Thursday, 30 April 2015

 ക്രൈസ്തവ വിരുദ്ധ പരാമര്‍ശത്തില്‍ സിബിസിഐ പ്രതിഷേധിച്ചു

ബംഗളൂരു: അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് മുന്നകുമാര്‍ ശുക്ളയുടെ ക്രൈസ്തവവിരുദ്ധ പരാമര്‍ശത്തിനെതിരേ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രതിഷേധം രേഖപ്പെടുത്തി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഇന്നലെ സമാപിച്ച സിബിസിഐ സ്റാന്‍ഡിംഗ് കമ്മിറ്റി സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണു സിബിസിഐ വിഷയത്തില്‍ പ്രതിഷേധവും നടുക്കവും അറിയിച്ചത്. ശുക്ളയുടെ പ്രകോപനപരവും പ്രതിഷേധാര്‍ഹവുമായ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരേ ആക്രമണം നടത്തുന്നതു നിയമവിരുദ്ധമല്ലെന്നും ദേവാലയങ്ങള്‍ പ്രാര്‍ഥനാലയങ്ങളേക്കാളുപരി ഹൈന്ദവരെ ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യുന്ന ഫാക്ടറികളാണെന്നുമാണു മുന്നകുമാര്‍ ശുക്ള പ്രസ്താവിച്ചത്. ദേവാലയങ്ങള്‍ ആക്രമിക്കുന്ന യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമീപകാലത്തു ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ രാജ്യത്തു വര്‍ധിച്ചതായും സിബിസിഐ ചൂണ്ടിക്കാട്ടി. സമാധാനപ്രേമികളും നിയമപാലകരുമായ ക്രൈസ്തവസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇവയെന്നും ആക്രമണങ്ങളെന്നും ക്രൈസ്തവര്‍ക്കെതിരായ ഇത്തരം അക്രമങ്ങളും വിവാദപ്രസ്താവനകളും അവസാനിപ്പിച്ചു സാമൂഹ്യ ഐക്യം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സിബിസിഐ അഭ്യര്‍ഥിച്ചു.

 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin