Friday 12 August 2016

പാരീസിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന് ലൂര്‍ദില്‍ കര്‍ശന സുരക്ഷ

സ്വന്തം ലേഖകന്‍ 11-08-2016 - Thursday
ലൂര്‍ദ്: പാരീസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകാരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 15-ാം തീയതി നടക്കുവാനിരിക്കുന്ന സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലൂര്‍ദ്ദില്‍ സുരക്ഷ വര്‍ധിപ്പിച്ചു. തിരുനാള്‍ ദിനത്തില്‍ കാല്‍ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയും പ്രദിക്ഷണവും, ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കര്‍ശന സുരക്ഷയൊരുക്കി നടത്തുവാന്‍ പിന്നീട് തീരുമാനിച്ചിട്ടുണ്ട്. 

ഫ്രഞ്ച് സ്വാതന്ത്ര്യദിനത്തില്‍ 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തിന് രണ്ടാഴ്ച തികയും മുന്‍പ് പാരീസിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കത്തോലിക്ക പുരോഹിതനായ ഫാദര്‍ ജ്വാക്വസ് ഹാമലിനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലൂര്‍ദില്‍ കര്‍ശന സുരക്ഷ ഒരുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രവേശന കവാടങ്ങളിലെല്ലാം തന്നെ പ്രത്യേക നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. ഇതിനായി 250-ല്‍ അധികം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പോലീസും സൈന്യവും പരിശോധനകള്‍ക്കായി പ്രദേശത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തിരുനാള്‍ കഴിഞ്ഞ് രണ്ടാഴ്ച വരെയുള്ള സമയങ്ങളിലും പോലീസ് ഇവിടെ തന്നെ ക്യാമ്പ് ചെയ്യും. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

"ദേവാലയത്തിലേക്ക് വരുന്ന എല്ലാവരേയും പ്രവേശന കവാടങ്ങളില്‍ പ്രത്യേകം പരിശോധിക്കും. കൈയില്‍ കരുതിയിരിക്കുന്ന ബാഗുകളും മറ്റും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ തവണയും നഗരത്തിന്റെ മധ്യത്തില്‍ നിന്നും ആരംഭിക്കുന്ന തിരുനാള്‍ പ്രദിക്ഷിണം ഇത്തവണ ദേവാലയത്തിന്റെ പരിസരത്തു നിന്നുമാണ് തുടങ്ങുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തിലേക്ക് എത്തിപ്പെടുവാനും പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികള്‍ക്കും അവകാശമുണ്ട്. ഇതിനെ തടസപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടാകുകയില്ല. പക്ഷേ ക്ലേശകരമായ പല സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധനകള്‍ കാണുമെന്നു മാത്രം". പെറീനീസ് മേഖലയുടെ വികാരിയായിരിക്കുന്ന ബിയാട്രീസ് ലഗാര്‍ഡി യൂറോപ്പ് വണ്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ലൂര്‍ദില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സഹായം നല്കാന്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മിഖായേല്‍ മോറന്‍ നിലവിലെ സംഭവങ്ങള്‍ വിഷമം ഉളവാക്കുന്നതാണെന്ന് പ്രതികരിച്ചു. 'ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുന്ന ലൂര്‍ദിലെ പള്ളിയും പരിസരവും കാണുമ്പോള്‍ സങ്കടമുണ്ട്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. നീസില്‍ തീവ്രവാദി ആക്രമണം നടന്നപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഭീകരമായ അത്തരം ആക്രമണങ്ങള്‍ തടയുവാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം സാധിക്കട്ടെ. സാത്താന്റെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ദൈവം നമ്മെ കാത്തു സംരക്ഷിക്കട്ടെ'. ഡോക്ടര്‍ മിഖായേല്‍ മോറന്‍ പറഞ്ഞു. 
http://pravachakasabdam.com/index.php/site/news/2201

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin