Tuesday 31 January 2017



വൈദിക൯റെ വ്യാജറിപ്പോ൪ട്ട്....



50 സെന്റ് ഭൂമി കാണിച്ച് പത്തേക്കർ എന്നു പറഞ്ഞു; സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാം ഉണ്ടെന്നു റിപ്പോർട്ട് നൽകി; കുട്ടികളെ പീഡിപ്പിച്ചു കുപ്രസിദ്ധനായ ടോംസ് കോളജിന് അനുമതി നൽകിയത് ബന്ധുവായ വൈദികന്റെ വ്യാജ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി: ലക്ഷ്മി നായരെ കിട്ടിയപ്പോൾ എല്ലാവരും ടോംസിനെ മറക്കുന്നത് എന്തുകൊണ്ട്?

January 29, 2017 | 02:33 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈദികർ നുണ പറയാറില്ലെന്നാണ് വിശ്വാസികളുടെ കണക്കുകൂട്ടൽ. എന്നാൽ വേണ്ടപ്പെട്ടവർക്കുവേണ്ടി എന്തു നുണയും അവർ പറയുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
കുട്ടികളെ പീഡിപ്പിച്ച് കുപ്രസിദ്ധി നേടിയ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളജിന്റെ അഫിലിയേഷൻ കാര്യത്തിൽ അന്നത്തെ സിന്റിക്കേറ്റ് മെമ്പറായിരുന്ന വൈദികന്റെ റിപ്പോർട്ട് കണ്ടാൽ വൈദികർ നുണ പറയില്ലെന്നു വിശ്വസിക്കുന്നവരൊക്കെ നിലപാട് മാറ്റും. റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്ന തോണിക്കുഴിയച്ചന്റെ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദമായ ടോം കോളജ് അനുമതി ലഭിച്ചത് എന്ന വിവരമാണ് ഇന്നു മറുനാടൻ പുറത്തുവിടുന്നത്.
ലക്ഷ്മി നായരുടെ കോളജിനെ കുറിച്ചുള്ള വാർത്തകളിൽ അല്പം എരിവും പുളിയും കൂടി ഉള്ളതിനാൽ എല്ലാവരും ലോ അക്കാദമിക്ക് ചുറ്റും വട്ടം കറങ്ങുന്നതിനാൽ (അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല) ടോംസ് കോളജും നെഹ്രു കോളജും അടക്കമുള്ള സ്വാശ്രയ ഭീകരന്മാർ രക്ഷപെട്ടേക്കും എന്നതുകൊണ്ടാണ് ഈ റിപ്പോർട്ട് ഞങ്ങൾ പുറത്തുവിടുന്നത്.
കുട്ടികളുടെ പരാതിയെ തുടർന്ന് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധികൾ നടത്തിയ പരിശോധനയിൽ എഞ്ചിനീയറിങ് കോളജിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇല്ല എന്നു വ്യക്തമായതോടെയാണ് കോളജിന് അനുമതി ലഭിച്ചതിന്റെ പിന്നിലെ കള്ളക്കഥകൾ മറുനാടൻ അന്വേഷിച്ചതും, ഒരു വൈദികൻ അടക്കമുള്ള സംഘം നടത്തിയ തിരിമറി വെളിപ്പെടുകയും ചെയ്തിട്ടുള്ളത്.
കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ആകുന്നതിന് മുമ്പ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയായിരുന്നു ടോംസ് എഞ്ചിനീയറിങ് കോളജിനെ അഫിലിയേഷൻ നൽകിയത്. എഞ്ചിനീയറിങ് കോളജിന് അനുമതി നൽകാൻ ഒട്ടേറെ നിബന്ധനകൾ ആവശ്യമുണ്ട്. പത്തേക്കർ ഭൂമി, വേണ്ടത്ര യോഗ്യതയുള്ള അദ്ധ്യാപകർ, നിർദിഷ്ട വലുപ്പത്തിലുള്ള കഌസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സ്റ്റാഫിനും അദ്ധ്യാപകർക്കും പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തുടങ്ങിയവർക്കും പ്രത്യേകം മുറികൾ, ഹോസ്റ്റൽ സൗകര്യം തുടങ്ങി നിരവധി നിബന്ധനകളാണ് കെടിയു സ്ഥാപിതമായപ്പോൾ അഫിലിയേഷൻ ലഭിക്കുന്നതിന് നിഷ്‌കർച്ചിരുന്നത്.
എന്നാൽ പത്തേക്കർ വേണ്ടിടത്ത് വെറും അമ്പതുസെന്റിലാണ് കോളേജ് പ്രവർത്തിക്കുന്നത് എന്നതുൾപ്പെടെ ഒരു അടിസ്ഥാന സൗകര്യവും സജ്ജമാക്കാതെയാണ് മറ്റക്കര ടോംസ് കോളേജിന്റെ പ്രവർത്തനമെന്നാണ് ആരോപണമുയർന്നതിന് പിന്നാലെ അവിടെ തെളിവെടുപ്പിനെത്തിയ യൂണിവേഴ്‌സിറ്റി സമിതി കണ്ടെത്തിയത്. അദ്ധ്യാപകരിൽ പലർക്കും നിർദിഷ്ട യോഗ്യതകളില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയർന്നിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗവും അന്നു അരുവിത്തുറ സെന്റ് ജോർജ്ജ് കോളജ് പ്രിൻസിപ്പലുമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കോളജിന്റെ ഗുണനിലവാര പരിശോധനയ്ക്ക് പോയത്. ഫാ. ബേബിയുടെ ബന്ധുവോ, അടുപ്പക്കാരനോ ആയ ടോംസിന് വേണ്ടി കോളജ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും കോളജ് അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നു. അന്ന് ഈ വൈദികന്റെ നേതൃത്വത്തിൽ നൽകിയ റിപ്പോർട്ടിന്റെ കോപ്പിയാണ് മറുനാടൻ പുറത്തുവിടുന്നത്. പൂരിപ്പിച്ചു നൽകിയ റിപ്പോർട്ടിലെ മിക്ക കാര്യങ്ങളും വ്യാജം ആയിരുന്നു. ഏറ്റവും ഒടുവിൽ മുഖം രക്ഷിക്കാനായി ചില അടിസ്ഥാന സൗര്യങ്ങളുടെ കുറവുണ്ടെങ്കിലും അവയെല്ലാം അവർ പരിഹരിക്കാം എന്നേറ്റിട്ടുണ്ടെന്നും അതുകൊണ്ട് അഫിലിയേഷൻ നൽകണമെന്നും ആയിരുന്നു ശുപാർശ.
എംജി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേഷൻ നൽകുന്നതിനായി പരിശോധന നടത്തിയ സംഘം നൽകിയ റിപ്പോർട്ട് 2014ലാണ് സമർപ്പിക്കുന്നത്. ബിടെക് സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ തുടങ്ങി അഞ്ച് കോഴ്‌സുകൾക്കാണ് അനുമതി നൽകാൻ ശുപാർശ ചെയ്യുന്നത്. പത്തേക്കർ സ്ഥലമുണ്ടെന്നാണ് ഇതിൽ പറയുന്നത്.
കോളേജ് സ്ഥ്ിതി ചെയ്യുന്ന സ്ഥലത്തുതന്നെ ഇത്രയും സ്ഥലം വേണമെന്നിരിക്കെ രണ്ട് ടൈറ്റിൽ ഡീഡിൽ കിടക്കുന്ന സ്ഥലം കോളേജിന്റെ പേരിലുണ്ടെന്ന് കാട്ടിയായിരുന്നു ഈ തട്ടിപ്പ്. ഇവിടം മുതൽ തന്നെ നിബന്ധനകൾ ലംഘിക്കപ്പെടുന്നുവെന്ന് കാണാം. നിർദിഷ്ട സൗകര്യങ്ങളോടെയും വലുപ്പത്തിലും കഌസ് മുറികളുണ്ടെന്നും ലാബ് സൗകര്യങ്ങളും ഉപകരണങ്ങളുമെല്ലാം മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറിക്ക് 400 ചതുരശ്ര മീറ്റർ വലുപ്പമുണ്ടെന്നും ഇതിൽ പറയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കളിസ്ഥലത്തിന്റെ കാര്യത്തിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അഡ്‌മിഷൻ സംബന്ധിച്ച പരാതികളില്ല, അഡ്‌മിഷൻ രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട് എന്നിങ്ങനെയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിനെതിരെയോ പ്രിൻസിപ്പലിനെതിരെയോ എന്തെങ്കിലും അച്ചടക്ക നടപടി മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നും എന്തെങ്കിലും കേസുണ്ടോ എന്നുമുള്ള അന്വേഷണങ്ങളിലും ഇല്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. മുമ്പുമുതൽ തന്നെ ഇവിടെ വിശ്വേശ്വരയ്യ എന്ന പേരിലാണ് ഉടമ ടോം ടി ജോസഫ് കോളേജ് നടത്തിയിരുന്നത്. ഇക്കാലം മുതൽ തന്നെ നിരവധി കേസുകൾ സ്ഥാപനത്തിനെതിരെ ഉണ്ടായിരുന്നിട്ടും അതെല്ലാം മറച്ചുവച്ചാണ് അഫിലിയേഷന് അന്വേഷണ സമിതി അംഗീകാരം നൽകിയതെന്നും ഇതോടെ വ്യക്തമാകുന്നു.
ഇതിനെല്ലാം പുറമെ ചില കാര്യങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താനുണ്ടെന്നും അക്കാര്യം താമസിയാതെ ഏർപ്പെടുത്താമെന്ന് സ്ഥാപനമുടമ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും 2014 മെയ് 27ന് കോളേജിൽ സന്ദർശനം നടത്തിയതായി കാണിച്ച് ജൂൺ ഒമ്പതിന് ഫാ. ബേബി സെബാസ്റ്റ്യൻ ഉൾപ്പെടെ ഒപ്പുവച്ച സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് കോഴ്‌സുകൾക്ക് അനുമതി നൽകാൻ സംഘം ശുപാർശ ചെയ്യുന്നത്. ഇതോടൊപ്പം ആവശ്യത്തിന് വലുപ്പമുള്ള കഌസ് മുറികളും മറ്റു സൗകര്യങ്ങളുമുണ്ടെന്ന് കാട്ടിയ രേഖയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ ഒപ്പുവച്ച് നൽകേണ്ട രേഖയിൽ തിയതിയോ സീലോ പ്രിൻസിപ്പലിന്റെ ഒപ്പോ പോലും ഇല്ലാതെയാണ് നൽകിയതെന്നതും ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നതിന് വ്യക്തമായ സൂചനയായി മാറുന്നു.
2014-15 അക്കാഡമിക് ഇയറിൽ അഡ്‌മിഷൻ എടുത്ത് കഌസ് തുടങ്ങാൻ യൂണിവേഴ്‌സിറ്റി അനുമതി നൽകിയാൽ എല്ലാ സൗകര്യങ്ങളും മാനദണ്ഡങ്ങൾ പ്രകാരം ഏർപ്പെടുത്താമെന്ന മാനേജിങ് ട്രസ്റ്റി ടോം ടി ജോസഫിന്റെ സത്യവാങ്മൂലവും ഇതോടൊപ്പം നൽകിയിരുന്നു. മാനദണ്ഡങ്ങൾ പാലിച്ചാലേ അഫിലിയേഷൻ നൽകാവൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും സൗകര്യങ്ങൾ പൂർണമായും ഏർപ്പെടുത്താതെയും അഫിലിയേഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ മറികടന്നുമാണ് കോഴ്‌സുകൾക്ക് അനുവാദം നേടിയതെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാകുന്നു.
ടോംസ് കോളേജിന് അഫിലിയേഷൻ നൽകിയത് തന്റെ അറിവോടെയല്ലെന്ന സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്ടും തെറ്റാണെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടെന്ന് സർവകലാശാല രേഖകൾ തന്നെ വ്യക്തമാക്കുന്നു. കോളജിന് അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് 2016 മെയ്‌ 13ന് ചേർന്ന സർവകലാശാല എക്‌സിക്യൂട്ടിവ് കൗൺസിലാണ് തീരുമാനമെടുത്തത്. എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ അജണ്ടയിൽ മൂന്നാമത്തെ ഇനമായാണ് കോളജ് അഫിലിയേഷൻ പരിഗണനക്കുവന്നത്.
അജണ്ടയിൽ സർവകലാശാല വൈസ് ചാൻസലർക്കൊപ്പം എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ മെംബർ സെക്രട്ടറിയായ രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാർ ഒപ്പിട്ടിട്ടുണ്ട്. കോളജിന് അഫിലിയേഷൻ നൽകാൻ തീരുമാനിച്ച യോഗ മിനിട്‌സിലും രജിസ്ട്രാർ ഒപ്പിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥി പീഡന പരാതികളുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം രജിസ്ട്രാർ കോളജിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതുപ്രകാരം വിദ്യാഭ്യാസ മന്ത്രിക്ക് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലാണ് കോളജിന് അഫിലിയേഷൻ നൽകിയത് തന്റെ അറിവോടെയല്ലെന്ന് രജിസ്ട്രാർ പറഞ്ഞത്. ഉത്തരവുകൾ ഇഗവേണൻസ് രീതിയിൽ പുറത്തിറക്കുന്ന സർവകലാശാലയിൽ സാങ്കേതികവിഭാഗമാണ് എക്‌സിക്യൂട്ടിവ് കൗൺസിൽ തീരുമാനം സോഫ്‌റ്റ്‌വെയറിൽ ചേർത്തത്.
ഇതോടെ എക്‌സിക്യൂട്ടിവ് കൗൺസിൽ തീരുമാനം ഇഗവേണൻസ് രീതിയിൽ തന്നെ ഉത്തരവായി മാറുകയായിരുന്നു. ഈ ഉത്തരവുകളിൽ ഒന്നിലും രജിസ്ട്രാർ ഒപ്പിടാറില്ല. തിരുവനന്തപുരം സി.ഇ.ടി ഉൾപ്പെടെയുള്ള മുഴുവൻ കോളജുകൾക്കുമുള്ള അഫിലിയേഷൻ ഉത്തരവും രജിസ്ട്രാറുടെ കൈയൊപ്പില്ലാതെ ഇഗവേണൻസ് രീതിയിലാണ് പുറത്തിറങ്ങിയത്. അഫിലിയേഷൻ നൽകിയതിൽ തന്റെഭാഗം ന്യായീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഉത്തരവ് അറിഞ്ഞില്ലെന്ന രജിസ്ട്രാറുടെ റിപ്പോർട്ടിലെ പരാമർശമെന്നാണ് വിമർശനം ഉയരുന്നത്.
രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജിലെ ക്രമക്കേടുകളിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നിരവധി കൃത്രിമങ്ങൾ നടത്തിയാണ് കോളേജിന് അനുമതി നേടിയെടുത്തതെന്ന് വരുന്നതോടെ കോളേജിന്റെ അഫിലിയേഷൻ റദ്ദാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. അതേസമയം ഈ തിരിമറികൾക്ക് കൂട്ടുനിന്നവർക്കെതിരെ വിജിലൻസ് നടപടി ഉണ്ടാകുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
http://www.marunadanmalayali.com/news/exclusive/how-toms-college-got-affiliation-with-the-help-of-relative-priest-65008

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin