Saturday 19 April 2014

ദുഃഖവെള്ളി








 

ദുഃഖവെള്ളി 







മഹത്വത്തിന്റെ പാത / ഫാ. ഡാനി കപ്പൂച്ചിന്‍ (തില്ലേരി ആശ്രമം, കൊല്ലം)

സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള ദിവസമാണു ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തില്‍ കുതിര്‍ന്നു ഭൂമി അതിന്റെ ആദിനൈര്‍മല്യത്തിലേക്കു മടങ്ങുന്നു. ആദത്തില്‍ വന്നുപോയ അനുസരണക്കേടിന്റെ പിഴകള്‍ കാല്‍വരിക്കുരിശിലെ സമ്പൂര്‍ണ സമര്‍പ്പണത്തില്‍ പരിഹരിക്കപ്പെടുന്നു.

ഈ ദുഃഖവെള്ളി തന്നെയാണു മനുഷ്യകുലത്തിന്റെ ഉയിര്‍പ്പുഞായര്‍. ദുഃഖവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പുഞായറുണ്ട് എന്ന സന്ദേശമല്ല, ദുഃഖവെള്ളിയില്‍തന്നെയാണ് ഉയിര്‍പ്പ് ഞായര്‍ എന്നാണു ക്രിസ്തുവിന്റെ കുരിശുമരണം നമ്മോടു പറയുന്നത്. പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണെന്നല്ല, പരാജയങ്ങള്‍ തന്നെ വിജയമാകുന്നതിന്റെ രഹസ്യമാണു കുരിശ്.

ആ നസ്രായക്കാരന്‍ തച്ചന്റെ മകനെ ആള്‍ക്കൂട്ടം ദൈവപുത്രന്‍ എന്നു വിളിക്കുന്നു. അദ്ഭുതങ്ങള്‍ കാണിച്ച് അവന്‍ പലരെയും വിസ്മയിപ്പിക്കുന്നു. ഇനി ഇത് അവസാനിപ്പിക്കണം. ആരും പറയരുത് അവന്‍ ദൈവമാണെന്ന്. അതിനാണ് അവര്‍ അവനെ കുരിശില്‍ തറച്ചു കൊന്നത്. അവന്‍ മിഴിയടച്ചു തലചായ്ച്ചു കിടക്കുന്നു. ഒരദ്ഭുതവും ഇനി അവന്‍ പ്രവര്‍ത്തിക്കില്ല. ഇനി ആരും പറയില്ല അവന്‍ ദൈവപുത്രനാണെന്ന്. പക്ഷേ അപ്പോള്‍ കുരിശിന്‍ചുവട്ടില്‍ നിന്നൊരാള്‍ വിളിച്ചുപറഞ്ഞു, സത്യമായും ഇയാള്‍ ദൈവപുത്രനാണ്. ഇങ്ങനെ ആരും പറയാതിരിക്കാനല്ലേ ഇവനെ കുരിശില്‍ അയച്ചത്, എന്നിട്ടും എന്തേ ആള്‍ക്കൂട്ടം വിളിച്ചുപറയുന്നത്, ആ കുരിശില്‍ അവന്‍ ദൈവപുത്രന്‍തന്നെ.

അവന്‍ യഹൂദരുടെ രാജാവ് ആണെന്ന് അവകാശപ്പെടുന്നു. ഇനി ഒരിക്കലും അതുണ്ടാവരുത്. അതിനാണ് അവര്‍ അവനെ കുരിശില്‍ തറച്ചത്. നോക്കുക, അവന്‍ അധരമടച്ചു മിഴിപൂട്ടിക്കിടക്കുന്നു. ഇനി ഒന്നും മിണ്ടില്ലവന്‍.

അപ്പോള്‍ അതാ ഒരു പടയാളി കുരിശിനു മീതേ ഏണി ചാരിവച്ച് മുകളിലേക്കു കയറി. ക്രിസ്തുവിന്റെ ശിരസിനു മീതേ ഒരു ലിഖിതം സ്ഥാപിച്ചു. “”നസ്രായനായ യേശു യഹൂദരുടെ രാജാവ്.’’ ചിലര്‍ പിറുപിറുത്തു, “”ഇങ്ങനെ എഴുതാനല്ല, യഹൂദരുടെ രാജാവാണവനെന്ന് അവന്‍ സ്വയം പറഞ്ഞുവത്രേ, അതാണ് എഴുതേണ്ടത്.’’ പക്ഷേ ഇതുവരെയും ആലിലപോലെ വിറച്ചുകൊണ്ടിരുന്ന പീലാത്തോസിന്റെ മനസ് ദൈവനിയോഗത്താലെന്നപോലെ കഠിനമായി. അയാള്‍ പറഞ്ഞു, “”എഴുതിയത് എഴുതിയതുതന്നെ.’’ ഇനി ആരും രാജാവെന്നു വിളിക്കാതിരിക്കാനാണ് അവനെ കുരിശില്‍ തറച്ചത്. പക്ഷേ ചരിത്രമുള്ളിടത്തോളം കുരിശുകള്‍ വിളിച്ചുപറയുന്നു, അവന്‍തന്നെ രാജാവ്. അപരന്റെ മുഖത്തേക്കു നോക്കുക. സത്യമായും അവന്‍ ഒന്നും മിണ്ടുന്നില്ല. എങ്കിലവന്റെ ശിരസിനു മീതേ നോക്കുക. “”നസ്രായനായ യേശു യഹൂദരരുടെ രാജാവ്’’

പണ്േട മരിച്ചുകഴിഞ്ഞിരുന്നിട്ടും കുന്തംകൊണ്ടു കുത്തിയപ്പോള്‍ അവന്റെ നെഞ്ചില്‍നിന്നു ജീവന്റെ ചൂടുരക്തം ഒഴുകി. അവന്റെ മുഖത്തേക്കു നോക്കുക. സത്യമായും അവന്‍ മരിച്ചുകഴിഞ്ഞു. എങ്കിലവന്റെ നെഞ്ചിലേക്കു നോക്കുക, അവന്‍ മരിച്ചിട്ടില്ല. ഈ കുരിശില്‍ ആരാണു മരിച്ചത്? അവന്‍ ഇപ്പോഴും ജീവിക്കുന്നു, യഹൂദരുടെ രാജാവായി... ദൈവപുത്രനായി. അവന്‍ മിഴിയടച്ചപ്പോള്‍ പ്രപഞ്ചം ഇരുണ്ടു. ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ പഠിപ്പിച്ചതിന് അവര്‍ അവനെ കുരിശില്‍ തറച്ചു.

കുരിശില്‍ മരിച്ചപ്പോള്‍ ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി. ദൈവവും മനുഷ്യനും മുഖത്തോടു മുഖം നോക്കി പാപത്തിന്റെയും ശിക്ഷയുടെയും കുരിശ് രക്ഷയുടെയും വിശുദ്ധിയുടെയും കുരിശായി മാറി. കുരിശില്‍ മരിച്ചുകിടക്കുന്ന ക്രിസ്തുവിന്റെ മുന്നില്‍ മുട്ടുകുത്തി അവന്‍ പരാജയം സമ്മതിച്ചു.

നമ്മുടെ ദുഃഖവെള്ളികളിലും ഉയിര്‍പ്പ് കണ്െടത്താനുള്ള കൃപയാണു നമുക്കാവശ്യം. ആത്മാവ് നമ്മെ സ്പര്‍ശിക്കട്ടെ. ഉയിര്‍പ്പിന്റെ സ്പന്ദനങ്ങള്‍ ദുഃഖവെള്ളിയില്‍തന്നെ നാം ഏറ്റുവാങ്ങാന്‍ ഇടയാകട്ടെ.













No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin