Friday 4 October 2013

സഭ പാവങ്ങളുടെ പക്ഷത്തു നില്‍ക്കണം: മാര്‍പാപ്പ




Pope: Saint Francis teach us to be instruments of your peac


സഭ പാവങ്ങളുടെ പക്ഷത്തു നില്‍ക്കണം: മാര്‍പാപ്പ


അസീസി(ഇറ്റലി): കത്തോലിക്കാ സഭയില്‍ പുരോഹിതന്‍ മുതല്‍ മാര്‍പാപ്പ വരെയുള്ള മുഴുവന്‍പേരും തങ്ങളുടെ ദുരഭിമാനവും ഗര്‍വും അഹംഭാവവും വെടിഞ്ഞ് വിനയാന്വിതരായി സമൂഹത്തിലെ പാവപ്പെട്ടവരെ സേവിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

തന്റെ പേരുകാരനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളായ ഇന്നലെ അസീസിയില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയെ ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ള എട്ടു കര്‍ദിനാള്‍മാര്‍ അനുഗമിച്ചു.

വത്തിക്കാന്‍ കൂരിയയുടെ ഭരണം പരിഷ്കരിക്കുന്നതിനുള്ള ഉപദേശക സമിതി അംഗങ്ങളായ ഈ കര്‍ദിനാള്‍മാരുമായി കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ മാര്‍പാപ്പ ചര്‍ച്ച നടത്തിയിരുന്നു.

വിശുദ്ധ ഫ്രാന്‍സിസ് അസീസി തന്റെ സമ്പന്ന കുടുംബത്തെ തള്ളിപ്പറഞ്ഞ് പാവപ്പെട്ടവരെ സേവിക്കുമെന്നു പ്രഖ്യാപിച്ച അസീസിയിലെ ആര്‍ച്ച്ബിഷപ്പിന്റെ വസതി സന്ദര്‍ശിച്ച മാര്‍പാപ്പ, ലോകാരൂപിയെ ഉപേക്ഷിക്കാനും ആധ്യാത്മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കാനും നിര്‍ദേശിക്കാന്‍ പറ്റിയ ഏറ്റവും നല്ല വേദിയാണിതെന്നു പറഞ്ഞു.

ലോകം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വവും വിശ്വാസം നല്‍കുന്ന സുരക്ഷിതത്വവും ഒരേസമയം അനുഭവിക്കാമെന്ന് ക്രൈസ്തവര്‍ കരുതരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പതിവുപോലെ എഴുതിത്തയാറാക്കിയ പ്രസംഗം മാറ്റിവച്ച മാര്‍പാപ്പ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണു സംസാരിച്ചത്. ശൂന്യമായിക്കിടക്കുന്ന മഠങ്ങളും ആശ്രമങ്ങളും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമായി തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ ദ്വീപായ ലാമ്പെഡുസയില്‍ കഴിഞ്ഞ ദിവസം ബോട്ടുമുങ്ങി മരിച്ച ആഫ്രിക്കന്‍ അഭയാര്‍ഥികളെ അനുസ്മരിച്ച് ഇന്നു കരച്ചിലിന്റെ ദിനമാണെന്നു മാര്‍പാപ്പ പറഞ്ഞു. 300ല്‍ അധികം പേരാണു ബോട്ടപകടത്തില്‍ മരിച്ചത്.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുമായി ബന്ധപ്പെട്ട സാന്‍ ദമിയാനോ ആശ്രമം, കാര്‍ച്ചെറി ആശ്രമം തുടങ്ങിയവയും മാര്‍പാപ്പ സന്ദര്‍ശിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലുള്ള ബസലിക്കയിലുള്ള കബറിടത്തില്‍ പ്രാര്‍ഥന നടത്തിയ മാര്‍പാപ്പ പിന്നീട് തുറന്ന വേദിയില്‍ ദിവ്യബലി അര്‍പ്പിച്ചു. 
deepikaglobal.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin