Thursday 10 July 2014

ലോകകപ്പില്‍ ഇനി വിശുദ്ധയുദ്ധം; ദൈവം ഏതുരാജ്യക്കാരനാകും?


മാറക്കാന: സമീപകാല ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനലിന്‌ വേദിയാകാന്‍ മാറക്കാന സ്‌റ്റേഡിയം ഒരുങ്ങുമ്പോള്‍ ദൈവം ഏതുരാജ്യക്കാരനാകുമെന്ന്‌ ആര്‍ക്കറിയാം? ഫുട്‌ബോളിലെ പാരമ്പര്യക്കാരായ ജര്‍മ്മനിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ബ്രസീലിയന്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ദൈവം അര്‍ജന്റീനയ്‌ക്ക് ഒപ്പമാണോ ജര്‍മ്മനിക്ക്‌ ഒപ്പമാണോ എന്നാണ്‌ ക്രൈസ്‌തവ വിശ്വാസികള്‍ക്കിടയിലേക്ക്‌ വരുന്ന ചോദ്യം.
രണ്ടു പോപ്പുമാനില്‍ ഒരാളുടെ പ്രാര്‍ത്ഥന അര്‍ജന്റീന കപ്പുനേടാന്‍ ആകുമ്പോള്‍ സ്‌ഥാനത്യാഗം ചെയ്‌ത പോപ്പിന്റെ പ്രാര്‍ത്ഥന ജര്‍മ്മനിക്ക്‌ വേണ്ടി ആയിരിക്കും. രണ്ടു പേരുടെയും രാജ്യങ്ങളാണല്ലോ ഫൈനല്‍ കളിക്കുന്നത്‌. സോക്കര്‍ പ്രേമിയും ജനകീയനുമായ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ദേശം അര്‍ജന്റീനയാണ്‌. എന്നാല്‍ ഫുട്‌ബോള്‍ കമ്പക്കാരനായ സ്‌ഥാനത്യാഗം ചെയ്‌ത പോപ്പ്‌ ബനഡിക്‌ടിന്റെ രാജ്യം ജര്‍മ്മനിയാണ്‌. രാജ്യ സ്‌നേഹം കൊണ്ട്‌ ഇരുവരും സ്വന്തം രാജ്യത്തിനായി അര്‍പ്പിച്ച രണ്ടു പ്രാര്‍ത്ഥനകളും ഇതുവരെ ദൈവം കേട്ടു. എന്നാല്‍ ഇനി ഒരാളുടെ പ്രാര്‍ത്ഥനയ്‌ക്ക് മാത്രമാണല്ലോ സ്‌ഥാനമുള്ളത്‌. ആതിഥേയരായ ബ്രസീലിനെ 7-1 ന്‌ മുക്കിയാണ്‌ ജര്‍മ്മനി ഫൈനലിലേക്ക്‌ പാഞ്ഞെത്തിയത്‌. തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ ഒന്നില്‍ ഹോളണ്ടിനെ മറിച്ച്‌ അര്‍ജന്റീനയും ഫൈനലില്‍ കടന്നു.
അതേസമയം താന്‍ അര്‍ജന്റീനയ്‌ക്കായി മാത്രം ഒരിക്കലും പ്രാര്‍ത്ഥിക്കില്ലെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അര്‍ജന്റീന ജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അക്കാര്യം ഉറക്കെ പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളില്‍ അത്‌ അറിയാമെന്നുമാണ്‌ കഴിഞ്ഞ ദിവസം പോപ്പ്‌ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ച ഒരു വിശ്വാസി ട്വീറ്റ്‌ ചെയ്‌തത്‌. യുവാക്കള്‍ക്കിടയില്‍ സത്യസന്ധതയും ഐക്യവും പ്രചരിപ്പിക്കുന്ന വാഹനം എന്നാണ്‌ ഫുട്‌ബോളിനെ കുറിച്ച്‌ 2008 ല്‍ ബനഡിക്‌ട് മാര്‍പാപ്പ പ്രതികരിച്ചത്‌.
രണ്ടു രാജ്യങ്ങളിലാണ്‌ ജനനമെന്നത് മാത്രമാണ് അതേസമയം ഇരു മാര്‍പാപ്പമാര്‍ക്കും ഇടയിലെ ഏക വ്യത്യാസം. അതിനുമപ്പുറത്ത് വലിയ സ്നേഹിതരാണ് ഇരുവരും. തങ്ങള്‍ സഹോദരങ്ങളാണെന്നു നേരത്തേ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഒരിക്കല്‍ പറഞ്ഞിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ ഇരുവരും ഒരുമിച്ചായിരിക്കും കാണുക എന്നും ഇതിനെ വെറും ഫുട്‌ബോളായി മാത്രം കാണാനാകില്ലെന്നും രണ്ടു മാര്‍പാപ്പമാര്‍ തമ്മിലുള്ള വിശുദ്ധ യുദ്ധമാണെന്നും ആയിരുന്നു മറ്റൊരു വിശ്വാസി ട്വിറ്ററില്‍ കുറിച്ചത്.
 http://www.mangalam.com/latest-news/204896

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin