Wednesday 8 October 2014

ആദ്യം മോഷണം, പിന്നെ ധ്യാനം, വീണ്ടും മോഷണം; ഇത് അഭിലാഷ് സ്റൈല്‍!!




 
 
 

കോട്ടയം: മോഷണത്തിനു ശേഷം ധ്യാനം. പിന്നെയും മോഷണം. വേളൂരില്‍ വീട്ടുമുറ്റത്തു കിടന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ പിടിയിലായ തിരുവാര്‍പ്പ് തൊണ്ടിച്ചിറമുട്ടുഭാഗം അഭിലാഷ് ഭവനില്‍ അഭിലാഷിന്റെ (33) തൊഴില്‍ ഇങ്ങനെയാണ്. പട്ടുവസ്ത്രം ധരിച്ച് തല മുണ്ഡനം ചെയ്ത് സന്യാസിയെ പോലെയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വലിയ ഭക്തനാണെന്ന ധാരണ പരത്തി മോഷണം തൊഴിലാക്കി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. വേളൂര്‍ മാണിക്കുന്നം കവലയ്ക്കു സമീപമുള്ള വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണു അഭിലാഷിനെ അറസ്റ്റു ചെയ്തത്. സംഭവദിവസം രാത്രി ഓട്ടോറിക്ഷ മോഷ്ടിച്ച അഭിലാഷ് ഓട്ടോയുമായി നഗരത്തില്‍ ചുറ്റാനിറങ്ങി. തുടര്‍ന്നു പുലര്‍ച്ചെ മൂന്നോടെ, തിരുവാര്‍പ്പ് വഴി തിരികെ വന്ന അഭിലാഷ് പിന്നീട് തൃശൂരിനു പോകുകയായിരുന്നു. കഞ്ചാവിന് അടിമയായ അഭിലാഷ് വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ചില സമയങ്ങളില്‍ ചങ്ങനാശേരിയില്‍ വാടകയ്ക്കു മുറിയെടുത്തു താമ സിക്കുമായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ധ്യാനകേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് അഭിലാഷ്. അന്വേഷണം ആരംഭിച്ച പോലീസ് അഭിലാഷ് സ്ഥി രം പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നു അഭിലാഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തെ ഒന്നിലേറെ കേസുകളില്‍ പ്രതിയാണ് അഭിലാഷെന്നു പോലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് തിരുവാര്‍പ്പ് സ്വദേശിയായ റേഷന്‍ കടക്കാരന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചത് ഇയാളാണെന്നു പോലീസ് പറഞ്ഞു. അന്ന് ഓട്ടോറിക്ഷയുമായി ചങ്ങനാശേരിയില്‍ പോയി മടങ്ങുന്നതിനിടെ ചിങ്ങവനത്തിനു സമീപം അപകടത്തില്‍പ്പെടുകയും ചെയ്തു. ഇവിടെ അഭിലാഷ് ഓട്ടോ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. തിരുവാര്‍പ്പ് ക്ഷേത്രത്തിനു സമീപം ബൈക്ക് കത്തിച്ച കേസില്‍ ഇയാള്‍ തടവ് അനുഭവിച്ചിട്ടുണ്ട്. വിറകുപുര കത്തിച്ച കേസിലും പ്രതിയാണ് അഭിലാഷ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ളോമാ ബിരുദധാരിയായ അഭിലാഷ് അലൂമിനിയം ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തിരുന്നു. കോട്ടയം ഡിവൈ.എസ്.പി. വി. അജിതിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐ. സഖറിയ മാത്യു, എസ്.ഐ. ടി.ആര്‍.ജിജു, ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐ. ഡി.സി.വര്‍ഗീസ്, ഐ. സജികുമാര്‍, പി.എന്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. 
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin