Saturday 13 May 2017

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പാസ്റ്റർക്ക് ജീവിതാവസാനം വരെ കഠിനതടവ്

pasterപാസ്റ്റർ സനിൽ കെ. ജയിംസ്.
തൃശൂർ ∙ ഏഴാം ക്ലാസുകാരിയായ ദലിത് ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പാസ്റ്റർക്കു ജീവിതാവസാനം വരെ കഠിനതടവിനു പോക്സോ കോടതിയുടെ അത്യപൂർവ ശിക്ഷാവിധി. പീച്ചി സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായിരുന്ന കോട്ടയം കറുകച്ചാൽ കുറ്റിക്കൽ സനിൽ കെ. ജയിംസിനെ (35) ആണ് ശിക്ഷിച്ചത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള പോക്സോ (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ട്) കോടതിയുടേതാണ് ഉത്തരവ്. 50,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. സമാനമായ മറ്റൊരു ബാലപീഡനക്കേസിൽ 40 വർഷം കഠിനതടവ് അനുഭവിക്കുന്നയാളാണ് പ്രതി. 
പ്രതി പീച്ചിയിൽ പാസ്റ്ററായിരിക്കുമ്പോൾ 2013 മുതൽ 2015 വരെ പെൺകുട്ടിയെ നിർബന്ധമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്കൂളിലെ അധ്യാപികയോടു പെൺകുട്ടി പീഡനവിവരം പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സ്കൂൾ കൗൺസലർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം റിപ്പോർട്ട് ചെയ്തു. പീച്ചി പൊലീസ് പാസ്റ്റർക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയെ പീഡനത്തിനിരയാക്കിയതിനാണ് 40 വർഷം കഠിന തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 
പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ ഹാജരാക്കി. എസിപി ശിവവിക്രം ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 
പ്രതി ദയ അർഹിക്കുന്നില്ലെന്നും ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തു വിധി സമൂഹത്തിനു പാഠമായി മാറണമെന്നും കോടതി നിരീക്ഷിച്ചു. പീഡനത്തിനിരയായ പെൺകുട്ടിക്കു സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

http://www.manoramaonline.com/news/kerala/2017/05/13/paster-punished.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin