Monday, 6 April 2015

വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ മാര്‍പാപ്പയുടെ ഈസ്‌റ്റര്‍ സന്ദേശം

mangalam malayalam online newspaperവത്തിക്കാന്‍സിറ്റി: പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും അടുത്തിടെയുണ്ടായ രക്‌തരൂക്ഷിത സംഭവങ്ങളില്‍ ആശങ്കയയുയര്‍ത്തി മാര്‍പാപ്പയുടെ ഈസ്‌റ്റര്‍ സന്ദേശം. സ്വന്തം തെറ്റുകള്‍ മനസിലാക്കി മറ്റുള്ളവര്‍ക്കും മാപ്പു നല്‍കാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നോട്ടുപോകണം.
ഇതിനായി ഈസ്‌റ്റര്‍ ദിന ചിന്തകള്‍ തുണയ്‌ക്കട്ടെയും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ മഴയെ അവഗണിച്ചു തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണു ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈസ്‌റ്റര്‍ ദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്‌. ലോകമെമ്പാടുനിന്നും നിരവധിപ്പേര്‍ സാക്ഷിയായി.
ലോകമെമ്പാടും വിശ്വാസികള്‍ക്കുനേരെ ഉയരുന്ന കടന്നുകയറ്റങ്ങളില്‍ ആശങ്കയുയര്‍ത്തിയ മാര്‍പാപ്പ, കെനിയന്‍ സര്‍വകലാശാലയില്‍ ഭീകരര്‍ നടത്തിയ ആക്രമത്തെയും അപലപിച്ചു. ഇറാനുമായുള്ള ആണവകരാര്‍ കൂടുതല്‍ സുരക്ഷയുടെ നാളുകളിലേക്കുള്ള പടിയാകട്ടെയെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
ജനങ്ങളുടെ ചോരകൊണ്ടാണ്‌ ആയുധക്കച്ചവടക്കാര്‍ പണമുണ്ടാക്കുന്നത്‌. ഇറാഖിയും സിറിയയിലും ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയയിലും തെക്കന്‍ സുഡാനിലും സുഡാനിലും കോംഗോയിലുമൊക്കെ ആയുധങ്ങള്‍ ഗര്‍ജിക്കുന്നു. ക്രിസ്‌ത്യാനികളായതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടിവന്ന കെനിയന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയവരെയും സന്ദേശത്തില്‍ അദ്ദേഹം അനുസ്‌മരിച്ചു. യുക്രൈനടക്കമുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ലെന്നും ഇവിടങ്ങളില്‍ സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ക്കു നന്ദിയും പറഞ്ഞു.
അലസതയിലും അലംഭാവത്തിലും മുഴുകി പിന്നോട്ടടിക്കാതെ സുരക്ഷിത സ്‌ഥാനങ്ങളിലെത്തണം. സത്യം, സൗന്ദര്യം, സ്‌നേഹം എന്നിവയ്‌ക്കായി എല്ലാവരും പരിശ്രമിക്കണം. വിശ്വാസത്തിനു വേണ്ടി ജീവിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തു.
വത്തിക്കാനിലെ ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. സഭയിലെത്തുന്ന മുതിര്‍ന്നവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കി.

 http://www.mangalam.com/print-edition/international/301933

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin