റോം: അൽ ക്വ ഇദയുടെ നിയന്ത്രണത്തിലുള്ള ഭീകരസംഘം അഞ്ചു വർഷം മുമ്പ് വത്തിക്കാനിൽ ചാവേറാക്രമണത്തിന് ആസൂത്രണം നടത്തിയതായി ഇറ്റാലിയൻ പൊലീസ് വെളിപ്പെടുത്തി. എന്നാൽ ആസൂത്രണം നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. 2009ൽ നൂറോളം പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാനിലെ സ്ഫോടനത്തിനു പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. പേഷവാറിലെ മാർക്കറ്റ് പരിസരത്താണ് സ്ഫോടനം നടന്നത്.
ഇറ്റാലിയൻ ദ്വീപായ സർഡീനിയയുടെ തലസ്ഥാനമായ കാഗ്ലിയറിയിൽ നടന്ന വിശദ്ദമായ അന്വേഷണത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംശയിക്കപ്പെടുന്ന പതിനെട്ട് ഇസ്ലാമിക തീവ്രവാദിവാദികൾക്കെതിരെ ഇതു സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവർക്കായി ഇറ്റലിയിലെ ഏഴോളം പ്രവിശ്യകളിൽ തിരച്ചിൽ ഊർജിതമാക്കി. ഇതുവരെയായി ഒമ്പതുപേർ അറസ്റ്റിലായതായി ഭീകര വിരുദ്ധ പൊലീസ് ഉദ്യോഗസ്ഥൻ മരിയോ കാർട്ട അറിയിച്ചു. ഏഴുപേർ പാകിസ്ഥാനിലാണെന്ന് സംശയിക്കുന്നു. 2005 മുതൽ സർഡീനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പാക്-അഫ്ഗാൻ പൗരന്മാരടങ്ങുന്ന തീവ്രവാദ ശൃംഖലയെയാണ് ഭീകര വിരുദ്ധ പൊലീസ് ലക്ഷ്യമിടുന്നത്.
ബെനഡിക്ട് പതിനാറാമൻ പോപ്പായിരുന്ന 2010ലാണ് ചാവേറാക്രമണം നടത്താനിരുന്നത്. വത്തിക്കാനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ചാവേറിൽ നിന്നാണ് തെളിവ് ലഭിച്ചത്. ഈ വർഷം തുടക്കത്തിൽ ഐസിസ് പുറത്തുവിട്ട ദൃശ്യത്തിൽ തെക്കൻ റോമിലെ തീവ്രവാദ സാന്നിദ്ധ്യം ഉറപ്പിക്കുന്നുണ്ട്. റോമിൽ ആക്രമണം നടക്കാനുള്ള സാധ്യതയും നഗരത്തിലേക്കുള്ള ചാവേറിന്റെ വരവും ഇതിൽ സൂചിപ്പിക്കുന്നു.
ഇറ്റാലിയൻ തീവ്രവാദസംഘത്തിന് അൽ ക്വ ഇദയുമായുമായുള്ള ശക്തമായ ബന്ധം ഒസാമ ബിൻ ലാദൻ ജീവിച്ചിരുന്ന കാലത്തെ താവളങ്ങളിൽ നിന്ന് വ്യക്തമാണ്. 2005-12 കാലയളവിലാണ് സംഘം പദ്ധതിക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായതോടെയാണ് ഇവർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി..
http://news.keralakaumudi.com/news.php?nid=c4d2a0a9715e324edf5ebb1df6cf9df2
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin