Wednesday 8 June 2016

പ്രാര്‍ഥനകള്‍ക്കുനന്ദി പറഞ്ഞ്‌ മാര്‍ മുരിക്കന്‍ ബിഷപ്‌സ്‌ ഹൗസിലെത്തി

mangalam malayalam online newspaper
കോട്ടയം/പാല: വൃക്കദാന ശസ്‌ത്രക്രിയ നടത്തിയ പാലാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ ആശുപത്രി വിട്ടു ബിഷപ്‌ ഹൗസിലെത്തി. കഴിഞ്ഞ ഒന്നിന്‌ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു വൃക്കമാറ്റ ശസ്‌ത്രക്രിയ.മാര്‍ ജേക്കബ്‌ മുരിക്കന്റെ വൃക്ക സ്വീകരിച്ച കോട്ടയ്‌ക്കല്‍ സ്വദേശിയായ ഈശ്വര മംഗലം സൂരജും സുഖം പ്രാപിച്ചുവരുന്നു. വൈകാതെ സൂരജും ആശുപത്രി വിടും. ഒരു മാസത്തെ വിശ്രമമാണ്‌ മാര്‍ മുരിക്കന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ്‌ മാര്‍ മുരിക്കനെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്റെ സഹോദരങ്ങളും സൂരജിന്റെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്നു യാത്രയാക്കി. ബിഷപ്‌സ്‌ ഹൗസിലെത്തിയ മാര്‍ മുരിക്കനെ വികാരി ജനറല്‍മാരായ മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ഡോ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ എന്നിവരും വൈദികരും ചേര്‍ന്നു സ്വീകരിച്ചു.
ശസ്‌ത്രക്രിയ വിജയകരമാവാന്‍ പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ബിഷപ്‌ മാര്‍ ജേക്കബ്‌മുരിക്കന്‍ നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ വൃക്കദാനത്തിനു പ്രോത്സാഹനം നല്‍കുന്നതിലൂടെ കൂടുതല്‍ പേര്‍ മുന്നോട്ടു വരാന്‍ സാധ്യതയുണ്ടെന്നു ബിഷപ്‌ പറഞ്ഞു.
വൃക്കദാനത്തിനു നേതൃത്വം നല്‍കിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മലും ബിഷപിനൊപ്പമുണ്ടായിരുന്നു. ചികിത്സയില്‍ കഴിയുന്ന സൂരജിനെയും ഫാ. ചിറമ്മല്‍ സന്ദര്‍ശിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ധനസഹായവും സൂരജിന്‌ കൈമാറി. വൃക്കദാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാനും കൂടുതല്‍ പേരെ മഹനീയ ദാനത്തിനു സജ്‌ജരാക്കുന്നതിനും വേണ്ടി ഫാ. ഡേവീസ്‌ ചിറമ്മല്‍ ഇന്നു വൈകീട്ടോടെ അമേരിക്കയിലേക്കു തിരിക്കും.
http://www.mangalam.com/print-edition/keralam/442523

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin