Monday 19 December 2016

ഇസ്താംബൂളിലെ സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വിലക്ക്; കുട്ടികളോട് ക്രിസ്തുമസിനെ കുറിച്ച് ഒന്നും പറയരുതെന്നും നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 19-12-2016 - Monday
അങ്കാര (തുര്‍ക്കി): ജര്‍മ്മന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇസ്താംബൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കിയ നടപടി വിവാദത്തില്‍. പരമ്പരാഗത രീതിയില്‍ നടത്തിവരാറുള്ള ഒരുതരം ക്രിസ്തുമസ് ആഘോഷവും നടത്തുവാന്‍ പാടില്ലെന്നു നിര്‍ദേശിച്ച സ്‌കൂള്‍ മാനേജ്‌മെന്റ്, ക്രിസ്തുമസിനെ കുറിച്ച് കുട്ടികളോട് ഒരുകാര്യവും പറയരുതെന്ന് അധ്യാപകര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് മാനേജ്‌മെന്റ് അധ്യാപകര്‍ക്ക് അയച്ച ഇ-മെയില്‍ വാര്‍ത്താ ഏജന്‍സിയായ 'ഡിപിഎ'യ്ക്കു ലഭിച്ചു. അവര്‍ പിന്നീട് ഇ-മെയില്‍ സന്ദേശം പരസ്യപ്പെടുത്തുകയായിരിന്നു. 

ക്രിസ്തുവിന്റെ ജനന സ്മരണ ലോകമെങ്ങും ആചരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംഭവത്തെ അപലപിച്ചു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കിയെ കടുത്ത ഇസ്ലാമിക രാജ്യമാക്കുവാന്‍ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ നടത്തുന്ന ചില നീക്കങ്ങളായിട്ടാണ് രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും ക്രിസ്തുമസ് ആഘോഷത്തെ വിലക്കിയ നടപടിയെ വിലയിരുത്തുന്നത്. 

സാധാരണയായി ഇസ്താംബൂളില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ കോണ്‍സിലേറ്റില്‍ സ്‌കൂളിലെ കുട്ടികള്‍ കാരോള്‍ ഗാനങ്ങള്‍ പാടുന്ന പതിവുണ്ട്. എന്നാല്‍ സ്‌കൂളിലെ ഗായകസംഘത്തെ ഇതില്‍ നിന്നും വിലക്കിയ നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. "സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനുള്ള പണം ജര്‍മ്മനിയില്‍ നിന്നുമാണ് നല്‍കുന്നതെങ്കില്‍, സ്‌കൂളില്‍ എന്തു പഠിപ്പിക്കണമെന്നും, എന്ത് ആഘോഷം നടത്തണമെന്നും ജര്‍മ്മനിയില്‍ നിന്നും തീരുമാനിക്കും". ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നിയമകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ജര്‍മ്മന്‍ മാധ്യമത്തോട് വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 

ക്രിസ്തുമസ് ആഘോഷിക്കുന്നതിന് വിവിധ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ തുര്‍ക്കിയുടെ നടപടിയെ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. "തുര്‍ക്കിയുടെ ഭാഗത്തു നിന്നുമുണ്ടായ വിചിത്രമായ നടപടി ഇനിയും മനസിലായിട്ടില്ല. ക്രിസ്തുമസിന് മുമ്പുള്ള കാലഘട്ടത്തില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ പങ്കിടുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താറുണ്ട്. ഇത്തരം പരിപാടികളെ വിലക്കുന്നത് തികച്ചും വിലകുറഞ്ഞ നടപടിയായി മാത്രമേ കരുതുന്നുള്ളു". ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രതിഷേധ കുറിപ്പില്‍ വിവരിക്കുന്നു.
http://pravachakasabdam.com/index.php/site/news/3631

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin