Thursday 16 October 2014

പുനര്‍വിവാഹിതര്‍ക്കു വിശുദ്ധ കുര്‍ബാന പാടില്ല: സിനഡില്‍ നിര്‍ദേശം

mangalam malayalam online newspaperവത്തിക്കാനില്‍നിന്ന്‌ : ഇന്നലെ രാവിലെ 10:30 നു പന്ത്രണ്ടാമതു പൊതുസമ്മേളനത്തില്‍ വത്തിക്കാനിലെ സിനഡ്‌ ഹാളില്‍ ഭാഷാടിസ്‌ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പുകളിലെ ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ അവതരിപ്പിച്ചു. പത്തു ഭാഷാ ഗ്രൂപ്പുകളിലെയും തീരുമാനങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ നടക്കുന്ന അസാധാരണ സിനഡ്‌ ഒരു തീരുമാനങ്ങളും എടുക്കില്ല. ചെറിയ ഗ്രൂപ്പുകളില്‍ ഭേദഗതി ചെയ്യപ്പെടുന്ന തീരുമാനങ്ങള്‍ താല്‍കാലികമാണ്‌. അവസാനപ്രമേയത്തിനു സഹായിക്കും. അവസാനപ്രമേയം ശനിയാഴ്‌ച വൈകുന്നേരം വോട്ടിനിടും. അതു മാര്‍പാപ്പായ്‌ക്കു നല്‍കും. മാര്‍പാപ്പ ഇതില്‍ നിന്നു പ്രാദേശിക സഭ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ നല്‍കും. വിശ്വാസികള്‍ക്ക്‌ ഉത്തരം നല്‍കാനാനായി ഒരു ചോദ്യാവലിയും നല്‍കും. അടുത്ത വര്‍ഷം കുടുംബത്തെക്കുറിച്ചുള്ള സാധാരണസിനഡ്‌ നടത്തപ്പെടും. തെറ്റിദ്ധാരണ ഇല്ലാത്ത രേഖ ഇറങ്ങും. വിശ്വാസികള്‍ക്ക്‌ വ്യക്‌തമായ സ്വരം കേള്‍ക്കാന്‍ സാധിക്കും. വ്യക്‌തവും സംതൃപ്‌തി നല്‍കുന്നതുമായ രേഖ സിനഡില്‍ നിന്ന്‌ ലഭിക്കും. തിങ്കളാഴ്‌ച പ്രമേയം അവതരിപ്പിച്ച ബുഡാപ്പെസ്‌ ആര്‍ച്ചുബിഷപ്‌ പീറ്റര്‍ എര്‍ദോയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
ഇംഗ്ലീഷ്‌ എ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഭേദഗതികള്‍ തിങ്കളാഴ്‌ച അവതരിപ്പിച്ചു. പ്രമേയത്തിനു പുതിയ ആമുഖം ഉണ്ടാകണമെന്ന്‌ നിര്‍ദേശിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍പ്പെട്ട വ്യക്‌തികള്‍ക്കു പ്രാധാന്യം നല്‍കണം. വിവാഹമെന്ന കൂദാശയ്‌ക്കു കൂദാശകളിലൂടെ ലഭിക്കുന്ന കൃപയ്‌ക്ക്‌ പ്രാധാന്യം കൊടുക്കണം. വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപഠനങ്ങളുടെയും വെളിച്ചത്തില്‍ വേണം കുടുംബപ്രശ്‌നങ്ങളെ കാണാന്‍. സുവിശേഷ സത്യങ്ങളും മനുഷ്യജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മിശിഹാവെളിപ്പെടുത്തിയ സത്യങ്ങളാണു സിനഡിന്റെ തീരുമാനമായി വരേണ്ടത്‌. ആനുകാലിക കുടുംബപ്രശ്‌നങ്ങളെ ഇതുവരെയുള്ള സഭയുടെ പഠനത്തില്‍നിന്നു വേര്‍പ്പെടുത്തിക്കാണാന്‍ സാധിക്കില്ല.
സുവിശേഷത്തിന്റെ കണ്ണാടിയിലൂടെയാണു സമകാലീന പ്രശ്‌നങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടത്‌. പാപസാഹചര്യങ്ങളില്‍ നിന്നു മാനസാന്തരത്തിലേക്കാണ്‌ എല്ലാവരെയും സഭ ക്ഷണിക്കേണ്ടത്‌. വിവാഹത്തിനു പുറമേയുള്ള ലൈംഗികത സന്തോഷത്തിലേക്കും ആത്മനിര്‍വൃതിയിലേക്കും നയിക്കില്ല. വിവാഹമോചനം നേടി വീണ്ടും വിവാഹിതരായവര്‍ക്കു വിശുദ്ധ കുര്‍ബാന നല്‍കാന്‍ പാടില്ലെന്ന്‌ ഇംഗ്‌ളീഷ്‌ എ ഗ്രൂപ്പ്‌ നിര്‍ദേശിച്ചു. മറ്റു മാര്‍ഗങ്ങളിലൂടെ മിശിഹായോട്‌ ഐക്യപ്പെടണമെന്നു നിര്‍ദേശിച്ചു. സിനഡ്‌ തീരുമാനങ്ങളിലൂടെ വിശ്വാസികളില്‍ അസ്വസ്‌ഥതയുണ്ടാക്കരുതെന്നു ആവശ്യപ്പെട്ടു. തീരുമാനങ്ങള്‍ അജപാലനപരമാകണം. ആരെയും മുറിപ്പെടുത്തുന്നതും ആകരുതെന്നും അതേസമയം വിശ്വാസികളെ ദൈവത്തിലേക്കു യാത്രചെയ്യുവാന്‍ സാഹായിക്കുന്നതുമാകണമെന്നും ഇംഗ്‌ളീഷ്‌ എ ഗ്രൂപ്പിന്റെ ഭേദഗതികളില്‍പറയുന്നു.
ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍
 http://www.mangalam.com/print-edition/international/240283

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin