Wednesday, 2 March 2016

രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പ്രതികളെ മോചിപ്പിക്കാൻ തയാറാണെന്ന് അറിയിച്ച് തമിഴ്നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തമിഴ്നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്.
ജയിലിൽ 24 വർഷം പിന്നിട്ട പേരറിവാളൻ, മുരുകൻ, ശാന്തൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വെല്ലൂർ ജയിലിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സർക്കാറിൻെറ നീക്കം. നേരത്തെയും തമിഴ്നാട് രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് നടക്കാതെ പോവുകയായിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ വിചാരണകോടതി എല്ലാ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരളിവാളൻ എന്നിവർക്ക് വധശിക്ഷയും ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തവും വിധിച്ചു. എന്നാൽ നളിനിയുടെ ഇളവിനുള്ള അപേക്ഷകൾക്കൊടുവിൽ ശിക്ഷ ജീവപര്യന്തമായി കുറക്കാൻ തമിഴ്നാട് ഗവർണർ തീരുമാനിക്കുകയായിരുന്നു.

1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

http://madhyamam.com/national/2016/mar/02/181678


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin