Wednesday 26 August 2015

'രൂപത നമ്മുടെ വീട്'
എന്റെ നാക്ക് കരിനാക്കായതാണോ, അതോ ഏതെങ്കിലും മുൻ എ കെ സി സി ക്കാരന്റെ പ്രാക്ക് കിട്ടിയതാണോന്നറിയില്ല, എ കെ സി സി ക്ക് ഈ ദുർഗ്ഗതി ഉണ്ടായത്. അങ്കമാലിയിൽ മോചനയാത്രയുടെ അവസാനം തടിച്ചു കൂടിയത് ആയിരത്തോളം പേരായിരുന്നു എന്നാണു കേട്ടത്. ഫെയിസ് ബുക്കിൽ കണ്ടത് 'ഫയങ്കരം!' എന്നാണ്. പണമിടപാടുകൾ തീർക്കാൻ എത്തിയവരും, ഈവന്റ് ഓർഗനൈസർമാരും അവരുടെ പണിക്കാരും, സമ്മാനം മേടിക്കാൻ എത്തിയവരും, മൈക്ക് സെറ്റുകാരും, സ്റ്റേജിൽ ഇരിക്കാൻ എത്തിയവരും അവരുടെ ഡ്രൈവർമാരും, വോളണ്ടിയർമാരും, പത്രക്കാരും ഒഴിച്ചാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ വളരെ കുറവ്. ഇനി മേൽ എ കെ സി സി സമ്മേളനങ്ങളിൽ സ്റ്റേജിൽ ഇരിക്കുന്ന ഓരോരുത്തരും പത്തു പേരെ വീതം കൊണ്ടുവന്നിരിക്കണം എന്നു നിബന്ധന വെയ്ക്കുക. കെ സി ആർ എം കാർ എറണാകുളത്തു നടത്തിയ മുൻ വൈദിക/കന്യാസ്ത്രി മാരുടെ സമ്മേളനത്തിൽ വന്നു പോയവരുടെ സംഖ്യ ഇതിന്റെ മൂന്നിരട്ടിവരും. ഇതെങ്ങനെ സംഭവിച്ചുവെന്നു ഞാനെന്റെ കർത്താവിനോട് ചോദിച്ചു; ഞെട്ടിക്കുന്ന ചില ദർശനങ്ങളാണ് എനിക്കുണ്ടായത്. സിംഹത്തിന്റെ തലയുള്ള കലപ്പയേന്തിയ ഏതാനും പേർ ചാട്ടകളുമായി ഒരു കാറിന്റെ പിന്നാലെ ഓടുന്നതു ഞാൻ കണ്ടൂ. അവർക്കു പിന്നിൽ രണ്ട് ഓക്സിലിയറി രഥങ്ങളും കണ്ടു. എനിക്കൊന്നും മനസ്സിലായില്ല. താമസിയാതെ എല്ലാവർക്കും എന്തെങ്കിലുമൊക്കെ മനസിലാകാതെ പോവില്ല. 'സീറോ മലബാർ സഭയുടെ ശബ്ദം കത്തോലിക്കാ കോൺഗ്രസ്സ്' എന്നു ബാനറിൽ എഴുതി വെച്ചിട്ട്, അമരത്തു ഭൂതങ്ങളേപ്പോലെ മെത്രാന്മാർ ഇരുന്നാൽ ഇങ്ങനെയിരിക്കും. എങ്കിലും, എ കെ സി സിയും കത്തോലിക്കാ സഭയും അറ്റുപോകുമെന്നാരും ആശിക്കേണ്ടാ. ആഫ്രിക്കൻ പായലുപോലെ, എത്ര വാരിയാലും മനുഷ്യർക്കു ശല്യമായി അതവിടെത്തന്നെ കാണൂം. ഓർക്കുമ്പോൾ സങ്കടം വരും, മോചനയാത്ര തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്ന റബറിന്റെ വിലയും ഇപ്പോഴത്തേതും തട്ടിച്ചു നോക്കിയാൽ! 

മിക്ക രൂപതകളും തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ സങ്കടങ്ങൾ കേട്ട് മിക്ക മെത്രാന്മാരുടേയും മനസ്സു കണ്ടമാനം അലിയുന്നു; തിരുവനന്തപുരംകാർക്കു മുക്കുവരുടെ കണ്ണുനീർ വലകൊണ്ടുതന്നെ തുടക്കണം, ചങ്ങനാശ്ശേരിക്കാർ ദളിതരുടെ കഷ്ടപ്പാടുകൾ തീർക്കാൻ നീതി ഞായറുമായി കോട്ടയത്ത് (ഹോ! ദളിതർ രക്ഷപ്പെട്ടു), ഇൻഫാമുമായി കാഞ്ഞിരപ്പള്ളി, പെരിയ ദൈവശാസ്ത്രജ്ഞനായ പാലാ പിതാവിന്റെ അനുഗ്രഹത്തോടെ മതശാന്തി യാത്ര പാലായിൽ (അൾത്താര മുതൽ മദ്ബഹാ വരെ എന്നു പറഞ്ഞു കളിയാക്കണ്ട, ഇതു ബിഷപ്പ് ഹൗസ് മുതൽ ഷാലോം ഹൗസ് വരെയുള്ള ഒരു ബൈക്ക് ഷോ ആയിരുന്നു). ബൈക്കുകൾ കടന്നുപോയ വഴിയരുകിൽ ഉണ്ടായിരുന്നവരെല്ലാം മതമൈത്രി ടാറിട്ട വഴികളിൽ നടപ്പാക്കാൻ തീരുമാനിച്ചതായും കേട്ടു. ആലപ്പുഴ രൂപത ഓട്ടോ റിക്ഷാക്കാരുടെ പിന്നാലെ, എടത്വായിൽ തെരുവു നാടകം, ഒരു കൊച്ചുപുര പൊളിക്കാൻ കാക്കനാട്ടുകാർ ഒന്നടങ്കം.... അങ്ങിനെ പോകുന്നു. ചെകുത്താനു വിശ്വാസികളെ തട്ടിക്കൊണ്ടു പോകാൻ നല്ല അവസരം; വിശ്വാസികളെ നോക്കാൻ ആരുമില്ലല്ലോ! ഇപ്പോ 'ദീപിക നമ്മുടെ ഭാഷ' പദ്ധതി കത്തോലിക്കാ സ്കൂളുകളിലെല്ലാം നടപ്പാക്കുന്നുണ്ട്. എങ്ങനെയെങ്കിലും പത്രം തുടരണമല്ലൊ. അധികം താമസിയാതെ 'രൂപത നമ്മുടെ വീട്' എന്ന പേരിൽ എല്ലാ പള്ളികളിലും ഇതുപോലൊരു പദ്ധതി നടപ്പാകാൻ ഇടയുണ്ട്. ഏകെസിസിയുടെ കാര്യത്തിലാണെങ്കിൽ ഒരു തിടനാടു മോഡലും പ്രതീക്ഷിക്കാം. ആദ്യം ദൈവം സൂചനൾ തരും, വിവരമുള്ളവർ അതിന്റെ അർത്ഥം മനസ്സിലാക്കും, ഈജിപ്തിലെ ഫറവോനേപ്പോലെ.

അബുദാബിയിൽ ക്ഷേത്രം പണിയാൻ ഒരു മുസ്ലീം അഞ്ചേക്കർ സ്ഥലം  സംഭാവന ചെയ്തു. സുൽത്താനാണേൽ ക്ഷേത്രം പണിയാൻ മോഡിക്കനുമതിയും കൊടുത്തു. കേരള കത്തോലിക്കർ മതമൈത്രിയുടെ വക്താക്കളാണെന്നു കാണിച്ചു കൊടുത്തിട്ടും അവരെന്താ നമുക്കൊരു രൂപതക്കുള്ള സൗകര്യം തരാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. താനെയിൽ (മുംബെക്കടുത്ത്) ഒരു പള്ളിയിൽ നടന്നതു പി റ്റി എ മീറ്റിങ്ങ്. പതിവു ഗോഗ്വാ വിളികളും, മൊബൈൽ ഫോൺ വിളികളും, സിഗററ്റ് വലിയും എല്ലാം മംഗളമായി ഒരു നാലു മണിക്കൂർ നടന്നു കഴിഞ്ഞപ്പോഴാണ് വിശ്വാസികൾ ഇടപെട്ടത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ പൊതു ചർച്ചയും മുറക്കു നടക്കുന്നു. വിദേശങ്ങളിൽ നമ്മുടെ സ്വന്തം പള്ളികൾ അകത്തോലിക്കർക്കു പോലും നാമിപ്പോൾ വാടകക്കു കൊടുക്കുന്നു. ഒരു കത്തിദ്രൽപള്ളിക്കു വാടക 1000 ഡോളർ. അതു പണിത അത്മായനും പള്ളി ഉപയോഗിക്കണമെങ്കിൽ എന്തെങ്കിലും കൊടുക്കേണ്ടി വരും. പള്ളിക്കെന്തു കിട്ടിയാലും പത്തു ശതമാനം രൂപതക്കാണല്ലൊ! ഒരു കത്തോലിക്കാ പള്ളി വന്നാൽ അതു ഭൂമിക്കു പുണ്യമാണെന്നുള്ള സങ്കൽപ്പം പിന്നെങ്ങിനെ മറ്റുള്ളവർക്കുണ്ടാകും? നമുക്കെന്താ പരമ പവിത്രമായിട്ടുള്ളതെന്നു ചോദിച്ചാൽ മറുപടിയില്ല. ഇപ്പോ കാണുന്ന പള്ളി തന്നെ എപ്പോ പോയെന്നു ചോദിച്ചാൽ മതി. പള്ളി മാറുമ്പോൾ രൂപങ്ങളും മാറും. ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി ഇടവക പവ്വത്തു ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച്, ഇയ്യിടെ 85 പൂർത്തിയാക്കിയ പി ജെ ജോസഫ് എന്ന പിതാവിന്റെ കാലം വരെയേ താമരക്കുരിശിനും ഗാരന്റിയുള്ളൂ. 

അരുവിക്കരെ അടിയൊഴുക്കുകൾ കാണാൻ പറ്റിയില്ലെന്നു കമ്മ്യുണിസ്റ്റുകാർ പറഞ്ഞു. അടിയൊഴുക്കു കാണാൻ കുനിഞ്ഞു നോക്കണം; ഇതു കേട്ടതേ ഉത്തരവാദിത്വപ്പെട്ട പലരും കുനിഞ്ഞു നോക്കാൻ തുടങ്ങിക്കഴിഞ്ഞു. ആർക്കു വേണേലും ഞാനൊരുപകാരം ചെയ്യാം, അടിയൊഴുക്കു കണ്ടുപിടിക്കുന്ന ഒരാപ്പുണ്ടാക്കിത്തരാം. ഒരാപ്പും ഇല്ലാതെ കാര്യങ്ങൾ കാണാൻ ശേഷിയുള്ള മാർ വിജാഗിരിമാർ ധാരാളം നമുക്കുണ്ടന്നു ഞാൻ മറക്കുന്നില്ല. ഇപ്പോ എല്ലായിടത്തും മാതൃകാ മോഡലുകളാണ്: മാതൃകാ കൃഷിത്തോട്ടം, മാതൃകാ പോലീസ് സ്റ്റേഷൻ, മാതൃകാ ദമ്പതികൾ, മാതൃകാ വിദ്യാലയം, മാതൃകാ അദ്ധ്യാപകൻ, മാതൃകാ പോസ്റ്റ് ഓഫീസ് എന്നിങ്ങനെ. കാഞ്ഞിരപ്പള്ളി രൂപതയിലെ കോരുത്തോട്ടിൽ മാതൃകാ ഷാപ്പും പ്രവർത്തിക്കുന്നു (ഈ ഷാപ്പിനു പക്ഷേ രൂപതയുമായി ഒരു ബന്ധവുമില്ല). രൂപതാടിസ്ഥാനത്തിൽ ഒരു മാതൃകാ പള്ളി ഒരനുഭവമായിരിക്കും. ഞങ്ങളുടെ കാഞ്ഞിരപ്പള്ളിയിൽ അത്തരം പള്ളികൾ ധാരാളം ഉണ്ട്. അടുത്ത കാലത്ത്, അതിലൊരെണ്ണത്തിൽ ജോലി ചെയ്ത ഒരു കൊച്ചച്ചൻ ആറുമാസം കഴിഞ്ഞപ്പോൾ സ്ഥലം മാറി. ആപ്പില്ലാതെ അടിയൊഴുക്കുകൾ കാണാൻ ശേഷിയുള്ള അവിടുത്തെ മാതൃകാ വികാരിയച്ചൻ ഇടവകക്കാരോടു പറഞ്ഞു, കൊച്ചച്ചനു ചേരുന്ന ഒരു സമ്മാനം കൊടുത്തു മാതൃകയാകണമെന്ന്. അദ്ദേഹം മുന്നോട്ടു വെച്ച മൂന്ന് ഓപ്ഷനുകൾ, ഡാഷ് 1, ഡാഷ് 2, മാരുതി കാർ എന്നിവയായിരുന്നു. ഡാഷ് ഒന്ന് രണ്ട് എന്നീ സാധനങ്ങൾ എവിടെ കിട്ടും എന്നറിയാതിരുന്നതുകൊണ്ട്, ഇടവകക്കാർ പിരിവെടുത്തു കാർ തന്നെ വാങ്ങി. പുറമേ ചിരിച്ചുകൊണ്ടാണ് താക്കോൽ കൊടുത്തതെന്നു പറയാതെ വയ്യ. ഏതായാലും, ഈ നിർദ്ദേശം വെച്ച വികാരിയച്ചന് ഇപ്പോൾ ളോഹയില്ല.


ഇന്ത്യാ ഗവണ്മെന്റിന്റെ  കണക്കനുസരിച്ചു ഭാരതത്തിൽ 4'00'000 പിച്ചക്കാരുണ്ട്, ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ. ന്യു ജനറേഷൻ തെണ്ടികളേയും, പള്ളിയിരക്കലുകാരെയും പരിഗണിച്ചിരുന്നെങ്കിൽ കേരളം അവിടേയും റ്റോപ്പിൽ നിന്നേനെ. 

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin