ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പ്രവാസി മലയാളി ജോയി വി ജോണ്‍ കൊല്ലപ്പെട്ടത് പെട്ടന്നുള്ള പ്രകോപനം മൂലമല്ലെന്നും കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പോലീസ്. പിതാവിന്റെ അവഗണനയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയായ മകന്‍ ഷെറിന്‍ മൊഴി നല്‍കിയതായും എസ്.പി ബി അശോക് കുമാര്‍ അറിയിയിച്ചു.
ഷെറിന് കുട്ടിക്കാലം മുതലെ പിതാവിനോട് വൈരാഗ്യമുണ്ടായിരുന്നു.തനിക്ക് കുടുംബത്തില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. പണം ലഭിക്കുന്നതിന് മാനേജര്‍മാരുടെ അനുമതി വേണമായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഷെറിന്‍ വി ജോണിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തിയിരുന്നു. മരിച്ച ജോയി വി ജോണിന്റെ ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
sherin
25 ന് വൈകീട്ട് കാറില്‍വച്ചാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ ഷെറിന്‍ പോലീസിനോട്  പറഞ്ഞു. പിതാവിനുനേരെ നാല് തവണ വെടിവച്ചുവെന്നും ഷെറിന്‍ മൊഴി നല്‍കി. പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗികമായി മാത്രം മൃതദേഹം കത്തിയതിനാല്‍ മൂര്‍ച്ചയുളള കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍ ഓരോന്നും ചാക്കിലാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷെറിന്‍ പോലീസിന് മൊഴി നല്‍കി.
sherinജോയി. വി.ജോണിന്റെ തലയുടെയും ഉടലിന്റെയും ഭാഗങ്ങള്‍ പോലീസ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ ഉടലിന്റെ ഭാഗങ്ങള്‍ ചങ്ങനാശ്ശേരിയില്‍ നിന്നും തലയുടെ ഭാഗങ്ങള്‍ കോട്ടയം ചിങ്ങവനത്തുനിന്നുമാണ് ലഭിച്ചത്. ഇനി ലഭിക്കാനുളള ശരീരഭാഗങ്ങളായ വലത് കൈ, ഒരു കാല്‍ എന്നിവയ്ക്കായുളള തിരച്ചില്‍ ആരംഭിച്ചു.
മൃതദേഹത്തിന്റെ ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്ന ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് തലയുടെയും ഉടലിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രയാര്‍ ഇടക്കടവിന് സമീപത്തുനിന്നും ഞായറാഴ്ച മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയുടെ ഭാഗങ്ങള്‍ ലഭിച്ചിരുന്നു.
ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി ജോയിയുടെ വീട്
ചെങ്ങന്നൂര്‍: കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന ജോയിയുടെ ബംഗ്ലാവിന് സമാനമായ ഉഴത്തില്‍ വീട് ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി മാറുകയാണ്. വാഴാര്‍മംഗലത്തില്‍ കുറ്റിക്കാട്ടുപടിക്ക് സമീപമാണ് ഇത്. ചുറ്റും ഒന്നരയാള്‍ പൊക്കത്തില്‍ വന്‍മതില്‍. വീടിന്റെ മുന്‍വാതിലിന് മുന്നിലുണ്ടായിരുന്ന ഗേറ്റ് മതില്‍ കെട്ടിയടച്ച് മറ്റൊരു ഗേറ്റ് സ്ഥാപിച്ചത് നേരിട്ട് അകത്തേക്ക് ആരുടെയും ശ്രദ്ധ വരാതിരിക്കാനാണെന്ന് നാട്ടുകാരുടെ ഭാഷ്യം.
നാട്ടുകാരുമായോ അയല്‍ക്കാരുമായോ ജോയിക്കും കുടുംബത്തിനും ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇവര്‍ അമേരിക്കയില്‍നിന്ന് വരുന്നതും പോകുന്നതും മറ്റാരും അറിയാറില്ല. വരുമ്പോള്‍ യാത്രയ്ക്ക് ആദ്യമൊക്കെ നാട്ടില്‍നിന്ന് ആരെയെങ്കിലും ഡ്രൈവര്‍മാരെ വിളിച്ചിരുന്നു. ഇവരൊക്കെ പിണങ്ങിപ്പോയശേഷം ജോയിയും മറ്റും സ്വയം ഡ്രൈവുചെയ്ത് പോകുന്നതാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളത്.
ചെങ്ങന്നൂര്‍ നഗരമധ്യത്തിലായിരുന്നു ജോയിയുടെ കുടുംബവീട്. അവിടെനിന്നാണ് 10 കൊല്ലംമുന്‍പ് വാഴാര്‍മംഗലത്തില്‍ പുതിയ വീടുവച്ച് താമസമാക്കിയത്.
അടുത്തിടെ നഗരത്തിലുള്ള കെട്ടിടത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഇതിനെ ഷെറിന്‍ ചോദ്യംചെയ്യാന്‍ ചെന്നത് കത്തി വീശിക്കൊണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രവര്‍ത്തകര്‍ ജോയിയോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം അത് നിസ്സാരവത്കരിക്കുകയായിരുന്നു. മകന്‍ അങ്ങനെ ചെയ്യില്ലെന്ന നിലപാടിലായിരുന്നു ജോയി.
ജോയിയും മകനുമായി കടുത്ത വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാരും ഇക്കാര്യം പറയുന്നുണ്ട്. അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മകന്‍ പോന്നതുതന്നെ ഇക്കാരണത്താലാണെന്ന് പോലീസ് കരുതുന്നു. ഷെറിന്‍ ഇക്കാര്യം ബന്ധുക്കളില്‍ ചിലരോടും സൂചിപ്പിച്ചിരുന്നു.
http://www.mathrubhumi.com/news/kerala/chengannur-murder-sherin-may-be-arrested-today-malayalam-news-1.1095310