Monday 7 October 2013

ഒരു പുതിയ സഭ

 
ത്മപ്രശംസയും താൻപോരിമയുമായി കഴിഞ്ഞുകൂടിയാൽ സഭ നിത്യരോഗിയായി തുടരുമെന്ന് ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നല്കി. സ്വന്തം സ്വാർത്ഥതയുടെ മണ്ടത്തരങ്ങളിൽ കുടുങ്ങിപ്പോയ ഒരു സഭയായിരിക്കും അതെന്നും അദ്ദേഹം. ആറു മാസത്തെ തന്റെ ഔദ്യോഗിക ജീവിതത്തെ വിലയിരുത്തി കർദിനാളന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെയാണ് മാറ്റമുണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

1. സഭയുടെ ഭരണചക്രത്തെ പൗരോഹിത്യസ്വാധീനത്തിൽ നിന്ന് മോചിപ്പിക്കുക. 
പോപ്‌ ബനടിക്റ്റിന്റെ രാജിയുടെ സമയമായപ്പോഴേയ്ക്കും താറുമാറായിക്കഴിഞ്ഞിരുന്ന വത്തിക്കാൻ ഭരണയന്തത്തെ അഴിച്ചുപണിയുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. അവിടെയഴിഞ്ഞാടുന്ന സാമ്പത്തികാഴിമതികളും ഉദ്യോഗസ്ഥവിളയാട്ടങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്. ഇവയെ അവഗണിച്ചുകൊണ്ട്, സ്വന്തമായി രൂപംകൊടുത്ത ഒരു സംഘത്തെ തന്റെ വാസസ്ഥലത്തു തന്നെ അദ്ദേഹം പ്രവർത്തനയോഗ്യമാക്കിയിട്ടുണ്ട്. ഈ "mini curia"യും ഒരെട്ടംഗ കർദിനാൾസമിതിയും ഏതാനും അല്മായവിദഗ്ദ്ധരും ചേർന്നാണ് "തൊഴുത്തു ശുദ്ധീകരണപ്രക്രിയയിൽ" അദ്ദേഹമിപ്പോൾ വ്യാപൃതരായിരിക്കുന്നത്.

2. അധികാരശ്രേണിക്ക്‌ പുതുരൂപം കൊടുക്കുക.
ജോണ്‍ പോൾ രണ്ടാമന്റെയും ബനഡിക്റ്റിന്റെയും കാലത്ത് അടിഞ്ഞുകൂടിയ യാഥാസ്ഥിതികരുടെ കടുംപിടുത്തങ്ങൾ മൂലം മെയ് വഴക്കം നശിച്ച ഒരു സഭയെയാണ് അതിന്റെ കള്ളപ്പൊങ്ങച്ചങ്ങളിൽ നിന്നും ജനവിരുദ്ധതയിൽ നിന്നും വിമോചിപ്പിക്കാനുള്ളത്. ജീവിതലാളിത്യം, സത്യസന്ധമായ പെരുമാറ്റം എന്നിവയിലൂടെ മെത്രാന്മാർ ജനത്തോട് അടുക്കുകയും അവരുടെ ശുശ്രൂഷാദൗത്യം കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോപ്‌ അവരെ ഓർമപ്പെടുത്തിണ്ടിരിക്കുകയാണല്ലോ. ജോണ്‍ പോളും ബനഡിക്റ്റും ഊന്നൽ കൊടുത്തിരുന്ന ദൈവപ്രാതിനിധ്യം, പാരമ്പര്യം, റോമായോടുള്ള വിശ്വസ്തത, എന്നിവയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ സംസാരത്തിൽ സ്ഥാനമില്ലാതായിരിക്കുന്നു.

3. വേദപാഠങ്ങൾ കാലോചിതമാക്കുക.
താഴപ്പറയുന്നവ പ്രധാന സൂചനകളാണ്.

നാസ്തികരുൾപ്പെടെയുള്ള മനുഷ്യർക്ക് അവരുടെ ഉദ്ദേശ്യശുദ്ധിയും പ്രവൃത്തികളുമനുസരിച്ചാണ് രക്ഷ കൈവരുന്നത്.

സഭ കൂടുതൽ സ്ത്രൈണമാകേണ്ടതുണ്ട്. യേശുവിന്റെ പുരുഷശിഷ്യരേക്കാൾ പ്രാധാന്യം മേരി മഗ്ദലേനയ്ക്കുണ്ടായിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിക്കുന്നു. സ്ത്രീക്ക് പൗരോഹിത്യം നിഷിദ്ധമാകേണ്ടതില്ലെന്നും അദ്ദേഹം ചിന്തിക്കുന്നു.

സ്വവർഗരതിയുടെ പേരിലും ആരുടേയും മേൽ വിധികല്പിക്കുകയല്ല സഭയുടെ ജോലി. കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്. വിവാഹമോചനത്തിന്റെയും പുനർവിവാഹത്തിന്റെയും കാര്യത്തിലും ഇതുവരെയുള്ള നിയമങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്.

പുരോഹിതബ്രഹ്മചര്യം. അത് ചിട്ടയുടെ മാത്രം കാര്യമാണ്, വിശ്വാസത്തിന്റെയല്ല എന്നാണ്  പോപ്‌. ചര്ച്ച ചെയ്യപ്പെടാനാവാത്തതൊന്നും ഈ വക ആചാരങ്ങളിൽ ഇല്ലായെന്ന വിലയിരുത്തൽതന്നെ ഇതുവരെയുള്ള കടുംപിടുത്തത്തെ സമൂലം ബലഹീനമാക്കിയിട്ടുണ്ട്. പുതിയ നൂറ്റാണ്ടിലെ സഭയെ ശക്തിപ്പെടുത്താൻ വേണ്ടത് കടുംപിടുത്തങ്ങളല്ല, വത്തിക്കാൻ രണ്ടിന്റെ പുനർനയനമാണ്.
ചുരുക്കിപ്പറഞ്ഞാൽ, യേശുക്രിസ്തുവിന്റെ സുവിശേഷമാണ് നമ്മെ നയിക്കേണ്ടത്. ജനായത്തചിന്തകളാണ് ഇന്ന് സഭ സ്വാംശീകരിക്കേണ്ടത്.

4. മനുഷ്യന് വേണ്ടി, മനുഷ്യഭാവമുള്ള ദൈവശാസ്ത്രം.
ആത്യന്തികമായ ദൈവിക സത്യത്തെ തിരയുക എന്ന് ബനടിക്റ്റ് പറഞ്ഞുകൊണ്ടിരുന്നിടത്ത് ഫ്രാസിസ് പറയുന്നതിങ്ങനെ: മതതത്ത്വങ്ങൾ വളരുകയും അങ്ങനെ അവ വിപുലീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. സൗന്ദര്യത്തിന്റെ ശോഭയില്ലെങ്കിൽ സത്യം തണുത്തതും പരുപരുത്തതുമായിരിക്കും. മത യാഥാസ്ഥിതികത്വം വിശ്വാസികളെ ബലഹീനരാക്കും. ശിഷ്യർക്കായി നിയമങ്ങളെ സൃഷ്ടിക്കുന്ന അദ്ധ്യാപകനായിരിക്കരുത് ഒരു പുരോഹിതൻ.  അതല്ല വളർച്ചയുടെ വഴി. (ആകാശവും ഭൂമിയും എന്ന തന്റെ കൃതിയിൽ)

കഴിഞ്ഞ ദശാബ്ദങ്ങളിൽ ലക്ഷങ്ങൾ സഭ വിട്ടു പോയിട്ടുണ്ട്. പോകാത്തവരിൽ കൂടുതലും സഭയുടെ ധാർമിക വ്യാഖ്യാനങ്ങളെ വകവയ്ക്കുന്നുമില്ല. വിശ്വാസികളുടെ ഇരട്ട വ്യക്തിത്വമാണ് ഫലം. സഭയുടെ അപ്രമാദിത്തം മുകളിൽ നിന്ന് അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നല്ല, വിശ്വാസികളുടെ പ്രാർത്ഥനാപരമായ പൊതു ചിന്തയിലൂടെയും ഉരുത്തിരിഞ്ഞുണ്ടാകേണ്ടതാണ്, അത്. ഇതിലും ശക്തമായി ഒരു പോപ്പും വിശ്വാസത്തെ പ്രകീർത്തിച്ചിട്ടില്ല.

പോപ്‌ ഫ്രാൻസിസ് പക്വമതിയും ധൈര്യശാലിയും ഭൂമിയിൽ കാലുറപ്പിച്ചു നില്ക്കുന്നവനുമാണ്. അത്തരമൊരു നേതാവിന്റെ സാന്നിദ്ധ്യത്തിൽ സഭ മാറാതെയും വളരാതെയും തരമില്ല. തന്റെ സുരക്ഷിതത്ത്വത്തെപ്പറ്റി അവൾ ഭയക്കേണ്ടതുമില്ല. എല്ലാ അർത്ഥത്തിലും ഇതൊരു ഫ്രാൻസീസ്കൻ നവീകരണമാണ്. ആഗോളസഭക്ക് ഒരു പുതുമുഖം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ന്, ഒക്ടോബർ 4, വി. ഫ്രാൻസിസിന്റെ ഓർമദിനമാണെന്നത് ഒരു യാദൃശ്ചികതയാണ്.
 almayasabdam.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin