍ പാപ്പ ബൃഹത്തായ പുതിയ ദേവാലയം പണിയിച്ചത്.

പിന്നീടു പല മാര്‍പാപ്പമാരും കാലപ്പഴക്കം കൊണ്ട് ഈ ദേവാലയത്തിന് ഉണ്ടായിട്ടുള്ള കേടുപാടുകള്‍ നികത്തുകയും ചില ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സിക്സ്തൂസ് മൂന്നാമന്‍ പാപ്പ അഞ്ചാം നൂറ്റാണ്ടില്‍ നല്‍കിയ ആകൃതിയും ഘടനയും കഴിവതും നിലനിര്‍ത്തിയിട്ടുണ്ട്. ആദ്യ ദേവാലയത്തിന് ഉപയോഗിച്ചിരുന്ന മാര്‍ബിള്‍, മൊസൈക് ഇവയൊക്കെ ഇപ്പോഴത്തെ ദേവാലയത്തിന്റെ നിര്‍മിതിയിലും ഉപയോഗിച്ചിട്ടുണ്ട്.

ഉണ്ണിമിശിഹാ ജനിച്ച പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് ഈ ബസിലിക്കയില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ പുല്‍ക്കൂടുമാതാവിന്റെ പള്ളി എന്നും ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നു. പരിശുദ്ധ മഞ്ഞുമാതാവിന്റെ ദേവാലയം, വിശുദ്ധ ലിബേരിയൂസിന്റെ പള്ളി എന്നിങ്ങനെ പല നാമങ്ങളില്‍ ഈ ദേവാലയം അറിയപ്പെട്ടിരുന്നു. ഇന്ന് അറിയപ്പെടുന്ന പേരായ സാന്താ മരിയ മജോരെ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നിരുന്നതായി കാണുന്നു. സാന്താ മരിയ മജോരെയുടെ ഇംഗ്ളീഷ് പരിഭാഷ സെന്റ് മേരി മജോര്‍ എന്നാണ്.

പഴയനിയമത്തില്‍നിന്നുള്ള രംഗങ്ങള്‍, ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇവയെല്ലാം മരിയ മജോരെ ദേവാലയത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചത് എന്നു വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം ഉണ്ണിയെയും വഹിച്ചുനില്‍ക്കുന്ന ഒരു മനോഹര ചിത്രവും ഇവിടെയുണ്ട്. ഈ ചിത്രത്തിനു രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ട് എന്നു ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞു.

ഈശോസഭാ സ്ഥാപകന്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള പ്രഥമ ദിവ്യബലി അര്‍പ്പിച്ചതു റോമിലെ മരിയ മജോരെ ദേവാലയത്തിലാണ്. പല വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും കബറിടങ്ങളും മരിയ മജോരെ ബസിലിക്കയിലുണ്ട്. ലത്തീന്‍ ഭാഷയിലുള്ള വുള്‍ഗാത്ത, ബൈബിളിന്റെ പരിഭാഷ, വ്യാഖ്യാനം ഇവ നിര്‍വഹിച്ച നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ കബറിടം, പയസ് അഞ്ചാമന്‍ പാപ്പാ, സിക്സ്തൂസ് അഞ്ചാമന്‍ പാപ്പാ എന്നിവരുടെ കല്ലറകള്‍ എന്നിവ അവയില്‍ പ്രധാനങ്ങളാണ്. മരിയ മജോരെയുടെ ഇന്നത്തെ മുഖവാരം ഫെര്‍ഡിനാന്‍ഡ് ഫൂഗാ 18-ാം നൂറ്റാണ്ടില്‍ രൂപകല്പന ചെയ്തതാണ്. അഗ്രം പിരമിഡ് രൂപത്തിലുള്ള മരിയ മജോരെയുടെ മണിമാളികയാണു റോമിലെ ഏറ്റവും ഉയരമുള്ള മണിമാളിക - 75 മീറ്റര്‍.

സാന്താ മരിയ മജോരെ ബസിലിക്കയോടു ചേര്‍ന്നു രണ്ടു ചത്വരങ്ങളാണുള്ളത്. സാന്താ മരിയ മജോരെ ചത്വരം മുന്നിലും എസ്ക്വിലിന്‍ ചത്വരം പിറകിലും. ഇറ്റാലിയന്‍ ഭാഷയില്‍ പിയാത്സാ ദി മരിയ മജോരെ, പിയാത്സാ എസ്ക്വിലീനോ എന്നു യഥാക്രമം ഇവ അറിയപ്പെടുന്നു.


പിയാത്സ ദി മരിയ മജോരെയുടെ മധ്യത്തില്‍ കാണുന്ന സ്തൂപത്തിന്റെ മുകളിലായി ഉണ്ണിയേശുവിനെ സംവഹിച്ചുനില്‍ക്കുന്ന കന്യകമറിയത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. റോമിലെ ആദ്യ ക്രൈസ്തവ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റൈന്‍ പണിയിച്ച ബസിലിക്കയുടെ സ്തംഭങ്ങളിലൊന്നാണ് ഈ സ്തൂപം. സിക്സ്തൂസ് അഞ്ചാമന്‍ പാപ്പയാണ് ഇത് ഇങ്ങോട്ടുമാറ്റി സ്ഥാപിക്കുന്നത്. ബസിലിക്കയുടെ പിറകിലുള്ള ചത്വരം എസ്ക്വിലീനോ കുന്നില്‍ ചരിവില്‍ത്തന്നെയാണ്. ഇതിന്റെ നടുവിലുള്ള ശിലാസ്തംഭം റോമില്‍ അഗസ്റസ് ചക്രവര്‍ത്തിയുടെ ബ്രഹ്മാണ്ഡമായ ശവകുടീരത്തിനടുത്തുനിന്നു ലഭിച്ചതാണ്. പതിനാറാം ശതകത്തിലാണ് ഇത് ഇവിടേക്കു മാറ്റിസ്ഥാപിക്കുന്നത്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin