ഭീകരതയുടെ തിന്മയ്ക്കെതിരെ സ്നേഹത്തിന്റെ ആയുധം ഉപയോഗിച്ചു പടപൊരുതണമെന്നു മാർപാപ്പ
Sunday 27 March 2016 09:36 PM IST
വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ഈസ്റ്റർദിന സന്ദേശം നൽകുന്ന ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഈസ്റ്റർ ദിനത്തിൽ കനത്ത സുരക്ഷാവലയത്തിൽ ദിവ്യബലി അർപ്പിച്ചു. ചിട്ടയോടെ കാത്തുനിന്ന് ആയിരക്കണക്കിനു പേർ ദിവ്യബലിയിൽ പങ്കാളികളായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാർപാപ്പ രണ്ടുവട്ടം ആഗോളഭീകരതയെ ശക്തമായി അപലപിച്ചതിനാൽ തിരിച്ചടിയുണ്ടായേക്കാമെന്ന ഭീഷണിയുടെ നിഴലിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഭീകരതയുടെ തിന്മയ്ക്കെതിരെ സ്നേഹത്തിന്റെ ആയുധം ഉപയോഗിച്ചു പടപൊരുതാൻ മാർപാപ്പ ഈസ്റ്റർ ദിനത്തിൽ ആഹ്വാനം ചെയ്തു. അന്ധമായ ഭീകരാക്രമണങ്ങൾക്ക് ഇരയായവരെ മാർപാപ്പ അനുസ്മരിച്ചു. അഭയാർഥികളെ തള്ളിക്കളയുന്നതിനെയും മാർപാപ്പ അപലപിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രവേശിക്കാൻ കർശനപരിശോധനയ്ക്കു വിധേയരാകാൻ ആയിരങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുന്നതു രാവിലെമുതൽ കാണാമായിരുന്നു.
ഉച്ചയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ നിന്നു മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകി. യേശു മരണത്തെയും പാപത്തെയും ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തിന്മയുടെ ശക്തികളെ സ്നേഹായുധംകൊണ്ടു ജയിക്കാൻ കഴിയുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇതിനിടെ, വിശുദ്ധനാട്ടിലും ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ജറുസലമിൽ യേശുവിന്റെ കബറിടം സ്ഥിതിചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു പണിചെയ്തിരിക്കുന്ന ക്രിസ്തീയ ദേവാലയത്തിൽ ആരാധകരുടെ വൻതിരക്ക് അനുഭവപ്പെട്ടു. യേശു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ നടന്നു.
http://www.manoramaonline.com/news/world/in-pope-on-easter-revised.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin