Thursday 3 April 2014

C M I ചാവറ കുര്യാക്കോസ് ഏലിയാസച്ഛ൯ വൈകിയാണെങ്കിലും

വിശുദ്ധപദവിയിലേക്ക്!!

 


 



വിശുദ്ധ പദവിയിലേക്ക്

 
സ്വന്തം ലേഖകന്‍ കൊച്ചി: ഭാരതത്തില്‍നിന്നു രണ്ടുപേര്‍ കൂടി വിശുദ്ധപദവിയിലേയ്ക്ക്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയ്ക്കും വിശുദ്ധപദവി നല്‍കുന്നതിനു മുന്നോടിയായി ഇവരുടെ മധ്യസ്ഥതയിലുണ്ടായ അദ്ഭുത പ്രവൃത്തികള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ഇന്നലെ രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചാണ് അദ്ഭുതങ്ങളുടെ സ്ഥിരീകരണം തേടിയത്. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും മധ്യസ്ഥതയിലുണ്ടായ അദ്ഭുതങ്ങള്‍ അംഗീകരിക്കുന്ന ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവച്ചു. ഈ വിവരം സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഡല്‍ഹിയില്‍ അറിയിച്ചു. തത്സമയംതന്നെ എറണാകുളത്ത് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപടികളാണ് ഇനി ശേഷിക്കുന്നത്. കര്‍ദിനാള്‍മാരുടെ കണ്‍സിസ്ററി യോഗത്തില്‍ തീരുമാനം അവതരിപ്പിക്കുകയും വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിന്റെ തീയതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മയെയും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ഭാരതസഭയ്ക്കുള്ള അംഗീകാരമാണെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ആഗോളസഭയ്ക്കും പ്രത്യേകമായി ഭാരതസഭയ്ക്കും ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമാണിത്. സഭയുടെ വീരസന്താനങ്ങള്‍ വിശുദ്ധരായി പ്രഖ്യാ പിക്കപ്പെടാന്‍ പോകുന്നു. ഈ സന്തോഷം സഭയുടെ പൊതുവായ സന്തോഷമാണ്. രണ്ടുപേരും സീറോ മലബാര്‍ സഭയുടെ മക്കളാണ്. അവരുടെ മാതൃക നമുക്കു വിശുദ്ധി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിദ്യാഭ്യാസ, സാമൂഹ്യ നവോത്ഥാനത്തിനു വഴികാട്ടിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സീറോ മലബാര്‍ സഭയിലെ ആദ്യ സന്യാസ സമൂഹമായ സിഎംഐ സഭയുടെയും ഏതദ്ദേശീയ സന്യാസിനി സമൂഹമായ സിഎംസി സഭയുടെയും സ്ഥാപകനാണ്. ആലപ്പുഴ കൈനകരിയില്‍ 1805 ഫെബ്രുവരി പത്തിനു ജനിച്ച ചാവറയച്ചന്‍, 1829 നവംബര്‍ 29നു അര്‍ത്തുങ്കല്‍ പള്ളിയില്‍വച്ചു വൈദികപട്ടം സ്വീകരിച്ചു. 1831ല്‍ സിഎംഐ സഭയും 1866ല്‍ സിഎംസി സഭയും സ്ഥാപിക്കപ്പെട്ടു. 1871ല്‍ ജനുവരി മൂന്നിനു കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആശ്രമത്തില്‍ മരണം. സെന്റ് ഫിലോമിനാസ് പള്ളിയില്‍ സംസ്കരിച്ച ഭൌതികശരീരം 1889 മേയ് 24നു മാന്നാനത്തുള്ള സിഎംഐ മാതൃഭവനത്തിലേക്കു മാറ്റി സംസ്കരിച്ചു. 1953 നവംബര്‍ 26നു നാമകരണ നടപടികള്‍ ആരംഭിച്ചു. 1984 ഏപ്രില്‍ ഏഴിനു ധന്യനായി പ്രഖ്യാപിച്ചു. 1986 ഫെബ്രുവരി എട്ടിനു വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു കോട്ടയത്തുവച്ച് ഉയര്‍ത്തി. സിഎംസി സന്യാസിനി സഭയിലെ അംഗമായിരുന്ന വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ 1877 ഒക്ടോബര്‍ ഏഴിനു തൃശൂര്‍ കാട്ടൂരിലാണു ജനിച്ചത്. 1900 മേയ് 24നു സന്യാസവ്രതം സ്വീകരിച്ചു. ജീവിതത്തില്‍ പ്രാര്‍ഥനയ്ക്കായാണ് അമ്മ ജീവിതത്തില്‍ ഏറെ സമയവും ചെലവഴിച്ചത്. ഒല്ലൂര്‍ സെന്റ് മേരീസ് മഠത്തില്‍ 1913 മുതല്‍ 1916 വരെ മദര്‍ സുപ്പീരിയറായിരുന്നു. 1952 ഓഗസ്റ് 23നു നിര്യാതയായ എവുപ്രാസ്യാമ്മയെ 1987ല്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം ദൈവദാസിയായി പ്രഖ്യാപിച്ചു. 2002 ജൂലൈ അഞ്ചിനു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യ പദവിയിലേക്കുയര്‍ത്തി. 2006 ഡിസംബര്‍ മൂന്നിനു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണു എവുപ്രാസ്യാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, സിഎംഐ സഭ പ്രിയോര്‍ ജനറല്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍, സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റീഫന്‍ ആലത്തറ, സീറോ മലബാര്‍ സഭ വക്താവ് റവ.ഡോ. പോള്‍ തേലക്കാട്ട്, സിഎംസി സഭാ അസിസ്റന്റ് ജനറല്‍ സിസ്റര്‍ സിബി, ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ ലിയോണില, സിസ്റര്‍ ഡോ. ജോഫി, ഫാ. തോമസ് പന്തപ്ളാക്കല്‍ സിഎംഐ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്നവരുടെ മധ്യസ്ഥതയിലുണ്ടായ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ഫാ. ജോസ് പന്തപ്ളാംതൊട്ടിയിലും സിസ്റര്‍ സിബിയും വിശദീകരിച്ചു.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin