Thursday 11 May 2017

പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സ്മരിച്ചു അമേരിക്കയില്‍ സമ്മേളനം: വൈസ്‌ പ്രസിഡന്റ് മൈക്ക്‌ പെന്‍സ്‌ പങ്കെടുക്കും

സ്വന്തം ലേഖകന്‍ 10-05-2017 - Wednesday
വാഷിംഗ്ടണ്‍: അമേരിക്കയിലും ആഗോളതലത്തിലും അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്ടണ്‍ ഡി.സി. യില്‍ സമ്മേളനം നടക്കും. വചനപ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം മെയ്‌ 10 മുതല്‍ 13 വരെയാണ് നടക്കുന്നത്. സമ്മേളനത്തിൽ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ് മൈക്ക്‌ പെന്‍സ്‌ ക്രൈസ്തവരെ അഭിസംബോധന ചെയ്തു സംസാരിക്കും. 130 രാജ്യങ്ങളില്‍ നിന്നുമായി എതാണ്ട് 600-ലധികം ആളുകള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വിശ്വാസത്തെ പ്രതി അടിച്ചമര്‍ത്തപ്പെടുന്നവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ആഗോള ക്രൈസ്തവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. 

അടുത്ത കാലത്ത്‌ വാഷിംഗ്ടണ്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ആഗോള ഉച്ചകോടിയെക്കുറിച്ച് ഫ്രാങ്ക്ലിന്‍ ഗ്രഹാം, ഫാമിലി റിസര്‍ച്ച് കൗണ്‍സിലിന്റെ പ്രസിഡന്റായ ടോണി പെര്‍കിന്‍സുമായി ചര്‍ച്ച ചെയ്തിരുന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നേരിടേണ്ടി വരുന്ന പീഡനങ്ങളും, ആക്രമണങ്ങളുമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. 

അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികളുടെ ശബ്ദം രാഷ്ട്രീയക്കാര്‍ കേള്‍ക്കണമെന്നും അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കും മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തങ്ങളുടെ ദുരിതങ്ങളുടെ കഥകള്‍ വിവരിക്കുവാന്‍ പറ്റിയ ഒരു വേദി നല്‍കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരിന്നു. 

ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചും ഗ്രഹാം വിവരിച്ചിരിന്നു. ആഗോളതലത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല നമ്മുടെ നാട്ടില്‍ നടക്കുന്ന മതപീഡനങ്ങളേയും നമ്മള്‍ വെളിച്ചത്ത് കൊണ്ടുവരണം. ഇവിടേയും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. 

മറ്റൊരു രീതിയിലാണെന്ന് മാത്രം. അത് തോക്കുകൊണ്ടോ വാളുകൊണ്ടോ അല്ല. മറിച്ച് സ്വവര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗ രതി എന്നിവക്കെതിരായ ക്രിസ്ത്യാനികളുടെ നിലപാടുകള്‍ കാരണം വിശ്വാസികള്‍ പല മേഖലകളില്‍ നിന്നും പിന്തള്ളപ്പെടുകയാണ്. 

സ്വവര്‍ഗ്ഗ വിവാഹത്തിനു ഒരുങ്ങിയവര്‍ക്ക് കേക്ക് നല്‍കുവാന്‍ വിസമ്മതിച്ച കാരണത്താല്‍ ഒറിഗോണില്‍ ബേക്കറി കച്ചവടം ചെയ്യുന്ന ആരോണ്‍, മെലിസ്സ ക്ലെയിന്‍ എന്നീ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഭീമന്‍ തുക പിഴയടക്കേണ്ടി വന്ന സംഭവവും, ഗര്‍ഭനിരോധനത്തിനുള്ള മരുന്നുകള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന നിയമത്തിനെതിരെ കത്തോലിക്കാ കുടുംബം നല്‍കിയ ഹര്‍ജി കേള്‍ക്കുവാന്‍ സുപ്രീം കോടതി വിസമ്മതിച്ച കാര്യവും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടികാണിച്ചിരിന്നു. 

ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടെ മേല്‍ അമേരിക്കയുടേയും, ലോകത്തിന്റേയും ശ്രദ്ധപതിയുവാന്‍ ഉച്ചകോടി കാരണമാവും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
http://pravachakasabdam.com/index.php/site/news/4880

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin