Thursday 12 September 2013

സാത്താന്‍റെ` പ്രബോധനങ്ങളും!


 

 






 

 

 രണ്ടാം വത്തിക്കാന്‍ സൂനഹദോസും `സാത്താന്‍റെ` പ്രബോധനങ്ങളും!

ആംസ്ട്രോങ്ങ് ജോസഫ്

റെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ചര്‍ച്ചകള്‍ അവസാനിക്കാത്തതുമായ ചില നിരുത്തരവാദപരമായ തീരുമാനങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്! വിജ്ഞാനികളില്‍നിന്നു മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യം 'പണ്ഡിതന്മാര്‍' കൈകാര്യം ചെയ്തതിലെ അപകടം ഈ തീരുമാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയെ തള്ളിക്കളഞ്ഞുകൊണ്ട് സാര്‍വ്വത്രികതയ്ക്ക് പുതിയ നിര്‍വ്വചനം രചിക്കുകയും അതുവഴി അപ്പസ്തോലിക ദൗത്യത്തില്‍നിന്നു സ്വയം പിന്മാറുകയും ചെയ്യുവാന്‍ സാത്താന്‍ ഒരുക്കിയ കെണിയായിരുന്നു ഈ സൂനഹദോസ് എന്ന്‍ പരിശുദ്ധാവില്‍ നയിക്കപ്പെടുന്ന ആര്‍ക്കും മനസ്സിലാകും.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കത്തോലിക്കാസഭയില്‍ ഒരു പുതിയ ഉണര്‍വിനു കാരണമായി എന്നാണ്, സഭയിലെ വിജാതിയവാദികളും 'ഫ്രീമെസണ്‍' പ്രസ്ഥാനക്കാരും പ്രകീര്‍ത്തിക്കുന്നത്. എന്നാല്‍, എന്തായിരുന്നു ഈ സൂനഹദോസിന്‍റെ പരിണിതഫലമെന്ന് അറിയണമെങ്കില്‍, പിന്നീടു സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ (അക)കണ്ണുതുറന്നു കാണണം! രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളെ ദൈവവചനത്തിന്‍റെയും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ മനോവ നടത്തുന്നത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന വത്തിക്കാനിലെ രണ്ടാമത്തെ സാര്‍വലൗകിക സൂനഹദോസ്, കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത്തെ ആഗോള സൂനഹദോസായിരുന്നു. ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപകമായ പരിഷ്കാരങ്ങള്‍ക്ക് ഈ സഭാസമ്മേളനം തുടക്കമിട്ടു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ 1962 ഒക്ടോബര്‍ 11-ന് ഉദ്ഘാടനം ചെയ്ത ഈ സം‌രംഭം, അദ്ദേഹത്തെ പിന്തുടര്‍ന്നുവന്ന പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ 1965 ഡിസംബര്‍ 8-നാണ് സമാപിച്ചത്. നാലു പില്‍ക്കാല-മാര്‍പ്പാപ്പമാരെങ്കിലും സൂനഹദോസിന്‍റെ പ്രാരംഭസമ്മേളനത്തില്‍ പങ്കെടുത്തു. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് സൂനഹദോസിനിടയില്‍ത്തന്നെ, 'ജിയോവാനി ബറ്റീസ്റ്റാ' കര്‍ദ്ദിനാള്‍ മൊണ്ടീനി 'പോള്‍ ആറാമന്‍' എന്ന പേരില്‍ മാര്‍പ്പാപ്പയായി. ഈ സൂനഹദോസില്‍ പങ്കെടുത്തവരില്‍ ഇദ്ദേഹത്തെക്കൂടാതെ മറ്റു മൂന്നുപേര്‍കൂടി പിന്നീട് മാര്‍പ്പാപ്പമാരായിട്ടുണ്ട്. അല്‍ബീനോ ലൂസിയാനി, കരോള്‍ വൊയ്റ്റീവാ, ജോസഫ് റാറ്റ്സിഞ്ഞര്‍ എന്നിവരായിരുന്നു അവര്‍. പിന്നീടിവര്‍ യഥാക്രമം ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നിങ്ങനെ പുനഃര്‍നാമകരണം ചെയ്യപ്പെട്ടു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് എന്താണ് ലക്ഷ്യമിട്ടത്?
ദുരൂഹമായ അജണ്ടകള്‍ നടപ്പാക്കുകയെന്ന ഗൂഢലക്ഷ്യം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പിന്നില്‍ ഉണ്ടായിരുന്നു എന്നത് പിന്നീടുള്ള അനുഭവം വ്യക്തമാക്കുന്നു. എത്ര കിരാതനായ ഭരണാധികാരിയുടെ ഭരണചരിത്രം പരിശോധിച്ചാലും അതില്‍ നേട്ടങ്ങളും കോട്ടങ്ങളും സ്വാഭാവിക പ്രതിഭാസമാണെന്നിരിക്കേ, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സൂക്ഷമമായി പരിശോധിക്കുന്ന ഒരു യഥാര്‍ത്ഥ ക്രൈസ്തവന് ഒരു നേട്ടംപോലും ഇതില്‍ കണ്ടെത്താന്‍ കഴിയുകയില്ല എന്നത് തികച്ചും ഭീതികരമാണ്!
അനേകം അബദ്ധ തീരുമാനങ്ങളുടെ ആകെത്തുകയായ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ഏറെ പ്രാധാന്യമുള്ളതും സുവിശേഷത്തിന്‍റെ പ്രസക്തിയെ ഇകഴ്ത്തിക്കാട്ടുന്നതുമായ ചില വിഷയങ്ങളെ മാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നത്. മൂന്നു വര്‍ഷത്തിലധികം നീണ്ടുനിന്ന സൂനഹദോസിലെ മുഴുവന്‍ വിഷയങ്ങളും ഒരു ലേഖനത്തില്‍ ഒതുക്കുകയെന്നത് ഏറെ ശ്രമകരമാകും എന്ന യാഥാര്‍ത്ഥ്യം വായനക്കാര്‍ ഗ്രഹിക്കുമെന്നാണ് മനോവ കരുതുന്നത്.
1869-70 കാലയളവില്‍ നടന്ന ഒന്നാം വത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളെയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ദൈവശാത്രത്തിലെ ആധുനികവാദത്തിനെതിരായി പത്താം പീയൂസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സഭ സ്വീകരിച്ച യാഥാസ്ഥിതിക തീരുമാനങ്ങളെയും എതിര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പ്രധാന അജണ്ട! 1950-കളിലുടനീളം കത്തോലിക്കാ ചിന്തകന്മാരില്‍ പലരും പത്താം പീയൂസ് മാര്‍പ്പാപ്പയുടെ യാഥാസ്ഥിതിക ആശയങ്ങള്‍ക്കെതിരെ തിരിയുകയും കാലാനുസരണമായി വചനത്തെ വ്യാഖ്യാനിക്കണമെന്നു വാദിക്കുകയും ചെയ്തു. കാള്‍ റാനര്‍, മൈക്കിള്‍ ഹെര്‍ബര്‍ട്ട്, കോര്‍ട്ട്നി മുറേ തുടങ്ങിയ ദൈവശസ്ത്രജ്ഞന്മാരാണ് ഈ വാദങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ക്രിസ്തീയ ചിന്തയെ ആധുനികജീവിതത്തിലെ മനുഷ്യാനുഭവവുമായി അനുരഞ്ജിപ്പിക്കണമെന്ന ആശയത്തോട് യ്വെസ് കോങ്കാര്‍, പിന്നീട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന ജോസഫ് റാറ്റ്സിഞ്ഞര്‍, ഹെന്‍ട്രി ലൂബാക്ക് തുടങ്ങിയവര്‍ക്കും അനുകൂലമായ നിലപാടായിരുന്നു.
ഒന്നാം വത്തിക്കാന്‍ സൂനഹദോസ് പൂര്‍ണ്ണമാകുന്നതിനുമുമ്പ് പിരിയേണ്ടി വന്നതിനാല്‍, മാര്‍പ്പാപ്പയുടെ സ്ഥാനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഇറ്റലിയുടെ എകീകരണത്തെ തുടര്‍ന്ന്‍ ഇറ്റാലിയന്‍ സൈന്യം വത്തിക്കാനില്‍ കടന്നതാണ് സൂനഹദോസ് പൂര്‍ണ്ണമാകുന്നത്തിനു തടസ്സമായത്. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ പരിവര്‍ത്തനങ്ങള്‍മൂലം പ്രാദേശികസഭാനേതൃത്വങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നും ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ രൂപപ്പെട്ടില്ലെന്ന വാദവും സജ്ജീവമായിരുന്നു. സഭയെ മുഴുവന്‍ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങള്‍ പരിഗണിക്കാനായില്ല എന്നതായിരുന്നു മറ്റൊരു വാദം. പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിപ്പിക്കുന്ന ഈ വാദങ്ങളില്‍ പല ശ്രേഷ്ഠരും അകപ്പെട്ടുപോയി എന്നതാണു സത്യമെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. വിജാതിയ അനുകരണം ബലഹീനതയായി കൊണ്ടുനടക്കുന്ന ക്രിസ്തീയവിരുദ്ധ സംഘങ്ങള്‍ക്ക് പുതിയ സൂനഹദോസിലെ തീരുമാനങ്ങള്‍ ചാകരയായി. വ്യക്തതയില്ലാത്തതും വളച്ചൊടിക്കാന്‍ എളുപ്പമുള്ളതുമായ പ്രഖ്യാപനങ്ങള്‍ക്കൊണ്ട് 'സമ്പുഷ്ടമാണ്' രണ്ടാം വത്തിക്കാന്‍ സൂനഹദോസെന്ന് അതു പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. ഇന്ന്‍ സഭയില്‍ ഉടലെടുത്തിട്ടുള്ള എല്ലാ ജീര്‍ണ്ണതകളുടെയും ബീജം ഈ സൂനഹദോസ് ആണെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
1958 ഒക്ടോബറില്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ 23-ആമന്‍, അധികാരമേറ്റ് മൂന്നു മാസം തികയുന്നതിനുമുന്‍പ്, ഒരു സാര്‍വലൗകിക സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള തന്‍റെ തീരുമാനം പ്രഖ്യാപിച്ചു. 'ഹ്യൂമാനേ സല്യൂട്ടിസ്' എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബര്‍ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു. സൂനഹദോസിനു മുന്‍പുനടന്ന ചര്‍ച്ചകളില്‍ ജോണ്‍ 23-ആമന്‍ മാര്‍പ്പാപ്പ പറഞ്ഞത്, സഭയുടെ ജനാലകള്‍ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാന്‍ സമയമായി എന്നായിരുന്നു. കത്തോലിക്കാ സഭയുക്കു പുറത്തുള്ള ക്രിസ്തീയവിഭാഗങ്ങളെ, സൂനഹദോസിലേയ്ക്ക് നിരീക്ഷകരെ അയക്കാന്‍ മാര്‍പ്പാപ്പ ക്ഷണിച്ചു. പ്രൊട്ടസ്റ്റന്‍റ് സഭയിലെ വിഭാഗങ്ങളും ഓര്‍ത്തഡോക്സ് സഭയും ആ ക്ഷണം സ്വീകരിച്ചു. അന്നുവരെ സഭയില്‍ ശുദ്ധവായുവിന്‍റെ അഭാവം ഉണ്ടായിരുന്നുവെന്ന വ്യംഗ്യമായ ഒരു വിമര്‍ശനവും അദ്ദേഹത്തിന്‍റെ വാക്കുകളില്‍നിന്നു മനസ്സിലാക്കാം.
മാര്‍പ്പാപ്പയുടെ ഭരണസമിതിയിലെ അംഗങ്ങളെതന്നെ അത്ഭുതപ്പെടുത്തിയ ഈ പ്രഖ്യാപനത്തിന് സഭയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയാവുന്നവരില്‍നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍, സഭയ്ക്കു പുറത്തുള്ളവരില്‍നിന്നു അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍നിന്നുതന്നെ, ഈ സൂനഹദോസ് ആര്‍ക്കുവേണ്ടിയായിരുന്നു എന്നത് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു ബുദ്ധിമുട്ടുണ്ടാകില്ല! കത്തോലിക്കാവിരുദ്ധരും ക്രൈസ്തവവിരുദ്ധരും ഒന്നുപോലെ അഭിലഷിക്കുന്നത് എന്തോ, അതുതന്നെ സംഭവിച്ചു. വിജാതിയതയെ ശ്ലാഘിക്കുന്നതും സഭാവിരുദ്ധരുടെ വിമര്‍ശനങ്ങള്‍ക്കു പാത്രമാകുന്നതുമായ പ്രഖ്യാപനങ്ങള്‍ക്കൊണ്ട് സഭയെ മലീമസമാക്കിയത് ഈ സൂനഹദോസ് ആയിരുന്നു.
സുവിശേഷത്തെ പുറകോട്ടു നയിച്ച സൂനഹദോസ്!
"ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;19,20). ഇതാണ് കര്‍ത്താവായ യേശു അപ്പസ്തോലന്മാരെ ഏല്പിച്ച പ്രേഷിതദൗത്യവും വാഗ്ദാനവും. യുഗാന്തംവരെ എന്നും കൂടെയുണ്ടാകുമെന്ന വാഗ്ദാനം ദൗത്യത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന പ്രതിഫലമായിരിക്കെ, ദൗത്യത്തില്‍നിന്നു സ്വയം വിരമിച്ചവര്‍ ഈ വാഗ്ദാനം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഈ വിഷയത്തെ വ്യക്തമായി വിവരിച്ചിരിക്കുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതിനാല്‍, കൂടുതല്‍ പരാമര്‍ശിക്കാതെതന്നെ രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ വചനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കാം.
രക്ഷാകരസത്യം ലോകത്തിന്‍റെ അതിര്‍ത്തികളില്‍ എത്തിക്കുന്നതിനായി കര്‍ത്താവ് കല്പിച്ചിട്ടുള്ള വചനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ വചനത്തെ നിരുത്തരവാദപരമായി വ്യാഖ്യാനിച്ച ആദ്യത്തേതും അവസനാത്തേതുമായ ഈ സൂനഹദോസിനുശേഷമാണ് കത്തോലിക്കാസഭയുടെ വളര്‍ച്ച 'പടവല'ത്തിനു തുല്യമായത്! 1965-നുശേഷം ഇന്നുവരെയുള്ള വളര്‍ച്ചാനിരക്ക് ശ്രദ്ധിച്ചാല്‍, ലോകജനസംഖ്യയിലെ വളര്‍ച്ചാനിരക്കില്‍ ഏറ്റവും പിന്നിലുള്ള വിഭാഗമാണ്‌ കത്തോലിക്കാസഭയെന്നു തിരിച്ചറിയാന്‍ കഴിയും. 1965-ല്‍ ലോകജനസംഖ്യ 333 കോടി 30 ലക്ഷമായിരുന്നു. അമ്പതു വര്‍ഷത്തിന് രണ്ടുവര്‍ഷം അവശേഷിച്ചിരിക്കേ ഇന്നത്തെ ലോകജനസംഖ്യ 700 കോടി (7,164,054,972) കടന്നു! ലോകജനസംഖ്യയുടെ 17 ശതമാനമാണ് ഇന്ന്‍ കത്തോലിക്കാസഭയില്‍ അംഗങ്ങളായിട്ടുള്ളത്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ചേര്‍ന്നാല്‍, ലോകജനസംഖ്യയുടെ 33.3 ശതമാനമാകും. ലോകജനസംഖ്യയുടെ മൂന്നില്‍ ഒന്നാണിത്. ഇവരില്‍ 50 ശതമാനമാണ് കത്തോലിക്കര്‍! ലോകജനസംഖ്യയില്‍ പകുതിയിലേറെ ഉണ്ടായിരുന്ന ക്രൈസ്തവര്‍ മൂന്നിലൊന്നിലേക്ക് കുറയുവാനുണ്ടായ സാഹചര്യം അറിയണമെങ്കില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ നോക്കിയാല്‍ മാത്രം മതി.
ക്രൈസ്തവരുടെ വര്‍ദ്ധനവുണ്ടായിരിക്കുന്നത് ആഫ്രിക്കയിലും ബ്രസീലിലും മാത്രമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കരല്ല വര്‍ദ്ധിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും ഇതിനോടൊപ്പം കൂട്ടിവായിക്കണം. ജനനനിരക്കിലെ വര്‍ദ്ധനവാണ് ബ്രസീലിലെ ക്രൈസ്തവ ജനസംഖ്യ കൂടാനുണ്ടായ കാരണമെന്നുകൂടി അറിയുമ്പോള്‍ പുതുതായി വിശ്വാസം സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം 'മൈനസ്' ആണെന്നു കാണാം! അതായത് ക്രിസ്തീയത ഉപേക്ഷിക്കുന്നവരുടെ നിരക്ക് ഈ അമ്പതു വര്‍ഷത്തിനിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ഇത്തരത്തില്‍ വിശ്വാസം ഉപേക്ഷിക്കുന്നവര്‍ ചെന്നെത്തുന്നത് ഇസ്ലാംമതത്തില്‍ ആണെന്ന് ആരും ധരിക്കരുത്; ഹിന്ദു, ബുദ്ധ, ഹഗായ് തുടങ്ങിയ മതത്തിലേക്കാണ് പരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും! കൂടാതെ, മതം ഉപേക്ഷിച്ച് നിരീശ്വരവാദികളായി ജീവിക്കുന്നവര്‍ ഇതിനേക്കാള്‍ അധികമാണ്. എന്താണിതിനു കാരണമെന്ന് സഭാധികാരികളും സഭാമാക്കളും ഗൗരവമായി ചിന്തിക്കണം. വസ്തുനിഷ്ഠമായി ചിന്തിക്കുന്നവര്‍ ചെന്നെത്തുന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലായിരിക്കും!
രണ്ടാം വത്തിക്കാന്‍ സൂനഹദോസും 'സെക്കുലറിസവും'!
സുവിശേഷം അറിയിച്ച് സകലരെയും ശിഷ്യപ്പെടുത്തുവാനുള്ള യേശുവിന്‍റെ ആഹ്വാനത്തെ അവഗണിക്കുവാനുള്ള തീരുമാനം രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പ്രഖ്യാപനത്തില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പിന്നീടു സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. പ്രൊട്ടസ്റ്റന്‍റ്, ഓര്‍ത്തഡോക്സ് വിഭാഗങ്ങളെ നിരീക്ഷകരായി സ്വീകരിച്ചതിനാല്‍, അവരെക്കൂടി പ്രീതിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടുകൂടി ഒരു പ്രഖ്യാപനം ഈ സൂനഹദോസിലുണ്ടായി. 'സഭയ്ക്കുപുറത്തും രക്ഷയുണ്ട്' എന്ന തിരുത്തല്‍പ്രഖ്യാപനമായിരുന്നു അത്! ഈ പ്രഖ്യാപനത്തെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ മനോവയ്ക്ക് ആകില്ലെങ്കിലും ചില സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. യേശുക്രിസ്തുവിനെ എകരക്ഷകനായി സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന വ്യക്തികള്‍ ഏതു സഭയില്‍ ആയിരുന്നാലും രക്ഷപ്രാപിക്കുമെന്ന സത്യം മനോവ തള്ളിക്കളയുന്നില്ല. എന്നാല്‍, മഹിമയണിഞ്ഞ സകലരെയും ദുഷിക്കുകയും ശിശുക്കളെ സ്നാനപ്പെടുത്തി യേശുവിന്‍റെ കുരിശുമരണത്തോട് ഐക്യപ്പെടുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സഭകള്‍ ഈ ഭൂമുഖത്തുണ്ട്. സത്യത്തോടു മറുതലിച്ചുനില്‍ക്കുന്ന ഇക്കൂട്ടരെ അംഗീകരിക്കുന്ന പ്രസ്താവന നടത്തുകയും അതോടൊപ്പം ഇവരെ എതിര്‍ക്കുകയും ചെയ്യുന്ന 'ഇരട്ടത്താപ്പു നയം' സ്വീകരിക്കുന്നതിലെ വൈരുദ്ധ്യം മനോവയ്ക്കു പിടികിട്ടുന്നില്ല!
പരിശുദ്ധ കുര്‍ബാന, കുമ്പസാരം തുടങ്ങിയ ജീവദായകമായ കുദാശകളെ പരോക്ഷമായെങ്കിലും അവമതിക്കുന്ന പ്രഖ്യാപനമായി ഇതിനെ കാണുന്നവരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇവയെല്ലാം വെറും ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണെന്നു വ്യാഖ്യാനിക്കാനും ഈ പ്രഖ്യാപനം കാരണമായിട്ടുണ്ട്. വ്യക്തതയില്ലാത്ത പ്രഖ്യാപനങ്ങള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്യുമെന്ന തത്വം ഇവിടെയും അന്വര്‍ത്ഥമായി. സഭയ്ക്കു പുറത്തുള്ള രക്ഷയെ സംബന്ധിച്ച  സൂനഹദോസിന്‍റെ വിളംബരത്തെ ചില കുബുദ്ധികള്‍ തങ്ങളുടെ കപടസിദ്ധാന്തങ്ങളെ ന്യായീകരിക്കാന്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നതാണ് അതില്‍ പ്രധാനം! കേരളത്തിലെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്ന 'സംഘപരിവാര്‍' വാദികള്‍, സഭയ്ക്കു പുറത്തെന്ന വാക്കിനെ സഭകള്‍ക്കു പുറത്തെന്നു തിരുത്തി! ഇന്ത്യയിലെ വിജാതിയ വാദികളും ആള്‍ദൈവങ്ങളുടെ വിടുവേലക്കാരുമായ ഇക്കൂട്ടര്‍, ക്രിസ്തുവിലൂടെയല്ലാതെയും രക്ഷയുണ്ടെന്ന അപകടകരമായ ആശയത്തിന്‍റെ പ്രചാരകരായി മാറി. ഇവര്‍, തങ്ങളുടെ പൈശാചികതയെ ന്യായീകരിക്കാന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ ഈ വാക്കുകളെമാത്രം കഴുത്തില്‍ത്തൂക്കി നടക്കുന്നു! ഇത്തരത്തിലുള്ള ഒരു വിടുവേലക്കാരനാണ് സെബാസ്റ്റ്യന്‍ പൈനാടത്ത് എന്ന വ്യാജപുരോഹിതന്‍! ഇവന്‍റെ ചെയ്തികള്‍ മനോവ പ്രസിദ്ധീകരിച്ചത് ശ്രദ്ധിക്കാത്തവര്‍ 'യുടുബില്‍' വന്നിട്ടുള്ള ഈ 'ലിങ്ക്' കാണുക! 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന ആദ്ധ്യാത്മിക വ്യഭിചാരവും ഈ സൂനഹദോസിന്‍റെ ഉപോത്പന്നമാണ്!
ജോണ്‍ പോള്‍ രണ്ടാമന്‍ ഈ വാക്കുകളെ തന്‍റെ ഇഷ്ടാനുസരണം അല്പംകൂടി പരിഷ്ക്കരിച്ചപ്പോള്‍, അപകടത്തിന്‍റെ ആഴവും വര്‍ദ്ധിച്ചു.  ഇദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'എല്ലാ മതങ്ങളിലും നന്മയുടെ കണികകള്‍ ഉണ്ട്'! വിജാതിയ ആലയങ്ങളില്‍ ആസക്തി വച്ചിരുന്നവര്‍ 'കണികകള്‍' എന്ന വാക്ക് എടുത്തുമാറ്റി പ്രചരണം നടത്തി! വിജാതിയതയും ക്രിസ്തീയതയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന അപകടകരമായ അസത്യം പ്രചരിപ്പിക്കുകയും 'കമ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക ഗ്രന്ഥം രചിക്കാന്‍പോലും തയ്യാറാവുകയും ചെയ്തു. ക്രിസ്തുവിലൂടെയുള്ള ഏകരക്ഷ ഇവര്‍ പ്രസംഗിക്കുന്നില്ലെന്നു മാത്രമല്ല, ഇപ്രകാരം പ്രസംഗിക്കുന്നവരെ ശത്രുക്കളായി പരിഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, പെന്തക്കൊസ്തുകാരും കരിസ്മാറ്റിക്കുകളും ക്രിസ്ത്യാനികളല്ല എന്ന്‍ വിളിച്ചുപറയാന്‍, കത്തോലിക്കാസഭയുടെ വക്താവായി അറിയപ്പെടുന്ന ശ്രീ. പോള്‍ തേലെക്കാട്ട് ചങ്കുറ്റം കാട്ടിയത്! യേശു മാത്രമാണ് രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം എന്ന സത്യം പ്രഘോഷിക്കുന്നതില്‍ പെന്തക്കൊസ്തുകാരും കരിസ്മാറ്റിക്കുകളും ഒരേ നിലപാടെടുക്കുന്നുവെന്നത് ഇത്തരക്കാരെ ചൊടിപ്പിക്കുന്നു!
വളരെ ലളിതമായി പറഞ്ഞാല്‍, ക്രിസ്തീയ മാര്‍ഗ്ഗത്തിനു മറ്റു മതങ്ങളില്‍നിന്ന്‍ വ്യത്യസ്ഥമായി മഹത്വമൊന്നുമില്ല എന്നു പ്രഖ്യാപിക്കാനായി ആചാര്യന്മാര്‍ ഒത്തുകൂടിയ ഒരു പൈശാചിക സമ്മേളനമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്!
സെക്കുലറിസംകൊണ്ട് സഭയില്‍ ആകമാനം, വിശിഷ്യാ യൂറോപ്പിലെ സഭയില്‍ വന്നുഭവിച്ച ദുരന്തം നികത്താനാവാത്തതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് ക്രൈസ്തവര്‍ കൂട്ടത്തോടെ വിജാതിയതയെ ആശ്ലേഷിച്ചത്! സഭയില്‍ വിജാതിയ അനുകരണം കടന്നുവന്നതും ഈ സൂനഹദോസിനുശേഷമായിരുന്നു. യൂറോപ്പിലെ ഭരണകൂടങ്ങളുടെമേല്‍ കത്തോലിക്കാസഭയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതും ഈ സെക്കുലറിസത്തിന്‍റെ മറ്റൊരു ദുരന്തഫലമാണ്. സ്വവര്‍ഗ്ഗരതി, ഭ്രൂണഹത്യ തുടങ്ങി, സഭ എതിര്‍ക്കുന്ന സകല നിയമങ്ങളും രാജ്യങ്ങളുടെ നിയമങ്ങളില്‍ അനുവദനീയമാക്കിയപ്പോള്‍, വെറും നോക്കുകുത്തികളായി നില്‍ക്കാനേ കത്തോലിക്കാസഭയ്ക്കു കഴിഞ്ഞുള്ളു! ആരാധനാലയങ്ങള്‍ 'നിശാക്ലബുകള്‍' ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍, തലയില്‍ കൈവച്ചു വിലപിക്കുകയും നയങ്ങള്‍ തിരുത്താന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് പാഠം പഠിച്ചില്ലെന്നതിന്‍റെ തെളിവാണ്! യൂറോപ്പിലെ പല കത്തോലിക്കാ ദൈവാലയങ്ങളും വിജാതിയര്‍ വിലയ്ക്കുവാങ്ങി, അമ്പലങ്ങളും ഗുരുദ്വാരങ്ങളും മോസ്ക്കുകളുമാക്കി മാറ്റുന്നു! രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ സാത്താന്‍ നടപ്പാക്കിയ സെക്കുലറിസമാണ് ഈ ദുരന്തങ്ങളുടെ മുഴുവന്‍ ആധാരം! ജോണ്‍ ഇരുപത്തിമൂന്നാമന്‍ സഭയുടെ ജാലകങ്ങള്‍ തുറന്ന് ഉള്ളിലേക്കു കടത്തിയത് ശുദ്ധവായുവായിരുന്നില്ല; പൈശാചിക നിയമങ്ങളായിരുന്നു! 
ജോണ്‍പോള്‍ രണ്ടാമനും തന്‍റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തിയാണ് ലോകത്തിനുമുന്നില്‍ കാണിച്ചത്. യേശുക്രിസ്തുവിന്‍റെ കുരിശുമരണവും അതുവഴിയുള്ള മാനവരക്ഷയുമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനം. അവിടുത്തെ ദൈവപുത്രസ്ഥാനത്തെ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് ക്രിസ്തീയ വിശ്വാസത്തില്‍ മാറ്റിവയ്ക്കാന്‍ കഴിയാത്ത വിശ്വാസസത്യമാണ്. എന്നാല്‍, ഈ സത്യങ്ങളെയെല്ലാം പരസ്യമായി നിഷേധിക്കുന്ന 'ഖുറാന്‍' എന്ന പൈശാചികഗ്രന്ഥത്തെ ചുംബിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ദുഷിച്ച മാതൃക നല്‍കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ തയ്യാറായി എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇതു മാത്രമല്ല, ഇദ്ദേഹത്തില്‍നിന്നു വന്നിട്ടുള്ള ദുരന്തങ്ങള്‍. വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെന്നു പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത് തന്‍റെ സ്വന്തമായ കാഴ്ചപ്പാടല്ല; മറിച്ച്, മോശയിലൂടെ സൈന്യങ്ങളുടെ കര്‍ത്താവ് വെളിപ്പെടുത്തിയ സത്യങ്ങളെ ഏറ്റുപറയുകയായിരുന്നു.
എന്നാല്‍, വിജാതിയ വിഗ്രഹങ്ങള്‍ക്കുമുന്നില്‍ ശിരസ്സുകുനിച്ച് ക്രിസ്തീയതയെ അവഹേളിക്കുവാന്‍ തയ്യാറായ ജോണ്‍പോള്‍ രണ്ടാമന്‍ നല്‍കിയത് ഉത്തമ മാതൃകയായി കരുതാന്‍ മനോവയ്ക്ക് കഴിയില്ല. ലോകത്തിനുമുന്നില്‍ സ്വീകര്യതയുണ്ടാക്കി എന്നതു സത്യമാണെങ്കിലും സ്വര്‍ഗ്ഗം ഇത് അംഗീകരിച്ചിട്ടില്ല. ഇന്ന്‍ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍, ഇതിനുപിന്നില്‍ നടന്ന കുതന്ത്രവുംകൂടി സഭാമക്കള്‍ തിരിച്ചറിയണമെന്നു മനോവ ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ കുതന്ത്രത്തിനു രണ്ടാം വത്തിക്കാന്‍ സൂനഹദോസിലാണ് കൊടിയേറിയത്!
കത്തോലിക്കാസഭയും വിശുദ്ധരും!
കത്തോലിക്കാസഭ വിശുദ്ധരെ ആദരിക്കുന്നതില്‍ ഏറെ ശ്രദ്ധകൊടുക്കുന്നുവെന്ന്‍ നമുക്കറിയാം. വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതു ഏറ്റവും ശ്ലാഘനീയമായ കാര്യവുമാണ്. കര്‍ത്താവിനു പ്രീതികരമായ ജീവിതം നയിച്ച്‌ പറുദീസാ പ്രാപിച്ചവരെ ആദരിക്കുക എന്നതിലൂടെ മഹിമയണിഞ്ഞവരെ മഹത്വപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്. കത്തോലിക്കാസഭ ഒരുവനെ വിശുദ്ധനായി പരിഗണിക്കുന്നത് വ്യക്തമായ പഠനങ്ങളിലൂടെ ആയിരുന്നതിനാല്‍, അതില്‍ പിഴവുകള്‍ സംഭവിക്കാറില്ലായിരുന്നു എന്നതാണ് മുന്‍കാല അനുഭവം. എന്നാല്‍, ഈ സുതാര്യതയെ നശിപ്പിക്കുന്ന ചില തീരുമാനങ്ങള്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കൈക്കൊണ്ടു. അതിലൂടെ മുന്‍കാല വിശുദ്ധരെപ്പോലും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായി എന്നതാണ് യാഥാര്‍ത്ഥ്യം! ഇതു വ്യക്തമാകണമെങ്കില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്ക് കത്തോലിക്കാസഭ പിന്തുടര്‍ന്നുവന്ന പാരമ്പര്യവും പിന്നീടു വരുത്തിയ പരിഷ്കാരങ്ങളും താരതമ്യം ചെയ്‌താല്‍ മതി.
റോമന്‍ കത്തോലിക്കാസഭയുടെ ഭരണയന്ത്രത്തിന്‍റെ കേന്ദ്രമായ സുപ്രധാന സെക്രട്ടറിയേറ്റാണ് വത്തിക്കാന്‍ കാര്യാലയം. കത്തോലിക്കാസഭയിലെ എല്ലാവകുപ്പുകളുടെയും സഹായസഹകരണങ്ങളോടെയാണ് മാര്‍പ്പാപ്പ സാര്‍വത്രികസഭയെ ഭരിക്കുന്നതും നയിക്കുന്നതും. ഈ കാര്യാലയം റോമന്‍ കുരിയ, വത്തിക്കാന്‍ കുരിയ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതാത്മകമായ ഭരണസംവിധാനവുമാണിത്. രാജാക്കന്മാരുടെയും, ചക്രവര്‍ത്തിമാരുടെയും കാലഘട്ടങ്ങളിലെ ഭരണകേന്ദ്രങ്ങളാണ് 'കുരിയ' എന്നറിയപ്പെട്ടിരുന്നത്. സഭയുടെ ഭരണപരമായ കാര്യങ്ങള്‍ കൂടാതെ വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ നിത്യേനയുള്ള കാര്യങ്ങളും നയിക്കുന്നത് ഈ കാര്യാലയമാണ്.
പതിനാറാം നൂറ്റാണ്ടിലെ സിക്സ്തൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പ വത്തിക്കാന്‍ കാര്യാലയം ഇന്നത്തെ രീതിയില്‍ ക്രമീകരണം നടത്തി. ഇമ്മെന്‍സ എത്തേര്‍ണി ദേയി (Immensa Aeterni Dei) എന്ന പേപ്പല്‍ബൂള വഴിയാണ് മാര്‍പ്പാപ്പ നവീകരണം നടത്തി കാര്യാലയം സ്ഥാപിച്ചത്. 1588 ജനുവരി 22 നാണ് ഈ പേപ്പല്‍ബൂള പ്രസിദ്ധീകരിച്ചു. ഈ കല്പനമൂലമാണ് മതപരവും ലൗകികവുമായ അധികാരങ്ങള്‍ വത്തിക്കാന്‍ കാര്യാലയത്തിന് വന്നുചേര്‍ന്നത്. 1929-ല്‍ നടപ്പായ ലാറ്ററന്‍ ഉടമ്പടിയോടെ അവസാനിക്കുംവരെ രണ്ടു വിധത്തിലുള്ള അധികാര നടത്തിപ്പാണ് കാര്യാലയം നടപ്പിലാക്കിയിരുന്നത്. വത്തിക്കാന്‍ കാര്യാലയത്തിന് രണ്ടു വിധത്തിലുള്ള അധികാരകേന്ദ്രങ്ങള്‍ ഇന്നുമുണ്ടെങ്കിലും ഇവയില്‍ ഏറിയപങ്കും സഭാഭരണത്തിനുള്ളതാകുന്നു. വത്തിക്കാന്‍ രണ്ടാം കൗണ്‍സില്‍ മാറ്റം വരുത്തിയ, 'മെത്രാന്മാര്‍' എന്ന പ്രമാണപത്രത്തില്‍ നമ്പര്‍ 9-ല്‍ പറയും പ്രകാരം സാര്‍വത്രികസഭയെ നയിക്കുമ്പോള്‍ വത്തിക്കാന്‍ കാര്യാലയത്തിന്‍റെ സഹായത്തോടെയേ കാര്യങ്ങള്‍ നടപ്പാക്കാവൂ എന്നാണ്.
നയതന്ത്രവിഭാഗം, തിരുസംഘങ്ങള്‍, പരമോന്നതകോടതികള്‍, പൊന്തിഫിക്കല്‍ കൗണ്‍സിലുകള്‍, മെത്രാന്മാരുടെ സിനഡുകള്‍, കേന്ദ്രകാര്യാലയങ്ങള്‍, പൊന്തിഫിക്കല്‍ കമ്മീഷനുകള്‍, സ്വിസ്സ് ഗാര്‍ഡ്, പരിശുദ്ധസിംഹാസത്തിന്‍ കീഴിലുള്ള സ്ഥാപനങ്ങള്‍, അപ്പസ്തോലിക ലേബര്‍ കാര്യാലയം, പൊന്തിഫിക്കല്‍ അക്കാഡമികള്‍, പൊന്തിഫിക്കല്‍ സമിതികള്‍ എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളാണ് വത്തിക്കാന്‍ കാര്യാലയത്തിനു പ്രധാനമായുള്ളത്. ഇതില്‍ രണ്ടാമത്തെ വിഭാഗമായ തിരുസംഘങ്ങളെ ഒമ്പത് ഉപവിഭാഗങ്ങളായി പരിഗണിക്കുന്നു. അവ യഥാക്രമം വിശ്വാസതിരുസംഘം, പൗരസ്ത്യസഭാതിരുസംഘം, ആരാധനാക്രമതിരുസംഘം, വിശുദ്ധര്‍ക്കുള്ള തിരുസംഘം, സുവിശേഷവത്കരണതിരുസംഘം, പൗരോഹിത്യതിരുസംഘം, സന്യസ്തര്‍ക്കുള്ള തിരുസംഘം, വിദ്യാഭ്യാസത്തിനുള്ള തിരുസംഘം, മെത്രാന്മാര്‍ക്കുള്ള തിരുസംഘം എന്നിവയാണ്.
സാര്‍വത്രിക സഭയിലെ ഒമ്പത് തിരുസംഘങ്ങളിലൊന്നായ വിശുദ്ധര്‍ക്കുള്ള തിരുസംഘമാണ് വിശുദ്ധരുടെ നാമകരണ നടപടികള്‍ ഉള്‍പ്പെടെ വിശുദ്ധരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്. ആദ്യ കാലത്ത് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുവേണ്ടിയും, ആരാധനാക്രമ തിരുക്കര്‍മ്മങ്ങള്‍ക്കായും രണ്ടു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1969 മേയ് 8 -ന് സക്രാ റിതൂം കോണ്‍ഗ്രെഗേഷിയോ (Sacra Rituum Congregatio) എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ വഴി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇവയെ വേര്‍തിരിച്ച് ദൈവാരാധനയ്ക്കായുള്ള പ്രത്യേക തിരുസംഘത്തിന് രൂപംനല്‍കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍മൂലം കാര്യാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോളാണ് ഈ വിഭജനം ഉണ്ടായത്. 1930 ഫെബ്രുവരി 6 - ന് പീയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ വിശ്വാസകാര്യങ്ങള്‍ക്കായി ആരംഭിച്ച ചരിത്രവിഭാഗം ഇന്ന് വിശുദ്ധര്‍ക്കുള്ള തിരുസംഘത്തിന്‍റെ ഭാഗമായി നിലകൊള്ളുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1983 ജനുവരി 25 - ന് പ്രസിദ്ധീകരിച്ച ഡിവൈനസ് പെര്‍ഫെക്ഷനിസ് മാഗിസ്റ്റെര്‍ (Divinus Perfectionis Magister) എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷനില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വഴിയാണ് ഇന്ന്‍ ഈ തിരുസംഘം പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന മേഖല നിര്‍വചിക്കുകയും പുതിയ നാമം നല്‍കുകയും ചെയ്തത് 1988 ജൂണ്‍ 28- ന് പ്രസിദ്ധം ചെയ്ത പാസ്തോര്‍ ബോനൂസ് (Pastor Bonus) എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ വഴിയാണ്.
സഭ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപനം നടത്തിയശേഷം മാത്രമാണ് സാര്‍വത്രികമായി അദ്ദേഹത്തിന്‍റെ തിരുനാള്‍ നടത്തുവാനോ വണങ്ങുവാനോ സാധ്യമാകൂ. ഈ പ്രഖ്യാപനം കാനൊനൈസേഷന്‍ (വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കല്‍) എന്നറിയപ്പെടുന്നു. ഒരു വ്യക്തി തന്‍റെ മരണശേഷം സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നു എന്ന് ഉറപ്പാക്കുന്ന വളരെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളാണിത്(ഒരുവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് കര്‍ത്താവിന്‍റെ വീണ്ടും വരവിനുശേഷം മാത്രമാണെന്ന്‍ ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു). ഒരു രൂപതയില്‍ ആരംഭിച്ച് മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു വരെയുള്ള ഈ നടപടിക്രമങ്ങളിലെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് വിശുദ്ധര്‍ക്കുള്ള തിരുസംഘമാണ്. 2008 ഫെബ്രുവരിയില്‍ പ്രസിദ്ധം ചെയ്ത വിശുദ്ധരുടെ അമ്മയായ സഭ (Sanctorum Mater) എന്ന പ്രമാണരേഖയിലെ നിര്‍ദ്ദേശാനുസരണമാണ് ഈ നാമകരണ നടപടികള്‍ ഇന്ന് നടത്തപ്പെടുന്നത്.(ഇത് പുതിയ പരിഷ്കാരത്തിന്‍റെ ഭാഗമാണ്)
വിശുദ്ധപ്രഖ്യാപന നടപടിക്രമങ്ങള്‍!
വിശുദ്ധരായി ജീവിച്ച വ്യക്തികളെ, അവര്‍ വിശുദ്ധരായിരുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ഈ നടപടിയിലൂടെ സഭ ചെയ്യുന്നത്. ഭക്തര്‍ ഒരു വ്യക്തിയുടെ മധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ഥിച്ച് അത്ഭുതം നടന്നാല്‍ മാത്രമാണ് രൂപതയ്ക്ക് ഈ ആവശ്യം ഉന്നയിക്കുവാനുള്ള അധികാരം ലഭിക്കുകയുള്ളു. ഇതിനായി സമൂഹത്തിന്‍റെ ആവശ്യപ്പെടലും പൊതുസമ്മതിയും ഉണ്ടായിരിക്കണം. നാമകരണനടപടികളുടെ ആരംഭത്തില്‍ത്തന്നെ മെത്രാന്‍ ഈ തിരുസംഘത്തില്‍നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഈ അനുവാദം ലഭിച്ചശേഷം നടപടികള്‍ക്കായി മെത്രാന്‍ ഒരു സമിതിയെ നിയോഗിക്കുന്നു. വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പുണ്യങ്ങളാണ് ആദ്യം പരിശോധിക്കുക. അസാധാരണമായ വിധത്തില്‍ പുണ്യങ്ങള്‍ സ്വജീവിതത്തില്‍ പാലിച്ച വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ നാമകരണനടപടിയുടെ ആദ്യഭാഗമെന്ന നിലയ്ക്ക് ദൈവദാസന്‍ (Servent of God) എന്ന നാമം നല്‍കും. പിന്നീട് രൂപതാനിലയിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവരങ്ങളെല്ലാം വിശുദ്ധര്‍ക്കുള്ള തിരുസംഘത്തിനു നല്‍കും. തുടര്‍ന്ന് രൂപതാതലത്തിലുള്ള എല്ലാ നടപടികളും ഈ തലത്തിലും ആവര്‍ത്തിക്കും. രൂപതാതലത്തിലുള്ള കണ്ടെത്തലുകള്‍ എല്ലാം സഭാകോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ നാമകരണനടപടികളുടെ രണ്ടാം തലമെന്ന നിലയ്ക്ക് ആ വ്യക്തിക്ക് ധന്യന്‍ (Vererable) എന്ന പദവി നല്‍കും. ഈ പദവി ലഭിച്ചാല്‍ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാര്‍ഥനകളും അച്ചടിക്കുവാന്‍ സാധിക്കും.
'ധന്യന്‍' എന്ന പദവി ലഭിച്ചശേഷം ആ വ്യക്തിയുടെ മധ്യസ്ഥശക്തിയാല്‍ ഒരു അത്ഭുതം നാമകരണകോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ (Blessed) എന്ന പദവിയിലേക്ക് ഉയര്‍ത്തും. ഒന്‍പത് ദൈവശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പ്രാഥമിക പരിശോധനകള്‍ നടത്തുന്നത്. ഈ ദൈവശാസ്ത്രജ്ഞരില്‍ ചിലര്‍ 'പിശാചിന്‍റെ വക്കീല്‍' എന്നറിയപ്പെടുന്നവരാണ്. ഇതില്‍ അനുകൂല വോട്ടുകള്‍ ലഭിച്ചാല്‍, നടന്ന അത്ഭുതം കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും ഉള്‍പ്പെടുന്ന സമിതി തുടര്‍ പരിശോധന നടത്തും. ഇവിടെയും അനുകൂല വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമാണ് തുടര്‍ന്ന് ആ വ്യക്തി അള്‍ത്താര വണക്കത്തിന് യോഗ്യനാകുന്നത്.
'വാഴ്ത്തപ്പെട്ടവന്‍' എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം മറ്റൊരു അത്ഭുതംകൂടി സഭാകോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ ആ വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കും. എന്നാല്‍, രക്തസാക്ഷിത്വം വരിച്ചവരെ വിശുദ്ധനായി പ്രഖ്യപിക്കുന്ന നടപടികള്‍ ഇതിലും ലളിതമാണ്. കാരണം, രക്തസാക്ഷിത്വം എന്നത് ജീവിതവിശുദ്ധിയുടെ അടയാളമായതിനാല്‍, ഇവരെ സാധാരണ നിലയിലേക്കാള്‍ വേഗത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും.
ആദ്യകാലങ്ങളില്‍ പ്രാദേശികസഭകള്‍ക്ക് വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുവാനുള്ള അധികാരമുണ്ടായിരുന്നു. അക്കാലത്ത് തെറ്റായ സമ്പ്രദായങ്ങള്‍ രൂപംകൊണ്ടതിനാല്‍ പിന്നീട് സാര്‍വത്രികസഭയ്ക്ക് മാത്രമായി ഈ നടപടി മാറ്റി. ഇത്തരത്തില്‍ വിശുദ്ധരാക്കപ്പെട്ട 'വിശുദ്ധരും' സഭയിലുണ്ടെന്നത് പരമാര്‍ത്ഥം! കത്തോലിക്കാസഭയില്‍ എളുപ്പത്തില്‍ ആരെയും വിശുദ്ധരാക്കാതിരിക്കുവാനായി സങ്കീര്‍ണ്ണമായ ഈ നടപടികള്‍ വളരെ വര്‍ഷങ്ങള്‍ക്കൊണ്ടാണ് പൂര്‍ത്തീകരിച്ചിരുന്നത്.
എന്നാല്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ചില മയപ്പെടുത്തലുകള്‍ വരുത്തുകയും ചിലര്‍ക്കുവേണ്ടി നിയമങ്ങള്‍ ക്രമീകരിക്കുകയും ചെയ്തത് ദുരൂഹതയായി അവശേഷിക്കുന്നു! ഈ ദുരൂഹതയെ ബലപ്പെടുത്തുന്ന ഒരു തീരുമാനം ശ്രദ്ധിക്കുക: 1983 - ലെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ മരണത്തിന് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കാവൂ. എന്നാല്‍, മദര്‍ തെരേസയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെയും നാമകരണനടപടികളില്‍ മാര്‍പ്പാപ്പ തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇളവ് നല്‍കിയിരുന്നു. ഇത് മദര്‍ തെരേസയോടുള്ള സ്നേഹത്തെക്കാള്‍ ഉപരി, തന്‍റെ വിശുദ്ധപദവി ഉറപ്പിക്കാനുള്ള ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൗശലമായി വ്യാഖ്യാനിക്കുന്നവരും സഭയിലുണ്ട്. ഈ വാദത്തിനു ശക്തി പകരുന്ന പല ചെയ്തികളും ഈ മാര്‍പ്പാപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്! 1999-ല്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ, തന്‍റെ ആരോഗ്യം വഷളായപ്പോളാണ്, അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം എന്ന നിയമം നീക്കിക്കളഞ്ഞത്. തന്നെ വിശുദ്ധനാക്കുവാനുള്ള എല്ലാ നടപടികളും ഇദ്ദേഹം ജീവിച്ചിരുന്നപ്പോള്‍തന്നെ സ്വയം ചെയ്തുവച്ചിരുന്നു! 1983-ലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി 'ഡെവിള്‍സ് കോര്‍ട്ട്' ഇദ്ദേഹം നിര്‍ത്തലാക്കി!
എന്താണ് ഡെവിള്‍സ് കോര്‍ട്ട്?
ഒരു വ്യക്തിയെ വിശുദ്ധനാക്കുന്ന നടപടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ഡെവിള്‍സ് കോര്‍ട്ട്'! വിശുദ്ധനാക്കുന്നതിന് അനുകൂലമായ കാര്യങ്ങള്‍ നിരത്തുന്നതോടൊപ്പം, വിശുദ്ധ പദവിയ്ക്ക് ഇയാള്‍ യോഗ്യനല്ലെന്നു വാദിക്കുന്ന പിശാചിന്‍റെ അഭിഭാഷകരെയും സഭ നിയോഗിക്കുമായിരുന്നു. ഇവരുടെ ജീവിതകാലത്ത് വന്നിട്ടുള്ള വീഴ്ചകളെയും ചൂണ്ടിക്കാണിച്ച്, വിശുദ്ധ പദവിയ്ക്ക് ഇവര്‍ യോഗ്യരല്ലെന്നു വാദിക്കലാണ് ഈ വക്കീലന്മാരുടെ ചുമതല. ഇവരുടെ വാദഗതികളെ മറികടന്നു വേണം വിശുദ്ധ പദവിയിലെത്താന്‍! ബൈബിളില്‍ അടിസ്ഥാനമുള്ള ഒരു പ്രക്രിയയാണ് ഇത്. സഖറിയാ പ്രവാചകനു കര്‍ത്താവ് കാണിച്ചുകൊടുത്ത ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ് 'ഡെവിള്‍സ് കോര്‍ട്ട്' എന്ന സംവീധാനം സഭ സ്വീകരിച്ചത്. ആ വചനഭാഗം ഇങ്ങനെയാണ്: "പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്‍റെ ദൂതന്‍റെ മുമ്പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്‍റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു"(സഖറിയാ:3;1).
വിശുദ്ധനാക്കുന്ന നടപടികളെ ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കാന്‍, 1587-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന സിക്സ്റ്റസ് അഞ്ചാമനാണ്, വിശുദ്ധനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ഗുണദോഷങ്ങളെ വിലയിരുത്തുവാന്‍ പിശാചിന്‍റെ വക്കീല്‍ സമ്പ്രദായം ആരംഭിച്ചത്! അത്ര എളുപ്പത്തിലൊന്നും ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തവിധം സൂക്ഷ്മതയോടെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്, ഇക്കാര്യത്തില്‍ സഭയുടെ തീരുമാനത്തിലുള്ള ആധികാരികത. പല വിശുദ്ധരെയും നൂറ്റാണ്ടുകള്‍ നീണ്ട നടപടി ക്രമങ്ങളിലൂടെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, മദര്‍ തെരേസയെ മുന്നില്‍നിര്‍ത്തി തനിക്കുതന്നെ വിശുദ്ധനാകാനുള്ള പദ്ധതികള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ തയ്യാറാക്കിയത് സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നവര്‍ക്കു ബോധ്യമാകും. ഡെവിള്‍സ് കോര്‍ട്ട് നിര്‍ത്തലാക്കിയത് ഇതിന്‍റെ പ്രാരംഭ നടപടിയായിരുന്നു!
ഈ വരുന്ന ഡിസംബറില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയുള്ള രണ്ടു വ്യക്തികളെ നാം തിരിച്ചറിയാതെ പോകരുത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ സഭയുടെ ജാലകങ്ങള്‍ പൈശാചികതയ്ക്കായി തുറന്നുകൊടുക്കുകയും പൂര്‍വ്വീകരായ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളെ പുച്ഛിച്ചുതള്ളുകയും ചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമനും അദ്ദേഹത്തിന്‍റെ 'തുക്ലക്' പരിഷ്ക്കാരങ്ങളുടെ ഫലം വേണ്ടവിധം ആസ്വദിച്ച ജോണ്‍ പോള്‍ രണ്ടാമനുമാണ് പുത്തന്‍ വിശുദ്ധരെങ്കില്‍, അപ്പസ്തോലിക സഭയ്ക്ക് ഇത് തീരാക്കളങ്കമാണ്! കാരണം, യേശുകിസ്തു ഏകാരക്ഷകനാണെന്നു പ്രഖ്യാപിച്ചതുവഴി രക്തസാക്ഷികളാകേണ്ടിവന്ന അപ്പസ്തോലന്മാരുടെയും അവരെ അനുകരിച്ചവരുടെയും പാരമ്പര്യമാണ് കത്തോലിക്കാസഭയുടേത്. ഈ പാരമ്പര്യങ്ങളെ ആദ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജോണ്‍ ഇരുപത്തിമൂന്നാമനെങ്കില്‍, ഇദ്ദേഹത്തിന്‍റെ ആശയങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍! ഇവരുടെ നയങ്ങള്‍ ലോകത്തിനു സ്വീകാര്യമായിരുന്നുവെന്നത് വിശുദ്ധിയുടെ മാനദണ്ഡമാക്കിയാല്‍, പ്രഥമ മാര്‍പ്പാപ്പയായ പത്രോസും മറ്റ് അപ്പസ്തോലന്മാരും വിശുദ്ധരായിരുന്നില്ലെന്നു പറയേണ്ടിവരും! കാരണം, അവരെല്ലാം ലോകത്താല്‍ ദ്വേഷിക്കപ്പെട്ടവരായിരുന്നു. അതുതന്നെയായിരുന്നു യേശുവിന്‍റെ വാഗ്ദാനവും!
അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് വത്തിക്കാനില്‍ നടന്ന സൂനഹദോസിനുശേഷമാണ് യൂറോപ്പില്‍ ആത്മീയശോഷണം ആരംഭിച്ചതെന്ന വസ്തുതയും ഇതിനോടുചേര്‍ത്തു വായിക്കണം. ദൈവവചനത്തിനു വിരുദ്ധമായ നിയമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എഴുതിയുണ്ടാക്കുമ്പോള്‍, വെറും മൂകസാക്ഷിയായി കാഴ്ചക്കാരന്‍റെ ഭാഗത്തുനിലക്കാന്‍ മാത്രമാണ് ഇന്നു കത്തോലിക്കാസഭയുടെ വിധി! യൂറോപ്പിനെ ആര് ഭരിക്കണമെന്നു നിശ്ചയിച്ചിരുന്ന കത്തോലിക്കാസഭയുടെ പൂര്‍വ്വകാല പ്രൌഡിയ്ക്ക് രണ്ടാം വത്തിക്കാന്‍ സൂനഹദോസോടെ തിരശ്ശീല വീണു!
രണ്ടാം വത്തിക്കാന്‍ സൂനഹദോസും അതിന്‍റെ ഏറാന്‍മൂളികളും ചേര്‍ന്നു വിജാതിയതയെ യൂറോപ്പിലേക്ക് ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചപ്പോള്‍, വിജാതിയരാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കെതിരെ പത്രക്കുറിപ്പ് ഇറക്കിയിട്ടു കാര്യമില്ല. നിങ്ങള്‍ കൈപിടിച്ചു യൂറോപ്പില്‍ കുടിയിരുത്തിയ വിജാതിയത ഇന്നു ക്രിസ്തീയതയ്ക്കെതിരെ ഫണം വിടര്‍ത്തുമ്പോള്‍, ദുരന്തം അനുഭവിക്കുന്നത് ഇവിടെയുള്ള ക്രൈസ്തവരാണ്! വിദ്യാലയങ്ങളും ആതുരാലയങ്ങളും അടക്കം ക്രൈസ്തവസ്ഥാപനങ്ങളില്‍ വച്ചിരിക്കുന്ന കുരിശുകളും മതപരമായ അടയാളങ്ങളും എടുത്തുമാറ്റണമെന്നു വാദിക്കാന്‍പോലും വിജാതിയത തലയുയര്‍ത്തിക്കഴിഞ്ഞു. നാളെയിതു സംഭവിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല!
താലിബാനിസം വളര്‍ത്താന്‍ പള്ളികളില്‍ പിരിവെടുത്ത് ഇസ്ലാമികരാജ്യങ്ങളിലേക്ക് അയക്കുന്ന കത്തോലിക്കാസഭയും കാരിത്താസും ഫിലിപ്പ്യന്‍സ് എന്ന കത്തോലിക്കാരാജ്യത്തെ മറക്കുന്നത് സാഹോദര്യത്തിന്‍റെ കാപട്യമാണ് തെളിയിക്കുന്നത്! പട്ടിണിമൂലം വേശ്യാവൃത്തിയിലേക്കും മതപരിവര്‍ത്തനത്തിലേക്കും നീങ്ങുന്ന ഇവിടുത്തെ കത്തോലിക്കരെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍, ഏതെങ്കിലുമൊരു രൂപത മനസ്സുവച്ചാല്‍ മതി. അറബിക്കല്യാണം നടത്തി ഫിലിപ്പ്യന്‍സിലെ ബാലികമാരെ ഇസ്ലാംമതത്തില്‍ ചേര്‍ക്കുമ്പോള്‍, ഈ രാജ്യത്തെ ദത്തെടുക്കാന്‍ കത്തോലിക്കാസഭ എന്തുകൊണ്ടു തയ്യാറാകുന്നില്ല? ക്രിസ്ത്യാനിയുടെ തലയറുക്കാനുള്ള ആയുധം വാങ്ങാന്‍ ഇസ്ലാമികരാജ്യങ്ങളിലേക്ക് അയയ്ക്കുന്നതു മുഴുവന്‍ വേണ്ടിവരില്ല ഈ രാജ്യത്തെ സംരക്ഷിക്കാന്‍! ക്രിസ്ത്യാനിയുടെ സഹായം ആവശ്യമില്ലെന്നു പ്രഖ്യാപനം നടത്തിയ സോമാലിയയിലേക്ക് ഓടിയടുക്കുന്നവര്‍ ഫിലിപ്പ്യന്‍സിനെ മറക്കുന്നത് പൈശാചിക നടത്തിപ്പിന്‍റെ വ്യക്തമായ തെളിവാണ്!
കത്തോലിക്കാസഭയ്ക്ക് ഇനിയും അനേകം വിശുദ്ധരുണ്ടാകണം. അതു സഭ പ്രഖ്യാപിച്ചില്ലെങ്കിലും വിശുദ്ധര്‍ ആശുദ്ധരാകുകയൊന്നുമില്ല. മരിച്ചുപോയവരെ വിശുദ്ധരാക്കാന്‍ ചിലവിടുന്ന സമ്പത്തും സമയവും ജീവിച്ചിരിക്കുന്നവരെ വിശുദ്ധിയിലേക്കു നയിക്കാന്‍ ചിലവിട്ടാല്‍ അതു കര്‍ത്താവിനു കൂടുതല്‍ പ്രീതികരമായിരിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ! മുന്‍പൊരിക്കല്‍ മനോവ കുറിച്ചുവച്ച മറ്റൊരു ലേഖനത്തിന്‍റെ ശീര്‍ഷകം ഇവിടെ ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കുന്നു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നമുക്ക് ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാം!
ഒരുകാര്യം പ്രത്യേകമായി ഓര്‍ത്തിരിക്കുക; ഇന്നു കത്തോലിക്കാസഭയില്‍ കടന്നുകൂടിയിരിക്കുന്ന വചനവിരുദ്ധമായ മുഴുവന്‍ ജീര്‍ണ്ണതകളുടെയും ആരംഭം രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളുടെ ചുവടുപിടിച്ചായിരുന്നു! വിധേയത്വത്തിന്‍റെ പൊരുള്‍ തിരിച്ചറിയാതെ, അടിമകളായി ജീവിക്കുന്നവരും പരിശുദ്ധാത്മാവില്‍ കാര്യങ്ങളെ വിവേചിക്കാന്‍ തയ്യാറാകാത്തവരും മനോവയോട് എതിരിട്ടാലും സത്യം അറിയിക്കാതെ തരമില്ല!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
 http://manovaonline.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin